
സിനിമയിലെ ദുരനുഭവങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിൽ നേരിട്ട കടുത്ത പ്രണയത്തകർച്ചകളെക്കുറിച്ചും തുറന്നുപറഞ്ഞ് ടെലിവിഷൻ താരം റെയ്ജൻ രാജൻ. ‘ആത്മസഖി’ എന്ന ജനപ്രിയ പരമ്പരയിലെ പോലീസ് ഓഫീസറുടെ വേഷത്തിലൂടെ സീരിയൽ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരം, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലാണ് താൻ കടന്നുപോയ പ്രതിസന്ധികളെക്കുറിച്ച് വെളിപ്പെടുത്തിയത്.
സെയിൽസ് എക്സിക്യൂട്ടീവായും റിസപ്ഷനിസ്റ്റായും ജോലി ചെയ്യുന്നതിനിടെയാണ് റെയ്ജൻ ചെറിയ പരസ്യങ്ങളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമ ലക്ഷ്യമാക്കി നിരവധി ഓഡീഷനുകളിൽ പങ്കെടുത്തുവെങ്കിലും കടുത്ത ചൂഷണങ്ങളും സാമ്പത്തിക നഷ്ടങ്ങളുമാണ് നേരിടേണ്ടി വന്നത്. ചില പ്രോജക്റ്റുകളുടെ കൂടെ ഏറെനാൾ നിന്നെങ്കിലും അവർ തന്നെ ഉപയോഗിക്കുകയാണെന്ന് പിന്നീട് മനസ്സിലായി. തുടർന്ന്, ഒരു സംവിധായകനിൽ നിന്ന് ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്താൻ പോലും കഴിയാത്ത തരത്തിലുള്ള അനാവശ്യ ആവശ്യങ്ങൾ നേരിടേണ്ടി വന്നതോടെയാണ് സിനിമ എന്ന ആഗ്രഹം ഉപേക്ഷിച്ച് ടെലിവിഷൻ പരമ്പരകളിലേക്ക് പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് താരം വ്യക്തമാക്കി.
സിനിമയിലെ തിരിച്ചടികൾക്ക് പുറമെ വ്യക്തിജീവിതത്തിലും വലിയ മാനസിക വിഷമങ്ങളിലൂടെ റെയ്ജന് കടന്നുപോകേണ്ടി വന്നിട്ടുണ്ട്. മുൻപുണ്ടായ രണ്ട് പ്രണയബന്ധങ്ങളും കടുത്ത ചതിയിലാണ് അവസാനിച്ചത്. ആദ്യ പ്രണയം തകർന്നതിനെ തുടർന്ന് ഒന്നര വർഷത്തോളം കടുത്ത വിഷാദരോഗത്തിന് ഇരയായി. തന്നെ വെറുമൊരു താൽക്കാലിക ആശ്വാസമായി മാത്രം കണ്ട്, മറ്റൊരാളെ വിവാഹം കഴിക്കാൻ കാമുകി തീരുമാനിച്ചപ്പോൾ മാനസികമായി തകർന്നുപോയി. ആ സമയത്ത് ആരെയും കാണാനോ സംസാരിക്കാനോ താല്പര്യമില്ലാതെ വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിക്കൂടുകയായിരുന്നു. തുടർന്നുണ്ടായ രണ്ടാമത്തെ പ്രണയം സാമ്പത്തിക പശ്ചാത്തലത്തിന്റെയും സർക്കാർ ജോലിയില്ലാത്തതിന്റെയും പേരിൽ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തതോടെയാണ് അവസാനിച്ചത്.
റെയ്ജൻ രാജന്റെ വാക്കുകൾ;
ചെറിയ പരസ്യങ്ങളും ഷോർട്ട് ഫിലിമുകളും ചെയ്യാറുണ്ടായിരുന്നു.അത് കണ്ടിട്ടാണ് സീരിയലിലേക്ക് വിളി വരുന്നത്. അതിന് മുമ്പ് സെയിൽസ് എക്സിക്യൂട്ടീവായി വർക്ക് ചെയ്യുകയായിരുന്നു. റിസപ്ഷനിസ്റ്റായിട്ടായിരുന്നു തുടക്കം. ആദ്യം അഭിനയിക്കാൻ താൽപര്യമുണ്ടായിരുന്നില്ല. ആദ്യ സീരിയലിനുശേഷം മൂന്ന് വർഷം ബ്രേക്ക് വന്നിരുന്നു. ഷോർട്ട് ഫിലിം കണ്ടിട്ടാണ് ആത്മസഖിയിലേക്ക് വിളി വന്നത്. എല്ലാം വളരെ പെട്ടന്നായിരുന്നു.
ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല. സിനിമ ലക്ഷ്യം വെച്ചായിരുന്നു അവസരങ്ങൾ അന്വേഷിച്ച് തുടങ്ങിയത്. പല ഓഡീഷനുകളും അറ്റന്റ് ചെയ്തിരുന്നു. പൈസയും പോയിട്ടുണ്ട്. അതുപോലെ പലരും എന്നെ ഉപയോഗിക്കുകയാണെന്ന് മനസിലായപ്പോൾ സിനിമ എന്ന ആഗ്രഹം വിട്ടു. ചില പ്രോജക്ടുകളുടെ കൂടെ തന്നെ ഒരുപാട് നാൾ നിന്നിട്ടുണ്ട്.
