തെന്നിന്ത്യയുടെ സ്ക്രീൻ ക്വീൻ: ആരാധകരുടെ മനം കവർന്ന ഖുശ്‌ബു

','

' ); } ?>

ഒരു തെന്നിന്ത്യൻ നടിയാണെങ്കിൽ കൂടി മലയാളികൾക്കേറെ പ്രിയപ്പെട്ട നായികയാണ് “ഖുശ്‌ബു സുന്ദർ”. “ചിന്ന തമ്പി” എന്ന ഒറ്റ ചിത്രം കൊണ്ട് ഭാഷാ ഭേദമന്യേ ഖുശ്‌ബു സൃഷ്‌ടിച്ച ആരാധകർ ഇന്നത്തെ നായികമാർക്കൊക്കെ സ്വപ്ന തുല്യമാണ്. ‘ഇഡലി മുതൽ സാരി’ വരെ ഖുശ്‌ബു എന്ന പേരിൽ തമിഴ് നാട്ടിൽ ചൂടപ്പം പോലെ വിറ്റ വാർത്തകൾ ഇന്നും കൗതുകം. ആരാധന ഭ്രമമായി അമ്പലം പണിതതും ഇതേ ഖുശ്ബുവിന്റെ പേരിൽ. കഥാപാത്രങ്ങളുടെ ആഴമറിഞ്ഞ്, ഭാഷയ്ക്കും കാലഘട്ടത്തിനുമനുസരിച്ച് തന്നെ കഥാപാത്രത്തിലേക്ക് ചേർത്തു വെക്കുന്നതാണ് ഖുശ്‌ബു എന്ന നടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഒരു നായികാ എന്നതിലപ്പുറം, ശക്തമായ രാഷ്ട്രീയ നിരീക്ഷണവും പാടവവുമുള്ള ജനനായിക കൂടിയാണവർ. ഇന്ന് 55 ആം ജന്മദിനമാഘോഷിക്കുന്ന തെന്നിന്ത്യയിലെ സ്ക്രീൻ ക്വീൻ ഖുശ്‌ബു സുന്ദറിന് സെല്ലുലോയ്ഡിന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ഇന്ത്യൻ ചലച്ചിത്ര ലോകത്ത്, പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സിനിമയിൽ ഒരു കാലത്ത് കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച പേരാണ് ഖുശ്‌ബു സുന്ദർ. ഒരു നടിയെന്ന നിലയിൽ വെള്ളിത്തിരയിൽ വിസ്മയം തീർത്ത അവർ, പിന്നീട് തെന്നിന്ത്യൻ ജനതയുടെ മനസ്സിൽ മായാത്ത സ്ഥാനമാണ് നേടിയെടുത്തത്. തമിഴ്നാട്ടിൽ അവൾക്കായി അമ്പലം പണിത ആരാധകരും, അവളുടെ പേരിൽ ഒരു പ്രഭാതഭക്ഷണം തന്നെ (ഖുശ്‌ബു ഇഡ്ഡലി) അറിയപ്പെട്ടതും ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിലെ അപൂർവ്വമായ ഏടുകളാണ്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമായി നിരവധി കഥാപാത്രങ്ങളിലൂടെ ലക്ഷക്കണക്കിന് ഹൃദയങ്ങളെ കീഴടക്കിയ ഈ അതുല്യ പ്രതിഭയുടെ ജന്മദിനത്തിൽ, അവരുടെ സമ്പന്നമായ സിനിമാ-ജീവിത വഴികളിലൂടെയുള്ള ഒരു സഞ്ചാരമാണിത്.

മുംബൈയിലെ ഒരു മുസ്ലീം കുടുംബത്തിൽ നക്ഷത് ഖാൻ എന്ന പേരിലാണ് ഖുശ്‌ബു ജനിച്ചത്. കുട്ടിക്കാലം മുതൽ തന്നെ കലയോടും അഭിനയത്തോടും വലിയ താൽപ്പര്യമുണ്ടായിരുന്ന അവർ വളരെ ചെറുപ്പത്തിൽ തന്നെ ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നു. ഒരു ബാലതാരമായിട്ടായിരുന്നു തുടക്കം. അക്കാലത്തെ പ്രശസ്തരായ പല നായകന്മാരുടെയും ഒപ്പം ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ട് അവർ ക്യാമറയ്ക്ക് മുന്നിലെത്തി.

