
പ്രായം എന്നത് വെറുമൊരു സംഖ്യ മാത്രമാണെന്നും ശരീരത്തേക്കാൾ പ്രധാനം മനസ്സിന്റെ ഊർജ്ജമാണെന്നും നടി റോജ സെൽവമണി. ‘സ്റ്റേ ട്യൂൺഡ് വിത്ത് രമ്യ’ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ നിലപാടുകൾ വ്യക്തമാക്കിയത്. തന്നെ പ്രായമായെന്ന് പറഞ്ഞ് കളിയാക്കുന്നവർക്ക് ഡാൻസോ പാട്ടോ പ്രസംഗമോ എന്ത് മത്സരത്തിനും തയ്യാറാണെന്ന് താൻ മറുപടി നൽകാറുണ്ടെന്നും റോജ പറഞ്ഞു.
വിവാഹജീവിതത്തിലെ പരസ്പര സ്നേഹത്തെയും വിശ്വാസത്തെയും കുറിച്ച് സംസാരിച്ച നടി, വിവാഹത്തിന് മുൻപുള്ള കരുതൽ വിവാഹശേഷവും നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാമായി എന്ന് കരുതി സ്വന്തം സൗന്ദര്യവും വ്യക്തിത്വവും അവഗണിക്കുന്ന സുഹൃത്തുക്കളെ താൻ കണ്ടിട്ടുണ്ടെന്നും, നല്ല വസ്ത്രം ധരിക്കുന്നതും ഒരുങ്ങി നടക്കുന്നതും ഒരിക്കലും തെറ്റല്ലെന്നും അവർ വ്യക്തമാക്കി. ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ വലിയ മേക്കപ്പിലല്ലെങ്കിലും, ഒരു കുളിച്ച് നല്ല ചിരിയോടെ കാപ്പിയുമായി സ്വീകരിക്കുന്നത് ഏത് പങ്കാളിക്കും സന്തോഷം നൽകുന്ന കാര്യമാണ്.
തന്റെ ജീവിതാനുഭവങ്ങളും ഗർഭകാലത്തെ ഓർമ്മകളും റോജ അഭിമുഖത്തിൽ പങ്കുവെച്ചു. ഗർഭിണിയായിരുന്ന സമയത്ത് ഭർത്താവ് ആർ.കെ. സെൽവമണി സിനിമ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നെങ്കിലും, താൻ വിളിക്കുമ്പോഴെല്ലാം അദ്ദേഹം ഓടിയെത്താറുണ്ടായിരുന്നുവെന്ന് അവർ ഓർത്തു. ആ സമയത്തുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും അരക്ഷിതാവസ്ഥകളും എല്ലാ സ്ത്രീകൾക്കും സ്വാഭാവികമാണ്. ഭാര്യയോ ഭർത്താവോ വിഷമഘട്ടങ്ങളിലോ ഡിപ്രഷനിലോ ആണെങ്കിൽ പരസ്പരം ഒരു കംഫർട്ട് സോൺ ഒരുക്കുകയാണ് വേണ്ടതെന്നും, “ഞാൻ നിന്റെ കൂടെയുണ്ട്” എന്ന വിശ്വാസം നൽകിയാൽ കുടുംബജീവിതം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുമെന്നും റോജ കൂട്ടിച്ചേർത്തു.
റോജയുടെ വാക്കുകൾ;
“പ്രായത്തെക്കുറിച്ച് ഞാൻ അങ്ങനെ ചിന്തിക്കാറേയില്ല. എനിക്ക് എങ്ങനെ നടക്കാനാണോ ഇഷ്ടം, അങ്ങനെ തന്നെയാണ് ഞാനിപ്പോഴും. ചില ആളുകൾ എന്നെ കളിയാക്കാറുണ്ട്. നിങ്ങൾക്ക് പ്രായമായി, വയസായി എന്നൊക്കെ പറയും. അപ്പോൾ ഞാൻ പറയും, ഒരു പൊതുസ്ഥലത്ത് നമുക്ക് നിൽക്കാം. ആർക്കാണ് പ്രായമായതെന്ന് അവർ പറയുമല്ലോ.
ഡാൻസ്, പാട്ട്, പ്രസംഗം.. എന്ത് വേണമെങ്കിലും ചെയ്യാമെന്ന്. എന്നെ കളിയാക്കുന്നവരോട് ഞാനിങ്ങനെയാണ് പറയാറ്. എല്ലാവരും പറയുന്നതു പോലെ പ്രായം വെറുമൊരു സംഖ്യ മാത്രമാണ്. നമ്മുടെ മനസ്, നമ്മുടെ എനർജി അതിലാണ് കാര്യം. കല്യാണത്തിന് മുൻപ് ഇംപ്രസ് ചെയ്യാനായി ഒരാൾ മറ്റൊരാൾക്ക് സമയം കൊടുക്കും.
നീ എന്നെ വിട്ട് പോകാതിരിക്കാൻ ഞാനെന്ത് ചെയ്യണോ അതൊക്കെ ഞാൻ ചെയ്യും എന്നൊരു മൈൻഡ് ആണ്. കല്യാണം കഴിഞ്ഞാൽ, രണ്ട് പേരും ഒന്നല്ലേ, ഇനി എന്ത് ഇംപ്രസ് ചെയ്യാനാണ് എന്നൊരു തോന്നൽ വരും. അത് എങ്ങനെയാണ് സംഭവിക്കുന്നതെന്ന് എനിക്കിപ്പോഴും അറിയില്ല. അതിന്റെ പേരിൽ പിന്നെ വിഷമിച്ചിരിക്കുന്നതിൽ കാര്യമില്ല.