അതിൽ പ്രവർത്തിക്കുന്ന മറ്റ് ചിലരാണ് എന്നോട് പറഞ്ഞത് അവർ നിന്നെ ഉപയോഗിക്കുകയാണ് നീ ഇതിന് പിറകെ നടക്കാതിരിക്കുന്നതാകും നല്ലതെന്ന്. ഇനി ഇതിന് പിന്നാലെ നടന്നാൽ ശരിയാവില്ലെന്ന് എനിക്കും തോന്നി. സിനിമയിൽ നിലനിൽക്കാനുള്ള കുറച്ച് റ്റാറ്റിക്സൊക്കെ എനിക്ക് മനസിലായി. പക്ഷെ ഇന്റസ്ട്രിയിൽ നിലനിർത്താൻ അവർ എന്നോട് ആവശ്യപ്പെട്ട കാര്യങ്ങൾ എനിക്ക് ക്യാമറയുടെ മുന്നിൽ പറയാൻ പറ്റില്ല.
ഒരു സംവിധായകൻ എന്നോട് ചില കാര്യങ്ങൾ ആവശ്യപ്പെട്ടു. പക്ഷെ അത് നമുക്ക് ഒരിക്കലും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് റെയ്ജൻ പറഞ്ഞു. ശേഷമാണ് സീരിയൽ പ്രേമികളുടെ ചോക്ലേറ്റ് ഹീറോ പ്രണയത്തിൽ നിന്നും ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചത്. കോളേജ് കാലത്താണ് ആദ്യ പ്രണയം. രണ്ട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്. അവർ എന്നെ തേച്ചിട്ട് പോയി. മൂന്നാമത് ഞാൻ പ്രണയിച്ചയാളാണ് ഇന്ന് എന്റെ ഭാര്യയായ ശിൽപ. അന്നൊക്കെ ദിവ്യ പ്രണയമായിരുന്നു.
ചങ്ക് പറിച്ച് കൊടുക്കുമെന്നത് പോലെ. ഏത് പാതിരാത്രിക്ക് വിളിച്ചാലും ഓടി ചെല്ലും. അവസാനം ഒരു ദിവസം കോൾ വന്നു ചേട്ടാ എന്റെ കല്യാണമായി. വേറെ ആളെ നോക്കിക്കോളൂവെന്ന് ആ പെൺകുട്ടി പറഞ്ഞു. അപ്പോഴാണ് അവൾക്ക് നേരമ്പോക്കായിരുന്നുവെന്ന് എനിക്ക് മനസിലായത്. അതുപോലെ അവൾ കല്യാണം കഴിച്ചത് അവൾ എട്ടാം ക്ലാസ് മുതൽ പ്രണയിച്ചിരുന്ന ആളെയാണ്. അപ്പോഴാണ് ഞാൻ ശരിക്കും തകർന്നത്. ചെറിയൊരു ഗ്യാപ്പിലെ ഫില്ലിങ് മാത്രമായിരുന്നു ഞാൻ.
അതോടെ ഡിപ്രസ്ഡായിരുന്നു. വല്ലാത്തൊരു സിറ്റുവേഷനായിരുന്നു. അന്ന് അങ്ങനെ സംഭവിച്ചത് നന്നായിയെന്ന് ഇന്നത്തെ ജീവിതം കാണുമ്പോൾ തോന്നുന്നു. ഞാനും എന്റെ വൈഫും എന്ന സർക്കിളിന് ഉള്ളിലാണ് ഞങ്ങൾ. വലിയൊരു സർക്കിളൊന്നും ഞങ്ങൾക്കില്ല. അങ്ങനൊരു സർക്കിൾ കൊണ്ട് വലിയ ഗുണമുണ്ടെന്ന് തോന്നുന്നില്ല. ആദ്യ പ്രണയം തകർന്നശേഷം മറ്റൊരു പ്രണയം ഉണ്ടായിരുന്നു. അവർക്ക് പക്ഷെ പണം ഒരു വിഷയമായിരുന്നുവെന്ന് തോന്നുന്നു.
എന്റേത് സർക്കാർ ജോലി അല്ലല്ലോ. അതുകൊണ്ട് അവളുടെ അപ്പനൊക്കെ പുച്ഛത്തോടെയാണ് സംസാരിച്ചത്. അവസാനം അവളും പിന്മാറി. അപ്പൻ പറയുന്നതെ കേൾക്കാൻ പറ്റൂവെന്ന് അവൾ പറഞ്ഞു. ആദ്യത്തെ പ്രണയം തകർന്ന സമയത്ത് അവൾ കല്യാണം ഉറപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ ഞാൻ അൽപനേരം സ്റ്റക്കായി നിന്നു. മൂവ് ചെയ്യാൻ പോലും പറ്റുന്നില്ലായിരുന്നു. ഒന്നൊന്നര കൊല്ലം അതിൽ പെട്ടുപോയി. കഞ്ചാവ് അടിച്ച് എന്റെ കിളി പോയതാണെന്നാണ് വീട്ടുകാർ കരുതിയത്. ആരെയും കാണുന്നതും സംസാരിക്കുന്നതും എനിക്ക് ഇഷ്ടമായിരുന്നില്ല. സ്ത്രീകളോട് പുച്ഛവും വെറുപ്പുമായിരുന്നു ആ സമയത്ത്.
ഈ വലിയ തിരിച്ചടികളിൽ നിന്നും അതിജീവിച്ചാണ് റെയ്ജൻ ഇന്നത്തെ ജീവിതത്തിലേക്ക് തിരികെയെത്തിയത്. മുൻകാല അനുഭവങ്ങൾ നൽകിയ പാഠങ്ങളിലൂടെ ജീവിതം വീണ്ടെടുത്ത താരം, നിലവിൽ ഭാര്യ ശിൽപയ്ക്കൊപ്പം സന്തോഷകരമായ കുടുംബജീവിതം നയിക്കുകയാണ്.