‘9–ാം ക്ലാസ് മുതൽ രസ്ന അഭിനയിച്ചുണ്ടാക്കിയ പണം, വിവാഹത്തിന് ശേഷം ഒരു വർഷം കൂടി ചെലവിന് തന്നത് അവൾ’; മറുപടിയുമായി അമ്മ സാജിത

','

' ); } ?>

മലയാള ടെലിവിഷൻ ചരിത്രത്തിൽ വലിയ തരംഗമായി മാറിയ ‘പാരിജാതം’ എന്ന സീരിയലിലൂടെ ഇരട്ടക്കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് രസ്ന. പരമ്പരയിലെ സീമ, അരുണ എന്നീ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടംനേടിയ താരം, പ്രണയവിവാഹത്തെത്തുടർന്ന് അഭിനയരംഗത്തുനിന്ന് പൂർണ്ണമായും വിട്ടുനിൽക്കുകയാണ്. എന്നാൽ, കരിയറിന്റെ ഉച്ചസ്ഥായിയിൽ നിൽക്കെ കുടുംബത്തിൽ നിന്നു വിട്ടുപോയ രസ്നയുമായി മാതാപിതാക്കൾക്ക് ഇപ്പോഴും ബന്ധമുണ്ടോ എന്ന ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി നടിയുടെ അമ്മ സാജിത രംഗത്തെത്തി. കുടുംബത്തെ സാമ്പത്തികമായി കരകയറ്റാൻ സ്വന്തം സന്തോഷങ്ങൾ മാറ്റിവെച്ച് കഠിനാധ്വാനം ചെയ്ത മകളോട് തനിക്കൊരിക്കലും പിണങ്ങിയിരിക്കാൻ കഴിയില്ലെന്ന് സാജിത വെളിപ്പെടുത്തി. രസ്നയുടെ മൂന്ന് പ്രസവ സമയത്തും താൻ തന്നെയാണ് കൂടെയുണ്ടായിരുന്നതെന്നും മക്കളോട് എങ്ങനെയാണ് പിണങ്ങാൻ കഴിയുകയെന്നും അവർ ചോദിക്കുന്നു.

രണ്ട് ചെറിയ കുട്ടികളുമായി ഭർത്താവിന്റെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ കൈവശം ആകെയുണ്ടായിരുന്നത് പതിനായിരം രൂപ മാത്രമാണെന്നും, പിന്നീട് യാതൊരു മുൻപരിചയവുമില്ലാതെ തിരുവനന്തപുരത്തെത്തിയാണ് ജീവിതം പച്ചപിടിപ്പിച്ചതെന്നും സാജിത പറയുന്നു. ‘പാരിജാതം’ സീരിയലിൽ വളരെ കുറഞ്ഞ പ്രതിഫലത്തിനാണ് ആദ്യം കരാറൊപ്പിട്ടത്. തുടർന്ന് കന്യാകുമാരി മുതൽ കാസർഗോഡ് വരെയും ദുബായ്, ഖത്തർ തുടങ്ങിയ വിദേശ രാജ്യങ്ങളിലുമൊക്കെയായി മാസത്തിൽ 15-20 ദിവസം സീരിയൽ ജോലികളും ബാക്കി ദിവസങ്ങളിൽ ഉദ്ഘാടനങ്ങളും സ്റ്റേജ് ഷോകളുമായി രസ്നയും കുടുംബവും കഠിനാധ്വാനം ചെയ്തു. അക്കാലത്ത് ഡിജിറ്റൽ ഇടപാടുകൾ ഇല്ലാതിരുന്നതിനാൽ കിട്ടുന്ന പണം മുഴുവൻ അരയിൽ തുണിപേഴ്സ് കെട്ടിവെച്ചാണ് സുരക്ഷിതമായി സൂക്ഷിച്ചിരുന്നത്.

