
താൻ ഏറെ ഇഷ്ടപ്പെട്ട് ചെയ്ത ‘ഓടും കുതിര ചാടും കുതിര’ എന്ന ചിത്രം തിയേറ്ററുകളിൽ പ്രേക്ഷകരുമായി വേണ്ടത്ര കണക്ട് ആകാതെ പോയതിന് കാരണം തിരക്കഥാ ഘടനയിലുണ്ടായ പാളിച്ചയാണെന്ന് തുറന്നുസമ്മതിച്ച് നടൻ ഫഹദ് ഫാസിൽ. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ പരാജയകാരണങ്ങളെക്കുറിച്ചുള്ള തന്റെ വിലയിരുത്തലുകൾ ഫഹദ് പങ്കുവെച്ചത്.
തന്റെ കഥാപാത്രമായ അബിയുടെ മാനസിക വിഷമങ്ങളെയും വിഷാദരോഗത്തെയും (ഡിപ്രഷൻ) കുറിച്ചാണ് ചിത്രം സംസാരിക്കാൻ ശ്രമിച്ചതെന്നും, എന്നാൽ ഇത് മറ്റൊരു പെൺകുട്ടിയുടെ അനുഭവങ്ങളിലൂടെ കാണിക്കാൻ ശ്രമിച്ചതാണ് തിരിച്ചടിയായതെന്നും ഫഹദ് പറഞ്ഞു. ആ പെൺകുട്ടിയുടെ കഥ കാണിച്ച ശേഷം തന്റെ കഥാപാത്രത്തിന്റെ അനുഭവം അവതരിപ്പിച്ചിരുന്നെങ്കിൽ ചിത്രം കൂടുതൽ നന്നായേനെ എന്നും, എങ്കിലും താൻ ഏറെ സന്തോഷത്തോടെ ചെയ്ത പ്രൊജക്റ്റായിരുന്നു ഇതെന്നും താരം കൂട്ടിച്ചേർത്തു.
‘ഓടും കുതിര ചാടും കുതിര സ്ക്രിപ്റ്റ് സ്ട്രക്ച്ചർ ചെയ്യുന്നതിൽ ഞങ്ങൾക്ക് വീഴ്ച പറ്റി, ഉദ്ദേശിച്ചത് അബി എന്ന കഥാപാത്രത്തിന്റെ കഥ പറയാനാണ്, പക്ഷേ അത് വേറൊരു ആളുടെ അനുഭവങ്ങളിലൂടെയാണ് കാണിക്കുന്നത്. എൻ്റെ മാനസിക വിഷമങ്ങളെയും ഡിപ്രഷനെയും പറ്റി തന്നെയാണ് സംസാരിക്കുന്നത്, പക്ഷേ അത് മറ്റൊരു പെൺകുട്ടിയുടെ ഡിപ്രഷനിലൂടെ കാണിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. അത് വർക്ക് ആയില്ലെന്നാണ് എന്റെ കണ്ടെത്തൽ, അല്ലെങ്കിൽ ആ പെൺകുട്ടിയുടെ കഥ കാണിച്ച ശേഷം എന്റേത് കാണിച്ചാൽ മതിയായിരുന്നു. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട് ചെയ്ത ഒരു സിനിമയായിരുന്നു അത്’, ഫഹദ് പറഞ്ഞു.
അൽത്താഫ് സലിം സംവിധാനം ചെയ്ത്, കല്യാണി പ്രിയദർശൻ നായികയായ ചിത്രം തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയതെങ്കിലും ഒടിടി റിലീസിന് ശേഷം മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കിയിരുന്നു.
അതേസമയം, ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. എസ്.എസ്. രാജമൗലി അവതരിപ്പിച്ച് ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാറ പാലേക്കർ, സൗരഭ് സച്ദേവ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഭാവനാ റിലീസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്.