ബാലതാരമായാണ് ഖുശ്ബുവിന്റെ തുടക്കം. 1980-ൽ പുറത്തിറങ്ങിയ ‘ദ ബേണിംഗ് ട്രെയിൻ’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനരംഗത്തിലൂടെയാണ് അവർ ആദ്യമായി വെള്ളിത്തിരയിലെത്തിയത്. തുടർന്ന് ‘നസീബ്, ലാവാരിസ്, കാലിയ, ദർദ് കാ റിഷ്ത, ബെമിസൽ’ എന്നീ ഹിന്ദി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. ‘1985-ൽ പുറത്തിറങ്ങിയ ‘മേരി ജംഗ്’ എന്ന ഹിന്ദി ചിത്രം ഖുഷ്ബുവിന്റെ യുവതാരപ്രവേശനമായിരുന്നു. ജാക്കി ഷറോഫിനൊപ്പമുള്ള ‘ജാനു’, ഗോവിന്ദയുമായി ചേർന്ന് അഭിനയിച്ച ‘തൻ-ബദൻ’, ആമിർ ഖാനും മാധുരി ദീക്ഷിത്തും ചേർന്ന ‘ദീവാന മുജ് സാ നഹിൻ’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവർ അവതരിപ്പിച്ചു.

എന്നാൽ, ഖുശ്ബുവിന് കൂടുതൽ ജനപ്രീതി നേടിക്കൊടുത്തത് തെക്കേന്ത്യൻ സിനിമകളായിരുന്നു. തെലുങ്ക് സംവിധായകൻ കെ. രാഘവേന്ദ്ര റാവുവിന്റെ ‘കലിയുഗ പാണ്ഡാവുലു’ (1986) ഖുഷ്ബുവിനെ തെക്കേന്ത്യയിലേക്ക് പരിചയപ്പെടുത്തി. തുടർന്ന് അവർ ചെന്നൈയിലേക്ക് സ്ഥിരതാമസം മാറി, തമിഴ് സിനിമയിലാണ് ഖുശ്ബുവിന്റെ കലാജീവിതത്തിന്റെ ഉയർച്ച കണ്ടെത്തിയത്.

1988-ലെ ‘ധർമ്മത്തിൻ തലൈവൻ’ മുതൽ 1990-കളുടെ തുടക്കത്തിലെ ‘വർഷം 16, കിഴക്ക് വാസൽ, നദിഗൻ എന്നിവ വരെയായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 1991-ലെ ചിന്ന തമ്പി ഖുഷ്ബുവിനെ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയർത്തി. ഇന്നും തമിഴ് സിനിമാപ്രേക്ഷകർക്ക് “ചിന്ന തമ്പിയുടെ നായിക” ഖുഷ്ബുവിനുള്ള ആരാധന വിസ്മരിക്കാനാവാത്തതാണ്.

തമിഴ് സിനിമയിലെ നായികമാരിൽ ഏറെകാലം പ്രഥമ നായിക സ്ഥാനം നിലനിർത്തിയ ഖുഷ്ബു, കുടുംബപ്രേക്ഷകർക്കിടയിൽ നിലയുറപ്പിക്കാൻ അടിവരയിട്ടു ചിത്രങ്ങളായിരുന്നു. ‘നാട്ടുപുര പാട്ട്, ഇരട്ടൈ റോജ, എട്ടുപട്ടി രസ, പത്തിനി, സിമ്മരസി എന്നിവിടങ്ങളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ അവരുടെ അഭിനയവൈവിധ്യത്തിന് തെളിവുകളാണ്.

തമിഴിൽ രജനികാന്ത്, കമലഹാസൻ, സത്യരാജ്, പ്രഭു തുടങ്ങി ഒട്ടനവധി മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ അവരെ തേടിയെത്തി. വാളയാർ പരമശിവം എന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം അഭിനയിച്ചതിലൂടെ മലയാളികൾക്കും അവർ സുപരിചിതയായി മാറി. മലയാളത്തിൽ ‘ഇതു നമ്മട കഥ’, ‘അപരൻ’, ‘സൈന്യവും’ പോലുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. വിശേഷിച്ചും, തമിഴ് സിനിമകളിൽ അവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ ജനങ്ങളുടെ വീടുകളിലെ ഒരു അംഗത്തെപ്പോലെ അവരെ മാറ്റിയെടുത്തു. തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ പോലും ഖുശ്‌ബുവിന് ലഭിച്ച സ്വീകാര്യത അഭൂതപൂർവ്വമായിരുന്നു. ഒരു നടിയെന്ന നിലയിൽ ഗ്ലാമറസ് വേഷങ്ങളിലും നാടൻ പെൺകുട്ടിയുടെ ലളിതമായ വേഷങ്ങളിലും ഒരുപോലെ തിളങ്ങാൻ അവർക്ക് സാധിച്ചു. അവരുടെ ഊർജ്ജസ്വലമായ അഭിനയശൈലിയും പുഞ്ചിരിയും പ്രേക്ഷകരെ എപ്പോഴും കൂടെ നിറുത്തി.

