
തീയേറ്ററുകളിൽ മികച്ച പ്രതികരണങ്ങളോടെ മുന്നേറുന്ന ‘ധൂമകേതു’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ അനുഭവം പങ്കുവെച്ച് സംവിധായകൻ സുധി മാഡിസൺ. ചിത്രം ഒരു ടൈം ലൂപ്പ് സിനിമയാണെന്ന വിവരം അറിയാത്തതിനാൽ, ഒരേ രംഗം തന്നെ ദിവസങ്ങളോളം ഷൂട്ട് ചെയ്തപ്പോൾ നായകൻ സജിൻ ഗോപുവിന് അഭിനയം ശരിയാകാത്തതിനാലാണ് വീണ്ടും ടേക്കുകൾ എടുക്കുന്നത് എന്ന് ജൂനിയർ ആർട്ടിസ്റ്റുകൾ തെറ്റിദ്ധരിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. റിപ്പോർട്ടർ ഫിലിംസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് സംവിധായകൻ ഈ ഓർമ്മകൾ പങ്കുവെച്ചത്.
ചിത്രത്തിലെ കല്യാണ മണ്ഡപത്തിലെ രംഗങ്ങൾ ഏകദേശം പത്ത് ദിവസത്തോളമെടുത്താണ് പൂർത്തിയാക്കിയത്. ഒരേ രംഗങ്ങൾ തന്നെ ദിവസവും ആവർത്തിച്ച് ചിത്രീകരിക്കുന്നത് കണ്ട ജൂനിയർ ആർട്ടിസ്റ്റുകൾ, സംവിധായകനായ പാവം പയ്യൻ കുറെ പ്രാവശ്യം പറഞ്ഞു കൊടുത്തിട്ടും സജിന് അത് ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് കരുതിയത്. ഇതിനിടയിൽ ചിലർ സജിന്റെ അടുത്തെത്തി മീശയിലെ വ്യത്യാസവും കണ്ടിന്യൂയിറ്റി പ്രശ്നങ്ങളും വരെ ചൂണ്ടിക്കാണിച്ചുവെന്നും, അത്രത്തോളം അവർ ആ അന്തരീക്ഷത്തിൽ മുഴുകിയിരിക്കുകയായിരുന്നുവെന്നും സുധി മാഡിസൺ പറഞ്ഞു. ടൈം ലൂപ്പ് പ്രമേയമാകുമ്പോൾ പ്രേക്ഷകർക്ക് ഒട്ടും വിരസത അനുഭവപ്പെടരുതെന്ന നിർബന്ധം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ടൈം ലൂപ്പ് ചിത്രം ആകുമ്പോൾ ഒരു തരത്തിലും പ്രേക്ഷകർക്കും ബോർ അടിക്കരുത്. കല്യാണ മണ്ഡപം ഷൂട്ട് ചെയുന്ന സമയം വളരെ രസകരമായിരുന്നു. പത്ത് ദിവസം തന്നെ മണ്ഡപം സീൻസ് ഷൂട്ട് ചെയ്തു. അപ്പോൾ അവിടെ വന്നിരിക്കുന്ന ജൂനിയർ ആർട്ടിസ്റ്റുകൾക്ക് അറിയില്ല ടൈം ലൂപ്പ് സിനിമയാണെന്ന് അവർ നോക്കുമ്പോൾ സജിൻ ഇന്ന് കല്യാണ കഴിക്കുന്നു നാളെ അത് തന്നെ ചെയ്യുന്നു. ആർട്ടിസ്റ്റുകൾ പറഞ്ഞു മോനെ ആ ഡയറക്ടർ പയ്യൻ പാവം കുറെ പ്രാവശ്യമായി പറഞ്ഞ് കൊടുക്കുന്നു പക്ഷേ സജിന് ചെയ്യാൻ കഴിയുന്നില്ല, എത്ര ടേക്ക് എടുത്തിട്ടും ശരിയാകുന്നില്ല എന്നൊക്കെ. പിന്നെ ചിലർ വന്നിട്ട് സജിന്റെ മീശ വ്യത്യാസം ഉണ്ട് കണ്ടിന്യൂയിറ്റി പോകുമെന്ന് വരെ പറഞ്ഞു. അത്ര മാത്രം അവരെല്ലാം ഈ സിനിമയിൽ ഇൻ ആയിരുന്നു’, സുധി പറഞ്ഞു.
സജിൻ ഗോപു, നിഖില വിമൽ, ഷൈൻ ടോം ചാക്കോ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം നിലവിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. സോണിയും മനുവും ചേർന്ന് തിരക്കഥയൊരുക്കിയ ചിത്രം സമീർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഭാവന റിലീസ് തിയേറ്ററുകളിലെത്തിച്ച ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിന്റോ ജോർജ്ജും എഡിറ്റിംഗ് വിവേക് ഹർഷനും സംഗീതം അങ്കിത് മേനോനുമാണ് നിർവ്വഹിച്ചിരിക്കുന്നത്.