
ബോളിവുഡ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അജയ് ദേവ്ഗൺ ചിത്രം ‘ദൃശ്യം 3’ മലയാളത്തിലെ മോഹൻലാൽ ചിത്രത്തിൽ നിന്ന് തികച്ചും വ്യത്യസ്തമായ പ്രമേയവുമായാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്. ഈ ചിത്രത്തോടെ ഹിന്ദിയിലെ ‘ദൃശ്യം’ ഫ്രാഞ്ചൈസി പൂർണ്ണമായും അവസാനിപ്പിക്കുകയാണെന്നും FICCI ഫ്രെയിംസിൽ നടന്ന ചർച്ചയ്ക്കിടെ നടൻ അജയ് ദേവ്ഗൺ വ്യക്തമാക്കി.
കഥാഗതിയിൽ പൂർണ്ണമായും മാറ്റം വരുത്തിയതിനാൽ ചിത്രം ആദ്യം മോഹൻലാലിനെ കാണിക്കാനും അദ്ദേഹത്തിന്റെ ആശംസകൾ തേടാനും താൻ ആഗ്രഹിച്ചിരുന്നതായി അജയ് ദേവ്ഗൺ പറഞ്ഞു. എന്നാൽ നിലവിൽ അവധിക്കാല ആഘോഷത്തിലായതിനാൽ മോഹൻലാലിന് ചിത്രം കാണാൻ സാധിച്ചിട്ടില്ല. എങ്കിലും അദ്ദേഹം താനുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ഉടൻ തന്നെ ചിത്രം കാണുമെന്നും അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു.
പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തിരിവുകളും ട്വിസ്റ്റുകളുമുള്ള ഒരു തിരക്കഥ കണ്ടെത്തുക എന്നത് ഏറെ പ്രയാസകരമായിരുന്നു. നാലോളം തിരക്കഥകൾ നിരസിച്ച ശേഷമാണ് അണിയറപ്രവർത്തകർ അന്തിമ രൂപരേഖയിലെത്തിയത്. മുൻഭാഗത്തേക്കാൾ മികച്ച രീതിയിലാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഫ്രാഞ്ചൈസിക്ക് അർഹമായ മികച്ചൊരു സമാപനം നൽകാനാണ് ഇത്തരമൊരു കഥാതീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ ലാൽ സാറിനെ വിളിച്ചു, അദ്ദേഹം ഈ ചിത്രം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. നിർമാതാവ് അലോക് ജെയിൻ പറഞ്ഞതുപോലെ അവർ മികച്ച ജോലി ചെയ്യുന്നു. ഇത്തവണ ഞങ്ങൾ പൂർണ്ണമായും വഴിമാറിനടക്കുകയാണ്. അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം, മോഹൻലാലിന്റെ ഭാഗത്തുനിന്നുള്ള ഒരു അനുമതി നല്ലതായിരിക്കുമെന്ന് ഞാൻ കരുതി. ഞാൻ അദ്ദേഹത്തിനെ ഈ ചിത്രം കാണിക്കാൻ ആഗ്രഹിച്ചു. പക്ഷേ അദ്ദേഹം അവധിയാഘോഷിക്കുകയാണ്. അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നത് വളരെ സന്തോഷകരമാണ്. ലാൽ സാർ ഉടൻ തന്നെ ചിത്രം കാണുമെന്നാണ് ഞാൻ കരുതുന്നത്.” അജയ് ദേവ്ഗണിന്റെ വാക്കുകൾ.
‘ദൃശ്യം’ പരമ്പരയ്ക്ക് ചേരുന്ന രീതിയിൽ ഒരു തിരക്കഥ തയാറാക്കുന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും, അതിനാൽ മികച്ച രീതിയിൽ തന്നെ ഫ്രാഞ്ചൈസി അവസാനിപ്പിക്കാനാണ് തങ്ങൾ തീരുമാനിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. എഴുത്തുകാരും സംവിധായകരും നാല് തിരക്കഥകൾ നിരസിച്ച ശേഷമാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന തിരിവുകളും ട്വിസ്റ്റുകളുമുള്ള അന്തിമ തിരക്കഥയിലേക്ക് എത്തിയത്. ചിത്രം ‘ദൃശ്യം 2’നേക്കാൾ മികച്ചതാണെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം.” അജയ് ദേവ്ഗൺ കൂട്ടിച്ചേർത്തു.
വിജയ് സാൽഗോങ്കർ എന്ന കഥാപാത്രമായി അജയ് ദേവ്ഗൺ വീണ്ടും എത്തുമ്പോൾ ശ്രീയ ശരൺ, തബു, ഇഷിത ദത്ത, രജത് കപൂർ എന്നിവരും പഴയ വേഷങ്ങളിൽ തിരിച്ചെത്തുന്നുണ്ട്. ജയ്ദീപ് അഹ്‌ലാവത്, പ്രകാശ് രാജ് എന്നിവരാണ് താരനിരയിലെ പുതിയ ആകർഷണം. സ്റ്റാർ സ്റ്റുഡിയോ 18 അവതരിപ്പിക്കുന്ന ചിത്രം അലോക് ജെയിൻ, അജിത് അന്ധാരെ, കുമാർ മംഗത് പഥക്, അഭിഷേക് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം ഒക്ടോബർ രണ്ടിന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.