മകൾ കഷ്ടപ്പെട്ടുണ്ടാക്കിയ ആ പ്രധാന തുകയിൽ നിന്ന് ഒരു രൂപ പോലും താൻ ചെലവഴിച്ചിരുന്നില്ലെന്നും, യാത്രാബത്തയിൽ നിന്ന് മിച്ചം പിടിച്ച തുകയും പിന്നീട് വന്ന വരുമാനവും ബുദ്ധിപൂർവ്വം പലയിടങ്ങളിലായി നിക്ഷേപിച്ചാണ് വീടുവെച്ചതെന്നും സാജിത വ്യക്തമാക്കി. വീടിന്റെ ലോണെല്ലാം തീർത്ത്, സ്വന്തം കാറും അത്യാവശ്യം സേവിങ്സും ഉണ്ടാക്കിയ ശേഷമാണ് രസ്നയുടെ വിവാഹം നടന്നത്. ഇന്നുവരെ ഭർത്താവിന്റെയോ പുറത്തുനിന്നുള്ള ആരുടെയും കൈയിൽ നിന്ന് ഒരു നൂറു രൂപ പോലും തങ്ങൾക്ക് വാങ്ങേണ്ടി വന്നിട്ടില്ലെന്നും, ഒരു പുരുഷന്റെ സഹായമില്ലാതെയും സ്ത്രീകൾക്ക് ജീവിക്കാൻ കഴിയുമെന്ന് തങ്ങളും ജീവിതം കൊണ്ട് തെളിയിച്ചതാണെന്നും അവർ കൂട്ടിച്ചേർത്തു. ഫത്തിമത്ത് രസ്ന എന്ന യഥാർത്ഥ പേരുള്ള താരം ‘സിന്ദൂരച്ചെപ്പ്’, ‘വൃന്ദാവനം’, ‘നന്ദനം’ തുടങ്ങിയ സീരിയലുകളിലും ചില സിനിമകളിലും വേഷമിട്ടിട്ടുണ്ട്. ‘പാരിജാതം’ സീരിയലിന്റെ സംവിധായകനായ ബൈജു ദേവരാജുമായുള്ള വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ താരം നിലവിൽ കുടുംബത്തോടൊപ്പം ജീവിക്കുന്നു. പ്രമുഖ സീരിയൽ നടി മെർഷീന നീനു രസ്നയുടെ സഹോദരിയാണ്.

സാജിതയുടെ വാക്കുകൾ: 

“എന്റെ വിഡിയോകൾ കണ്ടിട്ട് ഭൂരിപക്ഷം ആളുകളും എന്നോട് ചോദിച്ച പ്രധാന കാര്യമായിരുന്നു, ‘എന്തായിരുന്നു എനിക്ക് ജോലി?’, ‘എന്തായിരുന്നു എന്റെ വരുമാനം?’, ‘എങ്ങനെയാണ് ഞാൻ ഇത്രയും സെറ്റിലായത്?’ എന്നൊക്കെ. എല്ലാവർക്കും നമ്മൾ വിജയിച്ച കഥകൾ കേൾക്കാനാണല്ലോ ഇഷ്ടം. ഒരു വലിയ പുസ്തകം എഴുതാൻ മാത്രമുള്ള കഥകൾ എന്റെ ജീവിതത്തിലുണ്ട്. എങ്കിലും ഞാൻ ഏത് അവസ്ഥയിൽ നിന്നാണ് വന്നതെന്നും എങ്ങനെയാണ് ഈ നിലയിൽ എത്തിയതെന്നും മൂന്നു നാലു വിഡിയോകളിലായി ഞാൻ ചുരുക്കി പറയാം. ആരെയും കുറ്റപ്പെടുത്താൻ താല്പര്യമില്ലാത്തതുകൊണ്ടാണ് ഡിവോഴ്സിന് മുന്നെയുള്ള കാര്യങ്ങൾ പറയാത്തത്. ജോലിയില്ലാത്ത ഒരു പെണ്ണ് രണ്ട് ചെറിയ കുട്ടികളുമായി ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരണമെങ്കിൽ അത്രയധികം സഹിച്ചിട്ടായിരിക്കും എന്ന് മാത്രം നിങ്ങൾ മനസ്സിലാക്കിയാൽ മതി.