ഉള്ളിൽ സ്നേഹമുണ്ടെങ്കിൽ വയസായാലും വണ്ണം വച്ചാലുമൊക്കെ നല്ലൊരു സാരിയുടത്ത് വന്നാൽ ഏത് ഭർത്താവാണെങ്കിലും നല്ലതേ പറയൂ. എപ്പോഴും പറഞ്ഞില്ലെങ്കിലും അങ്ങനെ പറയും. പിന്നെ ചിലരുണ്ട്, കല്യാണം കഴിഞ്ഞു കഴിഞ്ഞാൽ പിന്നെ സൗന്ദര്യവും മറ്റുമൊന്നും ശ്രദ്ധിക്കില്ല. എന്റെ സുഹൃത്തുക്കളെ തന്നെ ഞാൻ അങ്ങനെ കണ്ടിട്ടുണ്ട്.
വയസായ ആളുകളെപ്പോലെയാണ് ഇരിക്കുന്നത്. എന്റെ കൂടെ പഠിച്ചവരുടെ കാര്യമാണ് പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ പിന്നെ എല്ലാ കഴിഞ്ഞു എന്നാണ് അവർ വിചാരിക്കുന്നത്. ഒരുങ്ങുന്നത് തെറ്റാണെന്ന് വിചാരിക്കുന്നവരുണ്ട്. കുട്ടിയുണ്ട് അതുകൊണ്ട് നല്ല സാരിയുടുത്ത് നടക്കാൻ പാടില്ല, കല്യാണം കഴിഞ്ഞാൽ ഒരുങ്ങി നടക്കാൻ പാടില്ല. ഞാൻ ചോദിക്കും അത് എങ്ങനെയാണ് തെറ്റാകുന്നതെന്ന് ?.
നമ്മൾ എങ്ങനെയാണോ അങ്ങനെ തന്നെ മറ്റുള്ളവരുടെ മുൻപിൽ നിൽക്കണം. കണ്ണെഴുതി പൊട്ട് തൊട്ട്, നല്ലൊരു വസ്ത്രം ധരിക്കുന്നതിൽ എന്താണ് തെറ്റ് ?. ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ വില കൂടിയ സാരിയുടുത്ത് മേക്കപ്പിട്ട് നിൽക്കാൻ അല്ലല്ലോ പറയുന്നത്. കുളിച്ച് നല്ലൊരു ചിരിയോടെ, ഇന്ന് ഓഫീസിൽ എങ്ങനെയുണ്ടായിരുന്നു എന്നൊക്കെ ചോദിച്ച് ഒരു കാപ്പിയൊക്കെ കൊടുക്കുന്നതാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.
പണക്കാരനായാലും പാവപ്പെട്ടയാൾ ആയാലും. നമ്മൾ സന്തോഷത്തോടെ എന്ത് ചെയ്താലും ആരും നമ്മളെ ഒന്നും പറയില്ല. എന്റെ ജീവിതത്തിൽ നിന്നാണ് ഞാനിത് പറയുന്നത്. എന്റെ ജീവിതത്തിൽ തന്നെ ഞാൻ പല സമയത്തും വണ്ണം വച്ചിട്ടുണ്ട്. മെലിഞ്ഞിരുന്നിട്ടുണ്ട്. ഞാൻ ഗർഭിണി ആയിരുന്ന സമയത്ത് എന്റെ ഭർത്താവിന് (സെൽവമണി) ഞാൻ സമാധാനം കൊടുത്തിട്ടില്ല.
സെൽവ ആ സമയത്ത് സിനിമ ഷൂട്ടിലായിരുന്നു. രാത്രിയിൽ താമസിച്ചേ വരൂ. എനിക്കാണെങ്കിൽ ആ സമയത്ത് സെൽവ അടുത്ത് തന്നെ വേണം. ഞാൻ അദ്ദേഹത്തെ ഫോൺ വിളിച്ചാൽ എപ്പോഴാണെങ്കിലും അദ്ദേഹം ഓടി വരും. ഗർഭിണി ആയിരിക്കുമ്പോൾ നമുക്ക് പല തരത്തിലുള്ള ചിന്തകളും വരും. ഭർത്താവ് നമ്മളെ ശ്രദ്ധിക്കുന്നില്ല, അവർക്ക് നമ്മളോട് സ്നേഹമില്ല എന്നൊക്കെ.
എല്ലാ സ്ത്രീകൾക്കും അങ്ങനെയാണ്. അത് നമ്മൾ കറക്ടായി ബാലൻസ് ചെയ്ത് മുന്നോട്ട് പോയാൽ നമുക്ക് വേറെ പ്രശ്നങ്ങളൊന്നും വരില്ല. ഭാര്യയോ ഭർത്താവോ ഡിപ്രഷനിലാണെങ്കിൽ അങ്ങോട്ടുമിങ്ങോട്ടും ഒരു കംഫർട്ട് സോൺ കൊടുക്കണം. നീ വിചാരിക്കുന്നത് ശരിയല്ല, നിന്റെ കൂടെ ഞാനുണ്ട്. മുൻപ് എങ്ങനെയാണോ ഇപ്പോഴും അങ്ങനെയാണ് എന്നൊരു വിശ്വാസം നമ്മൾ കൊടുക്കണം. അത് മാത്രം മതി”. –