‘ശാന്തമായിരിക്കൂ, പ്രേക്ഷകരിൽ വിശ്വസിക്കൂ’; വിമർശനങ്ങൾക്ക് ഒറ്റവരിയിൽ മറുപടി നൽകി കാർത്തിക് സുബ്ബരാജ്

','

' ); } ?>

കീർത്തി സുരേഷ് നായികയായി എത്തിയ പുതിയ ചിത്രം ‘ഡൊറോത്തി’ക്കെതിരായ സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് സംവിധായകൻ കാർത്തിക് സുബ്ബരാജ്. സിനിമയിൽ എൽ.ജി.ബി.ടി.ക്യു പ്ലസ് ഉള്ളടക്കമുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെയും ഊഹാപോഹങ്ങളെയും തുടർന്ന് ചിത്രത്തിന് വലിയ രീതിയിലുള്ള വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു.

ഇത്തരം വിമർശനങ്ങൾ ശക്തമായി നിലനിൽക്കുമ്പോഴും തിയേറ്ററുകളിൽ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കിക്കൊണ്ടാണ് കാർത്തിക് സുബ്ബരാജിന്റെ മറുപടി. സിനിമ പ്രദർശിപ്പിക്കുന്ന തിയേറ്ററിലെ ആവേശകരമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. ചിത്രം കണ്ട് ആവേശത്തോടെ ആർപ്പുവിളിക്കുന്ന പ്രേക്ഷകരെ ബാൽക്കണിയിൽ നിന്ന് ശാന്തമായി നോക്കിനിൽക്കുന്ന സംവിധായകനെയും വീഡിയോയിൽ കാണാം. ‘ശാന്തമായിരിക്കൂ, പ്രേക്ഷകരിൽ വിശ്വസിക്കൂ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

കാർത്തിക് സുബ്ബരാജിന്റെ കരിയറിലെ പത്താമത്തെ ചിത്രമാണ് ‘ഡൊറോത്തി’. കീർത്തി സുരേഷിനൊപ്പം സനന്ത്, റിഷികാന്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. 1990കളിലെ ഒരു തമിഴ്നാടൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വേൾഡ് പ്രീമിയർ നടത്തിയ ചിത്രത്തിന് ഇതിനോടകം തന്നെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധ നേടാൻ സാധിച്ചിട്ടുണ്ട്. സൂര്യ നായകനായ ‘റെട്രോ’ ആണ് കാർത്തിക് സുബ്ബരാജിന്റേതായി ഇതിന് മുൻപ് പുറത്തിറങ്ങിയ ചിത്രം.