ആ വീട്ടിൽ നിന്ന് ഇറങ്ങിപ്പോരുന്ന സമയത്ത് മൂത്തമോൾ രസ്ന ഒമ്പതാം ക്ലാസിൽ പഠിക്കുകയാണ്. അവൾ അന്ന് അഭിനയിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ, വലിയ വരുമാനമൊന്നും വന്നു തുടങ്ങിയിരുന്നില്ല. ചെറുതായി സൂക്ഷിച്ചുവെച്ച ഒരു പതിനായിരം രൂപ മാത്രമാണ് എന്റെ കയ്യിൽ ആകെയുണ്ടായിരുന്നത്. ആ പൈസയും കൊണ്ടാണ് മക്കളുമായി ജീവിതം തുടങ്ങാൻ ഞാൻ ഇറങ്ങുന്നത്. മുന്നിൽ ഒരു വഴിയുമില്ലാതിരുന്ന സമയത്ത്, എനിക്കും മക്കൾക്കും സമാധാനമായി ഉറങ്ങാൻ ഒരു വീടും ജീവിക്കാനൊരു മാർഗ്ഗവും തരണേ എന്ന് ഞാൻ പടച്ചോനോട് ഒരുപാട് പ്രാർത്ഥിച്ചു. നമ്മൾ ഒരുപാട് പ്രാർത്ഥിച്ചാൽ ദൈവം അത് കേൾക്കും എന്നുള്ളതിന് നൂറു ശതമാനം തെളിവാണ് എന്റെ ജീവിതം. അങ്ങനെയാണ് ‘പാരിജാതം’ എന്ന സീരിയൽ ഞങ്ങളുടെ മുന്നിലേക്ക് എത്തുന്നത്.

അന്ന് എനിക്ക് തിരുവനന്തപുരത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങളൊന്നും അറിയില്ലായിരുന്നു. എങ്കിലും പണ്ടുമുതലേ എനിക്ക് ജീവിക്കാനുള്ള തന്റേടവും തനിയെ കാര്യങ്ങൾ ചെയ്യാനുള്ള പ്രാപ്തിയുമുണ്ടായിരുന്നു. ‘പാരിജാതം’ കമ്മിറ്റ് ചെയ്യുമ്പോൾ വളരെ കുറഞ്ഞ പേയ്മെന്റിലാണ് ഞങ്ങൾ കരാറൊപ്പിടുന്നത്, കാരണം പേയ്മെന്റ് എങ്ങനെ ചോദിക്കണം എന്നൊന്നും അന്ന് അറിയില്ലായിരുന്നു. ആദ്യം ഇളയമോളെ നാട്ടിൽ നിർത്തിയിട്ടാണ് ഞാൻ രസ്നയുടെ കൂടെ തിരുവനന്തപുരത്തേക്ക് ഷൂട്ടിന് വന്നിരുന്നത്. ഞങ്ങൾ പോരുമ്പോൾ കുഞ്ഞ് കരച്ചിലോടു കരച്ചിലായിരുന്നു. കുഞ്ഞിനെ പിരിഞ്ഞിരിക്കാൻ വയ്യാതായതോടെയാണ് തിരുവനന്തപുരത്ത് ഒരു വീട് വാടകയ്ക്കെടുത്ത് താമസം മാറുന്നത്. ഷൂട്ടിങ് ആവശ്യത്തിന് ഞങ്ങൾ ഇവിടെയുള്ളതുകൊണ്ട് വീടിന്റെ വാടക നിർമാതാക്കൾ തന്നെ തരുമായിരുന്നു.

രാവിലെ മോളെ സ്കൂളിലയയ്ക്കാനും രാത്രി വന്ന് അവൾക്ക് കാര്യങ്ങൾ ചെയ്തു കൊടുക്കാനുമൊക്കെ ഞാൻ കൂടെത്തന്നെയുണ്ടായിരുന്നു. രസ്നയുടെ രണ്ട് ക്യാരക്ടറുകൾക്ക് വേണ്ട വസ്ത്രങ്ങൾ പർച്ചേസ് ചെയ്യുന്നതും സ്റ്റിച്ച് ചെയ്യിക്കുന്നതും ലുക്ക് സെറ്റ് ചെയ്യുന്നതുമൊക്കെ ഞാൻ തന്നെയായിരുന്നു. അങ്ങനെ ഒരു ആറുമാസം കഴിഞ്ഞപ്പോൾ ‘പാരിജാതം’ വൻ ഹിറ്റായി മാറി. അതിനുശേഷം ഞങ്ങൾക്ക് തുടരെത്തുടരെ ഉദ്ഘാടനങ്ങൾ ലഭിച്ചു തുടങ്ങി. കന്യാകുമാരി മുതൽ കാസർഗോഡ് വരെയും ദുബായ്, ഖത്തർ, ബഹ്റൈൻ, മസ്കറ്റ്, ഡൽഹി, ബോംബെ, ബാംഗ്ലൂർ എന്നിവിടങ്ങളിലുമൊക്കെയായി മാസത്തിൽ 15-20 ദിവസം സീരിയൽ വർക്കും ബാക്കി ദിവസങ്ങളിൽ ഉദ്ഘാടനങ്ങളും സ്റ്റേജ് ഷോകളുമായി ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അങ്ങനെയാണ് ഞങ്ങൾ ഇന്നത്തെ നിലയിലേക്ക് ഉയർന്നത്.