തമിഴ്നാട്ടിൽ ഖുശ്‌ബുവിന് ലഭിച്ച ആരാധനയുടെ ആഴം എത്രത്തോളമുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നതാണ് അവർക്കായി നിർമ്മിച്ച ക്ഷേത്രവും പ്രശസ്തമായ ഇഡ്ഡലിയുടെ പേരും. ഇന്ത്യൻ സിനിമയിൽ ഒരു നടിക്കായി അമ്പലം പണിയുന്നത് അത്യപൂർവ്വമാണ്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലാണ് ആരാധകർ ഖുശ്‌ബുവിനായി ക്ഷേത്രം നിർമ്മിച്ചത്. അവരുടെ ജനപ്രീതിയുടെ ഉച്ചസ്ഥായിയിലായിരുന്നു ഇത്. അതുപോലെ തന്നെ ചെന്നൈയിലെ ഹോട്ടലുകളിൽ ലഭ്യമായിരുന്ന ഒരു പ്രത്യേക തരം മൃദുവായ ഇഡ്ഡലിക്ക് ഹോട്ടലുകാർ “ഖുശ്‌ബു ഇഡ്ഡലി” എന്ന് പേരിട്ടു. ഒരു നടിയുടെ പേര് ഭക്ഷണവിഭവത്തിന് നൽകിയ ചരിത്രം അപൂർവ്വമാണ്. ഇത് സൂചിപ്പിക്കുന്നത് തമിഴ് ജനതയുടെ ഹൃദയത്തിൽ അവർ എത്രമാത്രം വേരോടിയിരുന്നു എന്നു തന്നെയാണ്. സിനിമയ്ക്ക് അപ്പുറത്തേക്ക് അവരുടെ വ്യക്തിത്വവും സാമൂഹിക പ്രതിബദ്ധതയും ജനങ്ങളെ ആകർഷിച്ചിരുന്നു.

സിനിമാ രംഗത്ത് തിളങ്ങി നിൽക്കുന്ന സമയത്തുതന്നെയാണ് പ്രമുഖ സംവിധായകനും നടനുമായ സുന്ദർ സിയുമായി ഖുശ്‌ബു പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. ” നീണ്ട നാളത്തെ പ്രണയത്തിന് ശേഷം 2000-ൽ ഇവർ വിവാഹിതരായി. അവന്തിക, അനന്ദിത എന്നിങ്ങനെ രണ്ട് പെൺമക്കളാണ് ഈ ദമ്പതികൾക്കുള്ളത്. വിവാഹശേഷം അഭിനയത്തിൽ നിന്നും കുറച്ചു കാലം വിട്ടുനിന്നുവെങ്കിലും പിന്നീട് ശക്തമായ കഥാപാത്രങ്ങളിലൂടെ അവർ തിരിച്ചുവന്നു. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതോടൊപ്പം തന്നെ നിർമ്മാണ മേഖലയിലും അവർ സജീവമായി. സുന്ദർ സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാണത്തിലും പങ്കാളിയാകാൻ ഖുശ്‌ബുവിന് കഴിഞ്ഞു. കുടുംബജീവിതവും കരിയറും ഒരുപോലെ കൊണ്ടുപോകുന്നതിൽ അവർ വിജയിച്ചു എന്നത് പ്രശംസനീയമാണ്.

