‘ജീവിതത്തിൽ നസ്രിയയാണ് രംഗ, ഞാൻ അമ്പാൻ’; ‘ആവേശ’ത്തിൽ ഞാനണിഞ്ഞ സ്വർണം നസ്രിയയുടേത്’; ഫഹദ് ഫാസിൽ

','

' ); } ?>

ബോക്സ് ഓഫീസ് തരംഗമായി മാറിയ ‘ആവേശം’ സിനിമയിൽ രംഗണ്ണൻ എന്ന കഥാപാത്രം അണിഞ്ഞ സ്വർണാഭരണങ്ങൾ ഭാര്യയും നടിയുമായ നസ്രിയയുടേതായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടൻ ഫഹദ് ഫാസിൽ. കഥാപാത്രം ധരിച്ച ആഭരണങ്ങൾ നസ്രിയയുടെ സ്വന്തം ശേഖരത്തിൽ നിന്നുള്ളതായതുകൊണ്ട് തന്നെ ‘ആവേശം’ അവൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമാണെന്നും ഫഹദ് പറഞ്ഞു. പുതിയ ചിത്രമായ ‘ഡോണ്ട് ട്രബിൾ ദ ട്രബിളി’ന്റെ പ്രചാരണത്തിന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം സിനിമയ്ക്ക് പിന്നിലെ ഈ രസകരമായ അനുഭവം പങ്കുവെച്ചത്.

ചിത്രത്തിന്റെ കോസ്റ്റ്യൂം ട്രയലിന്റെ സമയത്ത് എടുത്ത വെള്ളയും വെള്ളയുമണിഞ്ഞ പോസ്റ്ററിനെക്കുറിച്ച് സംസാരിക്കവേയായിരുന്നു ഫഹദിന്റെ തുറന്നുപറച്ചിൽ. “യഥാർത്ഥ ജീവിതത്തിൽ നസ്രിയയാണ് രംഗ, ഞാൻ അവളുടെ അമ്പാനാണ്” എന്ന് തമാശരൂപേണ ഫഹദ് കൂട്ടിച്ചേർത്തു. ഫഹദിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ‘ആവേശ’ത്തിലെ രംഗണ്ണനും സജിൻ ഗോപു അവതരിപ്പിച്ച അമ്പാനും വലിയ തരംഗമാണ് തിയേറ്ററുകളിൽ സൃഷ്ടിച്ചത്.

”ഇത് ആവേശത്തിന്റെ കോസ്റ്റ്യും ട്രയലില്‍ നിന്നുള്ളതാണ്. ആദ്യമായി വെള്ളയും വെള്ളയും ഇട്ടു നോക്കുകയായിരുന്നു. നസ്രിയയുടെ ഗോള്‍ഡ് ആണിത്. അതുകൊണ്ടാണ് അവള്‍ക്കിത് ഏറെ ഇഷ്ടപ്പെട്ടത്. എന്റെ പിന്നില്‍ നില്‍ക്കുന്നത് അമ്പാനാണ്. എന്റെ ജീവിതത്തില്‍ നസ്രിയയാണ് രംഗ, ഞാന്‍ അവളുടെ അമ്പാനാണ്.” എന്നാണ് ഫഹദ് പറയുന്നത്.

അഭിമുഖത്തിൽ നടൻ കമൽ ഹാസനുമായുള്ള സൗഹൃദത്തെക്കുറിച്ചും ഫഹദ് സംസാരിച്ചു. കമൽ ഹാസനെ കാണുമ്പോഴൊക്കെ മൂന്നും നാലും മണിക്കൂറുകളോളം സിനിമയെക്കുറിച്ച് സംസാരിക്കാറുണ്ടെന്ന് താരം പറഞ്ഞു. ‘മാലിക്’ സിനിമയുടെ ചിത്രീകരണ വേളയിൽ കടലിൽ വെച്ചുള്ള ഒരു സീൻ എത്ര ചെയ്തിട്ടും ശരിയാകാതിരുന്നപ്പോൾ ‘നായകൻ’ എന്ന ചിത്രത്തിലെ സമാനമായ രംഗം ഓർമവരുകയും കമൽ ഹാസനെ വിളിച്ച് സംശയം ചോദിക്കുകയുമായിരുന്നു. അദ്ദേഹം പറഞ്ഞുതന്ന രീതിയിലാണ് ആ രംഗം കൃത്യമായി പൂർത്തിയാക്കിയതെന്നും ഫഹദ് വ്യക്തമാക്കി.