അന്ന് ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് തുടർച്ചയായി യാത്രയായിരിക്കും. തിരുവനന്തപുരത്തുനിന്ന് തുടങ്ങി കൊല്ലം, ആലപ്പുഴ, കട്ടപ്പന, മൂവാറ്റുപുഴ, കാസർഗോഡ് വരെ കണക്ട് ചെയ്ത് ഒന്നിച്ച് തിയതികൾ നൽകി യാത്രകൾ പ്ലാൻ ചെയ്യുന്നത് ഞാനായിരുന്നു. ഡ്രൈവറെ വച്ചായിരുന്നു അന്ന് യാത്രകൾ. അന്ന് ഒരു ഉദ്ഘാടനത്തിന് 25,000 മുതൽ 30,000 രൂപ വരെയായിരുന്നു ലഭിച്ചിരുന്നത്. ഇൻസ്റ്റഗ്രാം ഒന്നുമില്ലാത്ത കാലമായതുകൊണ്ട് ചെറു പരസ്യങ്ങളും ചെയ്‌തിരുന്നു. ചില ദിവസങ്ങളിൽ നാല് ഉദ്ഘാടനങ്ങൾ വരെ ഒക്കെ ഞങ്ങൾ ചെയ്യുമായിരുന്നു.  അക്കാലത്ത് ഇന്നത്തെപ്പോലെ ഗൂഗിൾ പേയോ മറ്റ് ഡിജിറ്റൽ ഇടപാടുകളോ ഒന്നുമില്ലാത്തതിനാൽ മുഴുവൻ പേയ്‌മെന്റും ക്യാഷായിട്ടാണ് കിട്ടിയിരുന്നത്. ഡ്രൈവർമാർക്ക് മുന്നിൽ വെച്ച് പണം വാങ്ങുന്നതിലും കൈവശം സൂക്ഷിക്കുന്നതിലും വലിയ ഭയവും ടെൻഷനുമായിരുന്നു. അതുകൊണ്ട് അരയിൽ ഒരു തുണിപേഴ്സ് കെട്ടിവെച്ചാണ് ഒരാഴ്ചത്തെ പണം ഞാൻ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത്. എങ്കിലും സീരിയലിൽ നിന്ന് കിട്ടുന്ന പണം ഞാൻ ഒട്ടും ചെലവഴിക്കില്ലായിരുന്നു. രാപകലില്ലാതെ രണ്ട് കഥാപാത്രങ്ങൾ ചെയ്ത് എന്റെ കുട്ടി കഷ്ടപ്പെട്ടുണ്ടാക്കുന്ന പണമായതുകൊണ്ട് ആ മെയിൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഞാൻ തൊടില്ലായിരുന്നു.

ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ യാത്രയ്ക്കായി സംഘാടകർ തരുന്ന യാത്രാബത്തയിൽ നിന്നാണ് ഞാൻ ഞങ്ങളുടെ ദിവസേനയുള്ള ചെലവുകൾ നടത്തിയിരുന്നത്. ഒന്നിച്ച് ഒന്നിലധികം പരിപാടികൾക്ക് പോകുമ്പോൾ യാത്രാച്ചെലവിൽ നിന്ന് തുക മിച്ചം പിടിക്കാൻ സാധിക്കുമായിരുന്നു. സീരിയലിൽ നിന്നുള്ള പ്രധാന വരുമാനം പൂർണ്ണമായും സൂക്ഷിച്ച്, വലിയൊരു തുകയാകുമ്പോൾ അത് ഏറ്റവും പ്രയോജനകരമായ പലയിടങ്ങളിലായി ഇൻവെസ്റ്റ് ചെയ്തു. അങ്ങനെ കഷ്ടപ്പെട്ട് ഇൻവെസ്റ്റ് ചെയ്ത പണം കൊണ്ട് ഒടുവിൽ ഞങ്ങൾ സ്വന്തമായി വീടുവെച്ചു. വീടുവയ്ക്കാനുള്ള പണം കയ്യിലുണ്ടായിരുന്നെങ്കിലും മുഴുവൻ തുകയും അതിനായി ചെലവാക്കാതെ, ഒരു പങ്ക് ഭാവി സുരക്ഷിതത്വത്തിനായി ഇൻവെസ്റ്റ് ചെയ്ത് മാറ്റി നിർത്തുകയും ചെയ്തു.