സിനിമാ ജീവിതത്തിനപ്പുറം ശക്തമായ രാഷ്ട്രീയ നിലപാടുകളിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും ഖുശ്‌ബു ശ്രദ്ധ നേടി. സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്നതിലും സാമൂഹിക വിഷയങ്ങളിൽ കൃത്യമായ അഭിപ്രായങ്ങൾ പറയുന്നതിലും അവർ എന്നും മുൻപന്തിയിലുണ്ടായിരുന്നു. 2010-ൽ ഡിഎംകെ പാർട്ടിയിലൂടെ ഔദ്യോഗികമായി രാഷ്ട്രീയ പ്രവേശനം നടത്തിയ അവർ, പിന്നീട് കോൺഗ്രസ് പാർട്ടിയിലും തുടർന്ന് ഭാരതീയ ജനതാ പാർട്ടിയിലും (ബിജെപി) അംഗമായി പ്രവർത്തിച്ചു. ബിജെപിയുടെ ദേശീയ നിർവാഹക സമിതി അംഗമായും നാഷണൽ കമ്മീഷൻ ഫോർ വിമൻ (NCW) അംഗമായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയ വേദികളിലും പൊതുസ്ഥലങ്ങളിലും നേരിടേണ്ടിവന്ന പ്രതിസന്ധികളെയും വിമർശനങ്ങളെയും അവർ എപ്പോഴും ധൈര്യത്തോടെയും ആത്മവിശ്വാസത്തോടെയും നേരിട്ടു. തന്റേതായ നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന ഒരു ശക്തയായ വനിതയായി അവർ രാഷ്ട്രീയ രംഗത്ത് തന്റെ അടയാളങ്ങൾ പതിപ്പിച്ചു.

നടിയായും നിർമ്മാതാവായും ടെലിവിഷൻ അവതാരകയായും രാഷ്ട്രീയ പ്രവർത്തകയായും ഖുശ്‌ബു തന്റെ കരിയറിൽ നിരവധി വിജയങ്ങൾ സ്വന്തമാക്കി. തമിഴ് ടെലിവിഷൻ രംഗത്ത് അവർ അവതരിപ്പിച്ച റിയാലിറ്റി ഷോകളും സീരിയലുകളും ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഗൃഹാതുരത്വമുണർത്തുന്ന സാന്നിധ്യമായി ഇന്നും മിനിസ്ക്രീനിലും വലിയ സ്ക്രീനിലും അവർ നിറഞ്ഞുനിൽക്കുന്നു. പ്രായം തളർത്താത്ത ഊർജ്ജവും ചുറുചുറുക്കുമാണ് ഖുശ്‌ബുവിന്റെ ഏറ്റവും വലിയ പ്രത്യേകത. ആരോഗ്യകാര്യങ്ങളിലും ഫിറ്റ്നസിലും അവർ പുലർത്തുന്ന ശ്രദ്ധ പലർക്കും പ്രചോദനമാണ്. തടിയുടെ പേരിൽ താൻ നേരിട്ട പരിഹാസങ്ങളെയും ബോഡി ഷെയ്മിംഗിനെയും തന്റെ കഠിനാധ്വാനം കൊണ്ടും ആത്മവിശ്വാസം കൊണ്ടും അവർ തോൽപ്പിച്ചു. ശരീരഭാരം കുറച്ച് പുതിയ ലുക്കിൽ എത്തിയ അവരുടെ മാറ്റം സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്നു.

ഖുശ്‌ബു സുന്ദർ എന്ന വ്യക്തിത്വം കേവലം ഒരു നടിയെന്ന വിലാസത്തിനപ്പുറം മലയാളികളുടെയും തെന്നിന്ത്യൻ ജനതയുടെയും മനസ്സിൽ ഒരു വൈകാരിക അടുപ്പമുള്ള മുഖമാണ്. സന്തോഷത്തിന്റെയും സങ്കടത്തിന്റെയും നിമിഷങ്ങളിൽ സിനിമയിലൂടെ കൂടെനിന്ന ആ പ്രിയ താരം ഇന്നും പ്രസരിപ്പോടെ തുടരുന്നു. അവരുടെ കഠിനാധ്വാനവും പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനസ്സും ഏത് തലമുറയിലെ യുവജനങ്ങൾക്കും പഠിക്കാനുള്ള പാഠമാണ്. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അവർ നേരിട്ട അപവാദങ്ങളെയും വെല്ലുവിളികളെയും നിയമപരമായും വ്യക്തിപരമായും നേരിട്ട രീതി അവരുടെ ആത്മബലത്തിന്റെ തെളിവാണ്. കുടുംബത്തോടുള്ള സ്നേഹവും ജോലിയോടുള്ള ആത്മാർത്ഥതയും കൈവിടാതെ മുന്നേറുന്ന അവർ ഇന്നും പലർക്കും ഒരു റോൾ മോഡലാണ്.

