
വിവാഹം നടക്കുമെന്ന് ഉറപ്പില്ലാതിരുന്ന ഒരു കാലത്ത്, ഐവിഎഫ് ചികിത്സയിലൂടെ അമ്മയാകാൻ താൻ തീരുമാനിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി സ്വര ഭാസ്കർ. റൈസ് ആൻഡ് ഫോൾ’ എന്ന റിയാലിറ്റി ഷോയിലാണ് സ്വര ഇക്കാര്യം വ്യക്തമാക്കിയത്.
മാതൃത്വത്തിനായുള്ള ഈ ആഗ്രഹം ആദ്യം പങ്കുവെച്ചത് മാതാപിതാക്കളോടാണ്. വിവാഹത്തിനായി കാത്തിരിക്കാതെ ഐവിഎഫ് വഴി അമ്മയാകാൻ പോവുകയാണെന്ന വാർത്ത അവർക്ക് ഉൾക്കൊള്ളാൻ അൽപം സമയം വേണ്ടിവന്നുവെങ്കിലും, പിന്നീട് മകളുടെ ആഗ്രഹത്തിനൊപ്പം നിൽക്കാൻ അവർ തയ്യാറായി. ഇന്ത്യ പോലുള്ള ഒരു സമൂഹത്തിൽ ഈ തീരുമാനം നടപ്പിലാക്കുന്നത് എത്രമാത്രം വെല്ലുവിളി നിറഞ്ഞതാണെന്ന് അവർ മകളെ ഓർമ്മിപ്പിക്കുകയും ചെയ്തിരുന്നു.
തുടർന്ന് അജ്ഞാത ദാതാവിലൂടെ രണ്ട് തവണ ഐവിഎഫ് ഗർഭധാരണത്തിന് ശ്രമിച്ചെങ്കിലും ആ ശ്രമങ്ങൾ പരാജയപ്പെടുകയാണുണ്ടായത്. എന്നാൽ അതിനുശേഷമാണ് വഴിമാറിയ സംഭവങ്ങൾ അവളുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. 2020ൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിനിടയിൽ വെച്ചാണ് ഫഹദ് അഹമ്മദിനെ സ്വര പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറുകയും, 2023ൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. ഒരേ വർഷം തന്നെ ഇവർക്ക് ഒരു പെൺകുഞ്ഞും പിറന്നു. സമൂഹത്തിന്റെ പരമ്പരാഗത കാഴ്ച്ചപ്പാടുകളെ മാറ്റിവെച്ച് സ്വന്തം തീരുമാനങ്ങളിൽ ഉറച്ചുനിന്ന സ്വരയുടെ ഈ തുറന്നുപറച്ചിൽ ഇതിനോടകം തന്നെ സിനിമാലോകത്തും സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായിട്ടുണ്ട്.
സ്വര ഭാസ്ക്കറിന്റെ വാക്കുകൾ;
ജീവിതത്തിൽ വിവാഹം എന്നൊന്ന് സംഭവിക്കുമോ എന്നത് ഒട്ടും ഉറപ്പില്ലാതിരുന്ന കാലത്താണ് മാതൃത്വം അനുഭവിച്ചറിയണം എന്ന അതിയായ ആഗ്രഹം തോന്നിയതെന്ന് സ്വര പറയുന്നു. എന്നാൽ അതിനു വേണ്ടി ജീവിതത്തിന്റെ സ്വാഭാവിക ക്രമത്തിൽ കാര്യങ്ങൾ നടക്കുന്നതുവരെ ക്ഷമിക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തിനായി കാത്തിരിക്കാതെ സ്വന്തം തീരുമാനപ്രകാരം അമ്മയാവാൻ ഒരുങ്ങുകയായിരുന്നു. ഐവിഎഫ് വഴി ഗർഭധാരണം നടത്താനുള്ള സാധ്യതയെക്കുറിച്ച് ആദ്യമായി സംസാരിച്ചത് മാതാപിതാക്കളോട് തന്നെയായിരുന്നു.
വിവാഹം നടക്കാൻ പോകുന്നില്ല, അതിനാൽ ഐവിഎഫ് വഴി അമ്മയാകാൻ പോകുന്നു എന്ന് നേരിട്ട് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പക്ഷേ, സ്വാഭാവികമായും അവർക്ക് ആ തീരുമാനവുമായി പൊരുത്തപ്പെടാൻ അൽപം സമയം വേണ്ടിവന്നു. എന്നാൽ താൻ അത്ര ആത്മാർഥമായി ആഗ്രഹിക്കുന്ന കാര്യമാണിതെന്ന് തിരിച്ചറിഞ്ഞപ്പോൾ പൂർണ പിന്തുണയുമായി അവർ ഒപ്പം നിൽക്കുകയും ചെയ്തു. ഇന്ത്യ പോലെ ഒരു രാജ്യത്ത് ഇത്തരമൊരു തീരുമാനമെടുത്ത് ജീവിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞ കാര്യമാണെന്ന് മുന്നറിയിപ്പും നൽകി.
എന്നാൽ തീരുമാനം ഉറച്ചതായിരുന്നതിനാൽ ഐവിഎഫ് ചികിത്സയ്ക്ക് ഞാൻ വിധേയയാവുക തന്നെ ചെയ്തു. രണ്ടു തവണയാണ് അജ്ഞാത ദാതാവിലൂടെ ഗർഭം ധരിക്കാൻ ശ്രമം നടത്തിയത്. എന്നാൽ അവ രണ്ടും പരാജയപ്പെടുകയായിരുന്നു. തുടർന്നാണ് 2020ൽ ഫഹദ് അഹമ്മദിനെ കണ്ടെത്തിയതും പിന്നീട് വിവാഹം ചെയ്തതും. ന്യൂഡൽഹിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് ഞങ്ങൾ കണ്ടുമുട്ടിയത്. അവിടെ തുടങ്ങിയ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു. 2023 ലാണ് ഔദ്യോഗികമായി വിവാഹം രേഖപ്പെടുത്തിയത്.അതേ വർഷം തന്നെ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറക്കുകയും ചെയ്തു.