വീടുവയ്ക്കാൻ തുക തികയാതെ വന്നപ്പോൾ കയ്യിലുള്ള പണം മുഴുവൻ എടുക്കാതെ ഒരു ഭാഗം മാറ്റി വെച്ച്, ബാക്കി കുറച്ച് ലോൺ എടുത്താണ് കാര്യങ്ങൾ ചെയ്തത്. ഇതിനിടയിൽ ഇളയമകൾ നിനുവിന്റെ കാര്യങ്ങളും നോക്കേണ്ടിയിരുന്നു. തിരുവനന്തപുരത്തല്ലാത്ത ദൂരസ്ഥലങ്ങളിലെ ഫങ്ഷനുകൾക്കായി എയർപോർട്ടുകൾ കയറിയിറങ്ങി വിമാനമാർഗ്ഗം ഓടിനടക്കുകയായിരുന്നു. ആദ്യമൊന്നും ചെലവ് ചുരുക്കാനായി ഒരു വാഷിങ് മെഷീൻ പോലും വാങ്ങിയിരുന്നില്ല. സീരിയലിലെ വസ്ത്രങ്ങളെല്ലാം ഞാൻ കല്ലിൽ തല്ലിയാണ് കഴുകിയിരുന്നത്. രസ്നയ്ക്ക് ഷൂട്ടിങ് ഇല്ലാത്ത ദിവസങ്ങളിൽ അവർക്ക് റെസ്റ്റ് കിട്ടുമെങ്കിലും എനിക്ക് പുതിയ ഡ്രസ്സുകൾ വാങ്ങാനും സ്റ്റിച്ച് ചെയ്യാനും കഴുകാനുമായി വിശ്രമമില്ലാത്ത പണിയായിരുന്നു.

വീടുപണി കഴിഞ്ഞ് കുറച്ച് ലോൺ ബാക്കിയുള്ളപ്പോഴാണ് രസ്ന തന്റെ പ്രണയത്തെക്കുറിച്ചും, ഇനി ഒരു വർഷം കൂടി മാത്രമേ അഭിനയിക്കൂ എന്നും എന്നോട് പറയുന്നത്. കേട്ടപ്പോൾ എനിക്ക് വലിയൊരു ഷോക്കായിരുന്നു. അന്ന് ആ കല്യാണത്തിനോട് എനിക്ക് ചില എതിർപ്പുകളും പ്രശ്നങ്ങളും ഉണ്ടായിരുന്നു. എങ്കിലും വിവാഹത്തിന് മുൻപ് തന്നെ, ‘ഇനി കിട്ടുന്ന പണം കൊണ്ട് എനിക്ക് വീടിന്റെ ലോൺ മുഴുവൻ അടച്ചുതീർക്കണം, നിങ്ങളെ സേഫ് ആക്കണം’ എന്ന് അവൾ നിർബന്ധം പിടിച്ചു. അങ്ങനെ കിട്ടിയ വരുമാനം കൊണ്ട് ലോണെല്ലാം അടച്ചുതീർത്തു. ആളുകൾ എന്തൊക്കെ കുറ്റം പറഞ്ഞാലും ഞങ്ങൾക്ക് താമസിക്കാൻ ഒരു വീടുണ്ടാക്കി തന്ന് ഞങ്ങളെ സുരക്ഷിതരാക്കിയത് അവളുടെ അധ്വാനം തന്നെയാണ്.

ഞങ്ങൾ മൂന്നുപേരും ഒരുപോലെ കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്. മകൾ നിനുവും ഒരുപാട് ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. സ്കൂളുള്ള ദിവസങ്ങളിൽ അവൾ അടുത്തവീട്ടിലെ ചേച്ചിമാരുടെ കൂടെയായിരുന്നു നിൽക്കുക. അക്കാലത്ത് എപ്പോഴും പുറത്തുനിന്ന് ഹോട്ടൽ ഭക്ഷണം വാങ്ങി കഴിക്കുന്ന രീതിയില്ലായിരുന്നു. ഞാൻ ബിരിയാണിയൊക്കെ ഉണ്ടാക്കി ഫ്രിഡ്ജിൽ വച്ചിട്ടാണ് പോവുക, അവരത് എടുത്ത് ചൂടാക്കി കഴിക്കും. അങ്ങനെ ആറുവർഷത്തോളം ഞങ്ങൾ മൂന്നുപേരും ഒരേപോലെ ത്യാഗം സഹിച്ചു. ആളുകൾക്ക് ‘പാരിജാതം’ മാത്രമേ അറിയുള്ളൂവെങ്കിലും അതുകൂടാതെ അഞ്ചാറു സീരിയലുകളിൽ അവൾ വേറെയും അഭിനയിച്ചിരുന്നു.

