
മറ്റുള്ളവർ എന്ത് കരുതും എന്നതിനേക്കാൾ തനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാനാണ് താൽപ്പര്യമെന്ന് നടി സ്വാസിക. ഭാവിയിലെ നേട്ടങ്ങളേക്കാൾ കഥാപാത്രങ്ങളുടെ കൗതുകവും പെർഫോം ചെയ്യാനുള്ള സാധ്യതയുമാണ് സിനിമ തിരഞ്ഞെടുക്കുമ്പോൾ നോക്കാറുള്ളത്. അതുകൊണ്ടാണ് ‘ഇരുമുടി’യിലെ ധനലക്ഷ്മി ടീച്ചറെന്ന വ്യത്യസ്ത കഥാപാത്രം പ്രേക്ഷകർ ഏറ്റെടുത്തതെന്ന് സ്വാസിക പറയുന്നു.
ഈ കഥാപാത്രത്തിനായി താൻ പ്രത്യേക ഹോംവർക്കുകൾ നടത്തിയിരുന്നുവെന്ന് താരം പറയുന്നു. ക്രൂരയായ സ്വാവർഗാനുരാഗിയായ ആ ടീച്ചറുടെ പെരുമാറ്റത്തിലും ഭാവങ്ങളിലും ആളുകൾക്ക് ഒരു ഭയം ഉണ്ടാകുമെന്നതിനാൽ ആ ശൈലി തനിക്ക് താൽപ്പര്യമുള്ളതായി തോന്നി. സ്കൂളിൽ ഫിസിക്സ് പഠിപ്പിച്ചിരുന്ന സാറിന്റെ ചൂരൽവടിക്ക് പകരം സ്റ്റീലിന്റെ സ്കെയിലും, കണക്ക് ടീച്ചറുടെ കണ്ണട താഴ്ത്തി നോക്കുന്ന ശീലവും കഥാപാത്രത്തിലേക്ക് കടമെടുത്തു. സംവിധായകന്റെ നിർദ്ദേശപ്രകാരം കഥാപാത്രത്തിന് ചേരുന്ന തരത്തിലുള്ള ബേസ് വോയ്സും പരിശീലിച്ചിരുന്നുവെന്ന് സ്വാസിക കൂട്ടിച്ചേർത്തു.
ഗോസിപ്പുകളെയും വിവാദങ്ങളെയും കുറിച്ച് തികച്ചും വ്യത്യസ്തമായ കാഴ്ചപ്പാടാണ് സ്വാസികയ്ക്കുള്ളത്. ഗോസിപ്പുകൾ കാരണം ‘എയറിലായി’ എന്ന് സുഹൃത്തുക്കൾ പറയുമ്പോൾ, തന്റെ പേര് അന്തരീക്ഷത്തിൽ കറങ്ങുകയാണല്ലോ എന്നാണ് താൻ കരുതുന്നതെന്ന് താരം പറയുന്നു. പേര് എങ്ങനെയെങ്കിലും ലോകത്ത് കറങ്ങി നടക്കുമ്പോൾ അതിനൊരു ശക്തി ലഭിക്കുമെന്നും, നിലവിൽ മലയാള സിനിമയിൽ സജീവമല്ലാതിരിക്കുമ്പോൾ ഇത്തരം ചർച്ചകൾ തന്റെ പേര് നിലനിർത്താൻ സഹായിക്കുമെന്നും താരം വ്യക്തമാക്കുന്നു.
വ്യക്തിജീവിതത്തിലെ തന്റെ നിലപാടുകളെക്കുറിച്ചും സ്വാസിക മനസ് തുറന്നു. വിവാഹത്തിനുശേഷമുള്ള ജീവിതത്തെക്കുറിച്ചും ഭർത്താവിന്റെ കാൽ തൊട്ടു വണങ്ങുന്നതിനെക്കുറിച്ചും താൻ സംസാരിച്ചപ്പോൾ ആളുകൾ പല രീതിയിൽ വ്യാഖ്യാനിച്ചിരുന്നു. എന്നാൽ തനിക്ക് ഇഷ്ടമുള്ള കാര്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കാനാണ് ഇഷ്ടം. എട്ടാം ക്ലാസ് മുതൽ ബീച്ചിൽ വച്ച് നടക്കുന്ന കല്യാണവും, ഭർത്താവിന്റെ കാലിൽ നമസ്കരിക്കുന്നതുമൊക്കെ താൻ ആഗ്രഹിച്ചിരുന്ന കാര്യങ്ങളാണ്. അതിൽ ആർക്കും ഒരു ഉപദ്രവവുമില്ലാത്തതിനാൽ തനിക്ക് മാറ്റണമെന്ന് തോന്നിയിട്ടില്ലെന്നും, സമൂഹത്തിന് നാശമുണ്ടാക്കുന്ന കാര്യമല്ലാത്തതിനാൽ ആ ഇഷ്ടത്തെ ഒപ്പം കൊണ്ടുനടക്കുകയാണെന്നും താരം പറയുന്നു.
സിനിമയോടുള്ള ആത്മാർത്ഥതയുടെ പേരിൽ പല ത്യാഗങ്ങൾ ചെയ്യാനും താൻ തയ്യാറാണെന്ന് സ്വാസിക വ്യക്തമാക്കുന്നു. കുടുംബജീവിതത്തിലും ചില വിട്ടുവീഴ്ചകൾ ചെയ്യേണ്ടതുണ്ടെന്നും, ഭർത്താവിന്റെയോ കുടുംബത്തിന്റെയോ ഭാഗത്തുനിന്ന് അഭിനയം നിർത്താൻ ആവശ്യപ്പെട്ടാൽ അതിനും താൻ മാനസികമായി തയ്യാറാണെന്നും താരം പറയുന്നു. എങ്കിലും തന്റെ ശക്തമായ മാനിഫെസ്റ്റേഷനിലൂടെയും ആഗ്രഹത്തിലൂടെയും അത്തരമൊരു സാഹചര്യം ഒഴിവാകുമെന്നാണ് വിശ്വാസമെന്നും, തന്റെ എല്ലാ ആഗ്രഹങ്ങളെയും സപ്പോർട്ട് ചെയ്യുന്ന മികച്ചൊരു പങ്കാളിയെയാണ് തനിക്ക് ലഭിച്ചതെന്നും സ്വാസിക കൂട്ടിച്ചേർത്തു.