
മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷവും ആവേശവും പങ്കുവെച്ച് തെന്നിന്ത്യൻ നടി ഭാഗ്യശ്രീ ബോർസെ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘ഓപ്പറേഷൻ ഗംഗ’യുടെ ജോർജിയയിലെ ചിത്രീകരണത്തിനിടെ മോഹൻലാലിനൊപ്പമെടുത്ത ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം തന്റെ അനുഭവം വെളിപ്പെടുത്തിയത്.
മോഹൻലാലിനെ ‘സർ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ഭാഗ്യശ്രീ ഇൻസ്റ്റാഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. “താങ്കൾക്കൊപ്പം ഒരു സഹഅഭിനേതാവായി നിൽക്കാൻ സാധിച്ചത് വലിയൊരു അനുഗ്രഹമാണ്. ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും താങ്കളുടെ കണ്ണുകളിലൂടെ സിനിമയെ കാണാനും അതിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊള്ളാനും സാധിക്കുന്നുണ്ട്. നിങ്ങൾ ഒരു യഥാർഥ പ്രതിഭയാണ്,” എന്ന് ഭാഗ്യശ്രീ കുറിച്ചു. സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ ഈ ചിത്രത്തിന് താഴെ ലാലേട്ടന്റെ അഭിനയ മികവിനെയും ലളിതമായ പെരുമാറ്റത്തെയും പ്രശംസിച്ച് നിരവധി ആരാധകരും കമന്റുകളുമായി രംഗത്തെത്തിയിട്ടുണ്ട്.
ഉക്രെയ്ൻ- റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സർക്കാർ നടത്തിയ ചരിത്രപ്രധാനമായ രക്ഷാദൗത്യത്തെ ആസ്പദമാക്കിയാണ് ‘ഓപ്പറേഷൻ ഗംഗ’ ഒരുങ്ങുന്നത്. ബോളിവുഡ് താരം അർജുൻ രാംപാൽ, തമിഴ് നടനും സംവിധായകനുമായ പാർഥിപൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം പോളണ്ട്, ജോർജിയ, കസഖ്സ്ഥാൻ, ഡൽഹി, ഡെഹ്‌റാഡൂൺ, കൊച്ചി എന്നിവിടങ്ങളിലായി 180 ദിവസത്തെ കൂറ്റൻ ഷെഡ്യൂളിലാണ് പൂർത്തിയാകുന്നത്.
വൻ സാങ്കേതിക നിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ‘പുഷ്പ’യിലൂടെ ശ്രദ്ധേയനായ മിറോസ്ലാവ് കുബാ ബ്രൊസേക് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ‘ധുരന്ദർ’ എന്ന ചിത്രത്തിന് ശേഷം ശാശ്വത് സച്ച്‌ദേവ് സംഗീതമൊരുക്കുന്നു. ‘കിൽ’, ‘ധുരന്ദർ’ എന്നീ ചിത്രങ്ങളുടെ പ്രശസ്ത ആക്ഷൻ ഡയറക്ടർ സീ യങ് ഓ ആണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ ക്രമീകരിക്കുന്നത്. ബോളിവുഡിലെ മുന്നണി സാങ്കേതിക വിദഗ്ധരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.