“മണ്ടന്മാരുടെ ട്രോളുകളോട് പ്രതികരിച്ചാൽ നമ്മളും മണ്ടന്മാരാകും, അതൊരു സമയം കളയലാണ്”; സൂര്യ

','

' ); } ?>

ട്രോളുകളോടും വിമർശകരോടും പ്രതികരിക്കരുതെന്ന് ആരാധകരോട് അഭ്യർത്ഥിച്ച് നടൻ സൂര്യ. സോഷ്യൽ മീഡിയയിലെ അനാവശ്യ തർക്കങ്ങളിൽ ഏർപ്പെട്ട് സമയം കളയരുതെന്നും ഊർജ്ജം പാഴാക്കാതെ സ്നേഹം മാത്രം പ്രചരിപ്പിക്കണമെന്നും സൂര്യ പറഞ്ഞു. ‘ഓൾ ഇന്ത്യ സൂര്യ ഫാൻസ് ക്ലബ്ബ്’ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഷ്യൽ മീഡിയയിൽ ആരെങ്കിലും അസംബന്ധങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ അതിൽ മറുപടി നൽകി ഇടപെടുന്നത് നമ്മളെയും അതേ നിലവാരത്തിലേക്ക് താഴ്ത്തുകയേ ഉള്ളൂ എന്നും, മറ്റുള്ളവരുടെ ചിന്താഗതി മാറ്റാൻ ശ്രമിക്കുന്നത് പ്രയാസകരമാണെന്നും താരം ചൂണ്ടിക്കാട്ടി. ‘നമുക്ക് നമ്മളായിരിക്കാം, അവർ അവരായിരിക്കട്ടെ’ എന്നായിരുന്നു സൂര്യയുടെ നിലപാട്.

“ട്രോളുകളോട് പ്രതികരിക്കുന്നത് സമയം കളയലാണ്. സോഷ്യൽ മീഡിയയിൽ ഒരു മണ്ടൻ എന്തെങ്കിലും പോസ്റ്റ് ചെയ്യുമ്പോൾ നമ്മൾ അതിൽ ഇടപെട്ടാൽ, നമ്മളും മണ്ടന്മാരായി മാറുകയും വേദനിക്കാനിടയാകുകയും ചെയ്യും. മറ്റുള്ളവരുടെ ചിന്താഗതി മാറ്റാൻ ശ്രമിക്കുന്നത് പ്രയാസമുള്ള കാര്യമാണ്.” സൂര്യ പറഞ്ഞു.

“നമുക്ക് നമ്മളായിരിക്കാം, അവർ അവരായിരിക്കട്ടെ; നമ്മൾ ഒന്നും പറയേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കിക്കാൻ ശ്രമിക്കുന്നതോ അവരുടെ അഭിപ്രായങ്ങൾ മാറ്റാൻ ശ്രമിക്കുന്നതോ ബുദ്ധിമുട്ടാണ്. ചിലർ അത് ഗ്രഹിച്ചേക്കാം, പക്ഷേ വലിയൊരു വിഭാഗം മനസ്സിലാക്കില്ല. നിങ്ങളുടെ ഊർജ്ജം പാഴാക്കരുത്. നിങ്ങൾ സ്നേഹിക്കുന്നത് ആത്മാർത്ഥമായി അനുദിനം പിന്തുടർന്നാൽ, വിജയം തീർച്ചയായും നിങ്ങളെ തേടിയെത്തും.” സൂര്യ കൂട്ടിച്ചേർത്തു.

സൂര്യയുടെ ഈ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവന്നത്. ‘മണ്ടന്മാർ’ എന്ന വാക്കുപയോഗിച്ചതിനെ ഒരുവിഭാഗം സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിമർശനമുന്നയിച്ചു. ശത്രുക്കളോട് പോലും സ്നേഹം കാണിക്കുകയോ അല്ലെങ്കിൽ അവരെ അവഗണിക്കുകയോ ആണ് വേണ്ടതെന്നാണ് ഇവരുടെ അഭിപ്രായം. എന്നാൽ, തെറ്റായ പ്രചാരണങ്ങളെ എതിർക്കാതിരുന്നാൽ അത് തെറ്റായ ചിന്താഗതികൾ വളരാൻ ഇടയാക്കുമെന്ന വാദവും ഉയർന്നുവന്നു. അതേസമയം, സൂര്യയുടെ ആരാധകർ താരത്തിന്റെ നിലപാടിനെ പൂർണ്ണമായി പിന്തുണയ്ക്കുകയും പ്രശംസിക്കുകയും ചെയ്തു.

ഇത് നിങ്ങളെ ചൊടിപ്പിക്കുന്നുവെങ്കിൽ, അഭിനന്ദനങ്ങൾ! അദ്ദേഹം ഉദ്ദേശിച്ച കൃത്യമായ മണ്ടൻ നിങ്ങളാണ് എന്നാണ് ഒരാൾ റെഡ്ഡിറ്റിൽ പ്രതികരിച്ചത്. ഉറങ്ങുന്ന ആളെ നിങ്ങൾക്ക് തട്ടിയുണർത്താം, എന്നാൽ ഉറക്കം നടിക്കുന്ന ആളെ നിങ്ങൾക്ക് ഒരിക്കലും ഉണർത്താൻ കഴിയില്ല, അതാണ് പ്രശ്നമെന്നും സൂര്യയെ അനുകൂലിക്കുന്നവർ പ്രതികരിച്ചു.

കറുപ്പ്, വിശ്വനാഥ് ആൻഡ് സൺസ് എന്നീ ചിത്രങ്ങളുടെ  തുടർവിജയത്തിന്റെ സന്താഷത്തിലാണ് നടൻ സൂര്യ. ജിത്തു മാധവൻ സംവിധാനംചെയ്യുന്ന ‘സീൻ’ ആണ് സൂര്യയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നസ്രിയ നായികയാകുന്ന ചിത്രത്തിൽ നസ്ലിനും സുപ്രധാനവേഷത്തിലുണ്ട്. സുഷിൻ ശ്യാമാണ് സംഗീതം.