വീടിന്റെ ലോണെല്ലാം തീർത്ത്, സ്വന്തമായി വണ്ടിയും അത്യാവശ്യം സേവിങ്സും ആക്കിയ ശേഷമാണ് രസ്നയുടെ കല്യാണം നടക്കുന്നത്. ഇന്നുവരെ രസ്നയുടെ ഭർത്താവിന്റെയോ അല്ലെങ്കിൽ പുറത്തുനിന്നുള്ള ഒരു ആണിൽ നിന്നോ പെണ്ണിൽ നിന്നോ ഒരു നൂറു രൂപ പോലും ഞങ്ങൾക്ക് വാങ്ങേണ്ടി വന്നിട്ടില്ല. രസ്ന പോയശേഷം ഒരു വർഷം കൂടി അവൾ ഞങ്ങൾക്ക് ചെലവിനായി അഭിനയിച്ച് കിട്ടിയതിൽ നിന്നും തന്നു. ഞാൻ ഒരു വർഷം കൂടി നിങ്ങളുടെ കാര്യം നോക്കാമെന്ന് പറഞ്ഞു. അഭിനയം നിർത്താൻ പോകുമ്പോൾ ഒരു വർഷം ഞങ്ങൾക്ക് ചെലവിനുള്ളത് അവൾ തന്നു. രസ്ന അവൾക്ക് ഇഷ്ടപ്പെട്ട ഒരാളെ കല്യാണം കഴിച്ചുവെന്ന് അല്ലാതെ അതിന് മുമ്പ് അവൾ ഒരിക്കലും അവൾക്കു വേണ്ടി ജീവിച്ചിരുന്നില്ല. ഞങ്ങൾക്ക് സെറ്റിലാകാൻ വേണ്ടത് ചെയ്യുകയായിരുന്നു രസ്ന. ഇപ്പോൾ അവൾക്ക് വേണ്ടത് അവളുടെ ഭർത്താവ് കൊടുക്കുന്നുണ്ട്. ഞങ്ങൾക്കൊപ്പം ആയിരുന്നപ്പോൾ ഞങ്ങൾക്ക് വേണ്ടിയാണ് അവൾ ജീവിച്ചിട്ടുള്ളത്.

എന്നോട് പലരും ചോദിക്കുന്ന കാര്യമാണ് രസ്നയോട് മിണ്ടാറുണ്ടോ എന്നത്. മക്കളോട് എങ്ങനെയാണ് നമുക്ക് പിണങ്ങാനാവുക? നമുക്ക് വേണ്ടി ജീവിച്ച മക്കളാകുമ്പോൾ എങ്ങനെ അവരോടും പിണങ്ങും. അവളുടെ മൂന്ന് പ്രസവ സമയത്തും ഞാൻ തന്നെയാണ് അവളെ നോക്കിയത്. ആദ്യത്തെ പ്രസവശേഷം ഒരു വർഷം അവൾക്കൊപ്പം ഞാൻ ഉണ്ടായിരുന്നു. അതിനുശേഷം ഇളയ മകൾ നീനുവിന് ഷൂട്ടിങ് തുടങ്ങി. അവൾക്കൊപ്പം പോകണം. എട്ട്, പത്ത് വർഷമായി നീനു സീരിയൽ അഭിനയത്തിൽ സജീവമാണ്. അവൾക്കൊപ്പം അവൾക്ക് വേണ്ടതെല്ലാം ചെയ്ത് കൊടുത്ത് ഒപ്പം നിന്നു. ഞങ്ങൾ മൂന്നാളും കഷ്ടപ്പെട്ടുണ്ടാക്കിയ പണം കൊണ്ടു മാത്രമാണ് ജീവിച്ചത്. കിട്ടിയ വരുമാനം ഞാൻ ബുദ്ധിപൂർവ്വം പലയിടങ്ങളിലായി ഇൻവെസ്റ്റ് ചെയ്തു. അതിൽ നിന്ന് കിട്ടിയ പ്രോഫിറ്റ് എടുക്കാതെ വീണ്ടും റീ-ഇൻവെസ്റ്റ് ചെയ്താണ് ഞങ്ങൾ സാമ്പത്തികമായി വളർന്നതും ഇന്നത്തെ നിലയിൽ എത്തിയതും.

