‘മാലിക്കി’ലെ കടൽ സീക്വൻസ് എത്ര ശ്രമിച്ചിട്ടും എടുക്കാൻ പറ്റിയില്ല; ഒടുവിൽ കമൽ സാറിനെ വിളിച്ചു: ഫഹദ് ഫാസിൽ

','

' ); } ?>

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ‘മാലിക്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നേരിട്ട സാങ്കേതിക തടസ്സം ഉലകനായകൻ കമൽ ഹാസന്റെ ഒറ്റ ഉപദേശം കൊണ്ട് മറികടന്ന അനുഭവം പങ്കുവെച്ച് നടൻ ഫഹദ് ഫാസിൽ. കടലിലെ ഒരു പ്രധാന സീക്വൻസ് ഷൂട്ട് ചെയ്യാൻ ഏതുതരം റിഗ് ഉപയോഗിച്ചിട്ടും സാധിക്കാതെ വന്നപ്പോൾ ‘നായകൻ’ സിനിമ ഓർമവരുകയും കമൽ ഹാസനെ നേരിട്ട് ഫോണിൽ വിളിക്കുകയുമായിരുന്നു. ക്യാമറ എതിർദിശയിൽ വെച്ച് ഷൂട്ട് ചെയ്യാനായിരുന്നു അദ്ദേഹത്തിന്റെ നിർദേശം. ഈ രീതി പ്രയോജനപ്പെടുത്തിയാണ് അന്ന് ആ രംഗം പൂർത്തിയാക്കിയത്. പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം കമൽഹാസനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് മനസ്സ് തുറന്നത്.

‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ് പതിപ്പിന്റെ ലോഞ്ചിങ്ങിനായി ട്രെയിലർ കാണിക്കാൻ ക്ഷണിച്ചപ്പോൾ മൂന്ന് മണിക്കൂറോളമാണ് കമൽ ഹാസനൊപ്പം ചെലവഴിച്ചതെന്നും ഫഹദ് ഓർത്തെടുത്തു. കമൽ ഹാസനും ഫഹദ് ഫാസിലും ഒന്നിച്ചഭിനയിച്ച് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘വിക്രം’ വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച ചിത്രത്തിലെ ഫഹദിന്റെ പ്രകടനവും അനിരുദ്ധ് രവിചന്ദറിന്റെ പശ്ചാത്തല സംഗീതവും ഏറെ തരംഗം സൃഷ്ടിച്ചിരുന്നു.

“‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തമിഴ് വേർഷന്റെ ലോഞ്ചിങ് സമയത്ത് കമൽ സാറിനെ ട്രെയ്‌ലര്‍ കാണാനായി ക്ഷണിച്ചിരുന്നു. ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂറോളം അവിടെ ചെലവഴിച്ചു. മിനിമം രണ്ട് മൂന്ന് മണിക്കൂറെങ്കിലും കമല്‍ സാർ സംസാരിക്കും. ‘മാലിക്’ സിനിമയുടെ ഷൂട്ട് ചെയ്യുമ്പോള്‍ കടലില്‍ ഒരു സീക്വന്‍സ് ഷൂട്ട് ചെയ്യണമായിരുന്നു. എതുതരം റിഗ് ഉപയോഗിച്ചിട്ടും അത് ശരിയാവുന്നില്ല. അപ്പോഴാണ് ‘നായകന്‍’ സിനിമയിലെ പാട്ട് എങ്ങനെയായിരിക്കും എടുത്തിട്ടുണ്ടാകുക എന്ന് ആലോചിച്ചത്. ഞങ്ങൾ അദ്ദേഹത്തെ (കമൽ ഹാസൻ) വിളിച്ചു. ക്യാമറ എതിർദിശയിൽ വച്ച് ഷൂട്ട് ചെയ്യാൻ അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് അന്ന് ഷൂട്ട് ചെയ്തത്,” ഫഹദ് പറഞ്ഞു.

അതേസമയം, ഫഹദ് ഫാസിൽ നായകനാകുന്ന തെലുങ്ക് ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ രണ്ടിന് തിയേറ്ററുകളിലെത്തും. നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയാണ് അവതരിപ്പിക്കുന്നത്. ബാലതാരം സാറ പ്രധാന വേഷത്തിലെത്തുന്ന ചിത്രം മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങുന്നത്.