
നടൻ ഫഹദ് ഫാസിലിനെ പ്രശംസിച്ച് നടൻ സൂര്യ. തങ്ങളിരുപേർക്കും ഒന്നും വെറുതെ കിട്ടിയതല്ലെന്നും, ഒരുപാട് വീണും മുട്ടുപൊട്ടിയുമൊക്കെ തന്നെയാണ് ഒടുവിൽ എഴുന്നേറ്റ് നിൽക്കാൻ പഠിച്ചതെന്നും സൂര്യ പറഞ്ഞു. കൂടാതെ ഫഹദ് അതിമനോഹരമായാണ് അഭിനയിക്കുന്നതെന്നും, തനിക്കിതുവരെ ഫഹദിനെ പോലെ ആകാൻ കഴിഞ്ഞിട്ടില്ലെന്നും സൂര്യ കൂട്ടിച്ചേർത്തു. ‘ഡോണ്ട് ട്രബിൾ ദ് ട്രബിൾ’ എന്ന ചിത്രത്തിന്റെ പ്രൊമോഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫഹദിന്റെ വാക്കുകൾ;
‘ഫഹദ് എന്നെ ‘അണ്ണാ’ എന്ന് വിളിച്ചതിൽ എനിക്ക് വലിയ സന്തോഷമുണ്ട്; അങ്ങനെ അണ്ണാ എന്ന് വിളിച്ചിട്ട് പിന്നീട് അത് മാറ്റി ‘സർ’ എന്ന് വിളിക്കരുത് കേട്ടോ. ഞങ്ങൾ രണ്ടുപേരും തമ്മിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്, ഒന്നിച്ച് ഒരുപാട് സമയം ചെലവഴിച്ചിട്ടുമുണ്ട്. രാവിലെയെന്നോ ഉച്ചയെന്നോ വൈകുന്നേരമെന്നോ പാതിരാത്രിയെന്നോ വ്യത്യാസമില്ലാതെ ഞങ്ങൾ സംസാരിച്ചിരുന്ന എത്രയോ ഓർമകളുണ്ട്. ഞങ്ങളുടെ കരിയറിന്റെ തുടക്കകാലത്തെക്കുറിച്ചും ഞങ്ങൾ നേരിട്ട സമാനതകളെക്കുറിച്ചുമൊക്കെ ഞങ്ങൾ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ആദ്യമേ തന്നെ, ഒന്നും ഞങ്ങൾക്കത്ര എളുപ്പത്തിൽ കിട്ടിയതല്ല; ഒരുപാട് വീണും മുട്ടുപൊട്ടിയുമൊക്കെ തന്നെയാണ് ഒടുവിൽ എഴുന്നേറ്റ് നിൽക്കാൻ പഠിച്ചത്. ആ ഓർമ്മകളെല്ലാം ഇത്രയും തുറന്ന മനസ്സോടെ പങ്കുവെച്ചതിന് ഫഹദിന് ഒത്തിരി നന്ദി.
സാധാരണ നമ്മളൊക്കെ ഒരു സിനിമ ചെയ്യുമ്പോൾ ‘കണക്കുവാധ്യാന്മാരെപ്പോലെ’ ഒരുപാട് കണക്കുകൂട്ടലുകൾ നടത്താറുണ്ട് ഇങ്ങനെ ഒരു സിനിമ ചെയ്താൽ ആളുകൾക്ക് ഇഷ്ടപ്പെടുമോ, എന്റെ ഇമേജിനെ ബാധിക്കുമോ എന്നൊക്കെ. സത്യത്തിൽ ഞാൻ ഇപ്പോഴും അങ്ങനെയൊക്കെ ചിന്തിച്ച് തെറ്റായ കണക്കുകൂട്ടലുകൾ നടത്താറുണ്ട്, എനിക്ക് ഫഹദിനെപ്പോലെ ആകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഫഹദിന് അത്തരം ഇമേജ് ഭാരങ്ങളോ കണക്കുകൂട്ടലുകളോ ഒന്നുമില്ല. അദ്ദേഹം കഥാപാത്രത്തെയും കഥയെയും മാത്രമാണ് നോക്കുന്നത്. “ഈ കഥ നല്ലതാണോ, കഥാപാത്രം നന്നായിട്ടുണ്ടോ, ഈ കണ്ടന്റ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കാൻ കഴിയുമോ” എന്ന് മാത്രമാണ് അദ്ദേഹം നിഷ്കളങ്കമായി, തുറന്ന മനസ്സോടെ ചിന്തിക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തിൽ നിന്ന് നമുക്ക് ഇത്രയും മികച്ച സിനിമകൾ ലഭിക്കുന്നത്.
നമ്മളൊക്കെ ഒരു കഥാപാത്രമായി മാറാൻ ശ്രമിക്കുമ്പോൾ ഫഹദ് ആ കഥാപാത്രമായിത്തന്നെ ജീവിക്കുകയാണ് ചെയ്യുന്നത്. അദ്ദേഹം അതിമനോഹരമായാണ് അഭിനയിക്കുന്നത്. എല്ലാ ഭാഷകളിലും അഭിനയിച്ച് ശബ്ദവും കൊടുക്കുന്നു. നമ്മൾ കഥാപാത്രമാകാൻ ശ്രമിക്കുമ്പോൾ അദ്ദേഹം കഥാപാത്രമായി ജീവിക്കുകയാണ് ചെയ്യുന്നത്. ഞാൻ ഫഹദിന്റെ സിനിമകൾ മാത്രമല്ല ഇഷ്ടപ്പെടുന്നത്, ഒരു നടനെന്ന നിലയിലും നിർമ്മാതാവെന്ന നിലയിലും അദ്ദേഹത്തിന്റെ സിനിമകളെ മാത്രമല്ല, സ്ക്രീനിലും സ്ക്രീനിനു പുറത്തുമുള്ള അദ്ദേഹത്തിന്റെ ഈ സമീപനത്തെയും ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു, ഒപ്പം ഒരു നിർമ്മാതാവെന്ന നിലയിൽ എനിക്ക് അദ്ദേഹത്തിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുമുണ്ട്.