ദൈവാനുഗ്രഹത്താൽ ഞാൻ ആഗ്രഹിച്ചതെല്ലാം നേടിയെടുത്തു. ഇപ്പോൾ കുറച്ചുകാലമായി ഒരു ഇന്ത്യൻ കോപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയിൽ സീനിയർ ഡെവലപ്‌മെന്റ് ഓഫീസറായി ഞാൻ ജോലി ചെയ്യുന്നുണ്ട്. പണ്ട് ഞാൻ മാറ്റിനിർത്തിയ തുക ബിസിനസ്സിലും മറ്റും ഇൻവെസ്റ്റ് ചെയ്തതിലൂടെ കിട്ടുന്ന പ്രോഫിറ്റും ഇപ്പോൾ ഈ ജോലിയിലൂടെ ലഭിക്കുന്ന ശമ്പളവും കൊണ്ടാണ് ഞാൻ സന്തോഷത്തോടെ ജീവിക്കുന്നത്. അന്ന് രസ്നയുമൊത്ത് വച്ച ആ വീട് അടുത്തിടെ ഞാൻ സ്വന്തം പണം മുടക്കി പുതുക്കിപ്പണിതു. അതിന്റെ എല്ലാ പണികളും ഞാൻ തന്നെയാണ് മുൻകൈ എടുത്തു ചെയ്യിപ്പിച്ചത്.

ഞാൻ പണത്തിന്റെ കാര്യത്തിൽ ഭയങ്കര പിശുക്കത്തിയായിരുന്നു. നമ്മൾ ആഗ്രഹിച്ച ലക്ഷ്യത്തിൽ എത്തുന്നതുവരെ കയ്യിൽ കിട്ടുന്ന പണം അപ്പോൾ തന്നെ ചെലവാക്കി കഴിഞ്ഞാൽ ഒടുവിൽ ഒന്നും ബാക്കിയുണ്ടാവില്ല. ആദ്യം പണം സേവ് ചെയ്യുക, ആ തുക ഉപയോഗിച്ച് ബിസിനസ്സോ ഇൻവെസ്റ്റ്‌മെന്റോ ചെയ്ത് അതിൽ നിന്ന് പണം ഉണ്ടാക്കുക എന്നതാണ് എന്റെ രീതി. പ്രധാനപ്പെട്ട ഒരു കാര്യം, ഒരിക്കലും ‘വിത്ത് എടുത്ത് തിന്നരുത്’. വിത്ത് കുഴിച്ചിട്ട് അതിൽ നിന്ന് പൊട്ടിമുളച്ചുണ്ടാകുന്ന ഫലം മാത്രമേ നമ്മൾ എടുക്കാൻ പാടുള്ളൂ. മകൾ കഷ്ടപ്പെട്ട് അഭിനയിച്ചുണ്ടാക്കിയ ആ മെയിൻ ഫണ്ട് അഥവാ ‘വിത്ത്’ ഞാൻ ഒരിക്കലും തൊട്ടിട്ടില്ല. അതിൽ നിന്ന് ഉണ്ടാകുന്ന ലാഭം മാത്രമാണ് ഞാൻ ഉപയോഗിച്ചത്. അങ്ങനെ ചെയ്താൽ നമുക്ക് ഒരിക്കലും സാമ്പത്തിക തകർച്ച വരില്ല.

ഇടയ്ക്കൊരു ബാങ്ക് തട്ടിപ്പിൽ പെട്ടതൊഴിച്ചാൽ, ഇത്രയും കാലം ഞാൻ നടത്തിയ ഇൻവെസ്റ്റ്‌മെന്റുകളിലൊന്നും എനിക്ക് ചതി പറ്റിയിട്ടില്ല. നമ്മൾ എപ്പോഴും വലുതായി ആഗ്രഹിക്കുകയും സ്വപ്നം കാണുകയും വേണം. മലയോളം ആഗ്രഹിച്ചാൽ കുന്നോളമെങ്കിലും പടച്ചോൻ നമുക്ക് തരും. കൂടുതൽ കൂടുതൽ സ്വപ്നങ്ങൾ കാണുക, അതിൽ ഞാൻ എത്തുക തന്നെ ചെയ്യും. ദൈവം 100 ശതമാനവും നമ്മളോടൊപ്പം ഉണ്ടാകും. ഇപ്പോൾ കയ്യിൽ പണമുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എന്ന് ചിലപ്പോൾ നിങ്ങൾക്ക് തോന്നാം. പക്ഷേ, ഞാനൊരിക്കലും വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല, കഠിനാധ്വാനം ചെയ്ത് ജീവിച്ചു ജയിച്ചതാണ്.

