
തന്റെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പ്രചാരണം നടത്തുന്നവര്‍ക്കെതിരെ മുന്നറിയിപ്പുമായി നടി ലിജോ മോള് ജോസ്. തനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് ഇല്ലെന്നും പ്രസ്തുത പ്രൊഫൈലുമായി യാതൊരു ബന്ധവുമില്ലെന്നും താരം വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു ലിജോ മോളുടെ പ്രതികരണം.
തന്റേതെന്ന പേരിലുള്ള വ്യാജ അക്കൗണ്ടിന്റെ ലിങ്ക് സഹിതമാണ് താരം രംഗത്തെത്തിയത്. താനാണെന്ന അവകാശവാദത്തോടെ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫെയ്സ്ബുക്ക് അക്കൗണ്ട് വ്യാജമാണെന്നും ആരും ഇതില്‍ വിശ്വസിക്കുകയോ ബന്ധപ്പെടുകയോ ചെയ്യരുതെന്നും ലിജോ അഭ്യര്‍ത്ഥിച്ചു. അക്കൗണ്ട് എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്ത് നീക്കം ചെയ്യാന്‍ ആരാധകരുടെയും പിന്തുണയും താരം തേടി. നടിയുടെ ഇടപെടലിന് പിന്നാലെ ഈ ഫെയ്സ്ബുക്ക് അക്കൗണ്ട് നിലവില്‍ പ്രവര്‍ത്തനരഹിതമായിട്ടുണ്ട്. ലിജോ പങ്കുവെച്ച ലിങ്ക് വഴി പരിശോധിക്കുമ്പോള്‍ അക്കൗണ്ട് കാണാന്‍ സാധിക്കാത്ത നിലയിലാണ്.
”ഞാനാണെന്ന അവകാശപ്പെടുന്നൊരു ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ട്. എനിക്ക് ഈ അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ല. എനിക്ക് ഫെയ്സ്ബുക്ക് അക്കൗണ്ട് പോലുമില്ല. ഈ അക്കൗണ്ടിനെ വിശ്വസിക്കുകയോ ഇതുമായി ബന്ധപ്പെടുകയോ ചെയ്യരുത്. ഉടനെ തന്നെ ഇത് റിപ്പോര്‍ട്ട് ചെയ്യുകയും ഈ അക്കൗണ്ട് നീക്കം ചെയ്യാന്‍ എന്നെ സഹായിക്കുകയും ചെയ്യണം.” ലിജോ മോൾ പറഞ്ഞു.
മലയാളത്തില്‍ ‘ഉന്മാദം’ ആണ് ലിജോ മോളുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ ‘നൂറ് സ്വാമി’യാണ് താരത്തിന്റെ അണിയറയിലുള്ള പുതിയ പ്രൊജക്റ്റ്. കൂടാതെ വിജയ് സേതുപതിയ്ക്കൊപ്പം വേഷമിടുന്ന ‘ബത്ത’ എന്ന ചിത്രവും റിലീസിനായി കാത്തുനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ഈ ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങിയത്.