നിർമ്മാണ സ്ഥാപനമായ ‘അവ്‌നി സിനിമാക്‌സ്’ വഴി ഭർത്താവ് സുന്ദർ സിയോടൊപ്പം നിർമ്മാതാവായും ഖുഷ്ബു സജീവമായി. ജല്ലിക്കട്ടിന് വേണ്ടി അവർ വാദിച്ചു, ഇന്ത്യൻ സിനിമയിൽ ദക്ഷിണേന്ത്യൻ സിനിമകൾക്കും ആവശ്യമായ അംഗീകാരം ലഭിക്കണമെന്ന് ആഗോള വേദികളിൽ ശക്തമായി മുന്നോട്ടുവച്ചു. ഓസ്‌ട്രേലിയയിലെ റിച്ച്മണ്ട് ഫുട്‌ബോൾ ക്ലബ്ബിന്റെ “നമ്പർ 1 ടിക്കറ്റ് ഉടമ”യായി തെരഞ്ഞെടുക്കപ്പെട്ടത്, ഇന്ത്യൻ വനിതയ്ക്ക് ലഭിച്ച ഒരു അപൂർവ്വ ബഹുമതിയായിരുന്നു.

ഒരു നടിക്കായി ക്ഷേത്രം പണിതു ആരാധിച്ച അപൂർവ്വ സ്നേഹം ഖുശ്ബുവിന് സ്വന്തമാണ്. “ഖുഷ്ബു ഇഡ്ലി” മുതൽ “ഖുഷ്ബു സാരികൾ” വരെ, അവരുടെ പേരിൽ തമിഴ്‌നാട്ടിലെ ഭക്ഷണവസ്തുക്കൾക്കും ഉൽപ്പന്നങ്ങൾക്കും ലഭിച്ചു. ഒരു താരത്തിന്റെ പേരിനെ ഒരു ജനതയുടെ സംസ്കാരത്തിന്റെ ഭാഗമായി മാറ്റിയ അപൂർവ്വ കാഴ്ചയായിരുന്നു അത്. ചിന്ന തമ്പി യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സിനിമാ എക്സ്പ്രസ് അവാർഡും, ഇരട്ടൈ റോജ യ്ക്കുള്ള അവാർഡും, കലൈമാമണി ബഹുമതിയും, തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഖുഷ്ബുവിന്റെ കരിയറിനെ അലങ്കരിക്കുന്നുണ്ട്.

മതപരമായി മുസ്ലിം കുടുംബത്തിൽ ജനിച്ചെങ്കിലും പിന്നീട് താൻ നിരീശ്വരവാദിയാണെന്ന് താരം തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്. ഭ സിനിമ, രാഷ്ട്രീയം, സാമൂഹികപ്രവർത്തനം എന്നിവയിൽ ഒപ്പത്തിനൊപ്പം നടന്നുപോകുന്ന വനിതയാണ് ഖുഷ്ബു. വിവാഹത്തിന് മുമ്പുള്ള ലൈംഗികതയെക്കുറിച്ചുള്ള പ്രസ്താവനയിൽ നിന്ന് മാക്സിം മാസിക പ്രസിദ്ധീകരിച്ച മോർഫ് ചെയ്ത ചിത്രം, മതപരമായ സംഘർഷങ്ങൾ, രാഷ്ട്രീയവേദികളിലെ വാക്കുതർക്കങ്ങൾ തുടങ്ങി നിരവധി വിവാദങ്ങൾ ഖുഷ്ബുവിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാൽ വിവാദങ്ങൾക്കിടയിലും അവർ കരുത്തോടെ മുന്നേറി, സ്വയം വിശ്വസിക്കുന്ന വഴികളിലൂടെ നടന്നുപോന്നു. സിനിമയിലെ സ്‌ക്രീൻക്വീൻ, ജനഹൃദയങ്ങളിൽ ക്ഷേത്രമായി ഉയർന്ന താരപ്രതിമ, രാഷ്ട്രീയ വേദികളിൽ കരുത്തുറ്റ വനിത, കുടുംബജീവിതത്തിൽ സ്നേഹസമ്പന്നയായ അമ്മയും ഭാര്യയും എന്നിങ്ങനെ ഖുശ്ബുവിന് വിശേഷണങ്ങളേറെയാണ്. ഇന്ത്യൻ സിനിമയുടെ കരുത്തുറ്റ സ്ക്രീൻ ക്യൂനിന് ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.