പൈസയുള്ളതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ, വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ച ആളല്ല ഞാൻ. ഞാനും എന്റെ മക്കളും ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടാക്കിയ പണമാണിത്. ആണുങ്ങളില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ, 100% പറ്റും എന്ന് ഞാൻ പറയും. എനിക്ക് ആണുങ്ങളോട് ദേഷ്യമോ വെറുപ്പോ ഒന്നുമില്ല, ഒരുപാട് പുരുഷന്മാരായ കൂട്ടുകാർ എനിക്കുമുണ്ട്. പക്ഷേ ഒരു പുരുഷന്റെ സഹായമില്ലാതെ ജീവിക്കാൻ പറ്റുമോ എന്ന് ചോദിച്ചാൽ, അത് സാധിക്കുമെന്ന് ഞാനും എന്റെ മക്കളും ജീവിതം കൊണ്ട് തെളിയിച്ചതാണ്.

ഞങ്ങൾ ഒരാളുടെയും ഒരു രൂപ പോലും അനർഹമായി വാങ്ങിയിട്ടില്ല. ഒരു അനാവശ്യ വഴികളിലൂടെയും ഞാനും എന്റെ മക്കളും ഒരു നൂറു രൂപ പോലും ഉണ്ടാക്കിയിട്ടുമില്ല. പടച്ചോനെ ഓർത്ത്, എന്റെ രണ്ടു മക്കളെയും തൊട്ട് ഞാൻ പറയുകയാണ്; ഞങ്ങൾ കഠിനാധ്വാനം ചെയ്തു മാത്രം ഉണ്ടാക്കിയ പണമാണിത്. അല്ലാതെ ആരുടെയും ഒരു പൈസയും ഞങ്ങളുടെ കയ്യിലില്ല.

ഞങ്ങളെ സഹായിക്കാൻ അന്ന് ആരും ഉണ്ടായിരുന്നില്ല. ജീവിതത്തിലെ കാര്യങ്ങളെല്ലാം ഒറ്റയ്ക്ക് തന്നെ മാനേജ് ചെയ്തത് ഞാൻ തന്നെയാണ്. അതുകൊണ്ടുതന്നെ ഞങ്ങൾ സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ കാര്യങ്ങൾ തുറന്നു പറയാൻ എനിക്ക് വലിയ ആത്മവിശ്വാസമുണ്ട്. കാര്യങ്ങളെല്ലാം തനിയെ മാനേജ് ചെയ്യാനുള്ള ആ പ്രാപ്തി ഇപ്പോഴും എനിക്കുണ്ട്.”

മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു ‘പാരിജാതം’ എന്ന സൂപ്പർഹിറ്റ് സീരിയലിലെ ‘സീമ’, ‘അരുണ’ എന്നീ ഇരട്ടക്കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയായ രസ്ന. ഫാത്തിമത്ത് രസ്ന എന്ന യഥാർത്ഥ പേരുള്ള താരം ‘സിന്ദൂരച്ചെപ്പ്’, ‘വൃന്ദാവനം’, ‘വധു’, ‘നന്ദനം’ തുടങ്ങിയ സീരിയലുകളിലും ‘ചോക്ലേറ്റ്’, ‘കാര്യസ്ഥൻ’, ‘വെള്ളരിപ്രാവിന്റെ ചങ്ങാതി’ എന്നീ സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. കുടുംബത്തെ സാമ്പത്തികമായി കരകയറ്റാൻ ചെറുപ്രായത്തിൽ തന്നെ അഭിനയരംഗത്ത് കഠിനാധ്വാനം ചെയ്ത രസ്ന ‘പാരിജാത’ത്തിന്റെ സംവിധായകനായ ബൈജു ദേവരാജുമായുള്ള വിവാഹശേഷമാണ് അഭിനയത്തോട് വിടപറഞ്ഞത്. വിവാഹശേഷം മതം മാറി സാക്ഷി ബി. ദേവരാജ് എന്ന പേര് സ്വീകരിച്ച താരം നിലവിൽ ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം കുടുംബജീവിതം നയിക്കുകയാണ്. പ്രമുഖ സീരിയൽ നടി മെർഷീന നീനു, രസ്നയുടെ സഹോദരിയാണ്.