“അവൻ അങ്ങനെയാണ്, അതിശയിപ്പിക്കുന്ന ഒരു മനുഷ്യൻ”; നിവിനെ കുറിച്ച് നടൻ സൂരി

','

' ); } ?>

നടൻ നിവിൻ പോളിയോടൊപ്പമുള്ള അഭിനയ അനുഭവം പങ്കുവെച്ച് തമിഴ് നടൻ സൂരി.എപ്പോഴും തമാശകൾ പറഞ്ഞ് സന്തോഷത്തോടെ മാത്രം കാണുന്ന നിവിൻ പോളി വളരെ സ്വഭാവശുദ്ധിയുള്ള ഒരു മനുഷ്യനാണെന്ന് സൂരി വ്യക്തമാക്കി. എസ്എസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ശിവകാർത്തികേയനോട് തനിക്ക് തോന്നുന്ന അതേ സ്നേഹവും അടുപ്പവുമാണ് നിവിനോടുമുള്ളതെന്ന് സൂരി പറഞ്ഞു. ചിത്രത്തിന്റെ ഷൂട്ടിങ് വേളയിൽ തനിക്ക് ഒരു പ്രധാനപ്പെട്ട ഇമോഷണൽ രംഗം ചെയ്യേണ്ടി വന്നപ്പോൾ നിവിൻ തന്നെ തമാശകൾ പറഞ്ഞ് കളിപ്പിച്ച് ഹോം വർക്കുകൾ ചെയ്യാൻ സമ്മതിക്കാതെ ചെറിയ രീതിയിൽ ശല്യപ്പെടുത്തിയിരുന്നു. എന്നാൽ താൻ ഗൗരവത്തോടെ ഡയലോഗുകൾ പഠിക്കാൻ തുടങ്ങിയപ്പോൾ നിവിൻ അത് മനസിലാക്കി തന്നെ ശല്യം ചെയ്യാതെ മാറി ഇരുന്ന് സഹായിക്കുകയും, പിന്നീട് സ്നേഹത്തോടെ വന്ന് സംസാരിക്കുകയും ചെയ്ത അനുഭവം സൂരി ഓർത്തെടുത്തു.

സംവിധായകൻ റാമിനോട് നിവിൻ കാണിക്കുന്ന സ്നേഹവും ബഹുമാനവും സിനിമയുടെ ലൊക്കേഷനിൽ വളരെ വലുതായിരുന്നു. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയായതിന് ശേഷം നിവിൻ തന്നെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ തിരക്കിയിരുന്നതായും സൂരി കൂട്ടിച്ചേർത്തു. അഞ്ജലി പ്രധാന കഥാപാത്രമാകുന്ന ഈ ചിത്രം ഒരു മുഴുനീള ക്രിയേറ്റീവ് ഡ്രാമയായാണ് തിയറ്ററുകളിലേക്ക് എത്തുന്നത്.

സൂരിയുടെ വാക്കുകൾ;

“നിവിനൊപ്പവും അഞ്ജലിക്കൊപ്പവും അഭിനയിക്കാൻ കഴിഞ്ഞത് വലിയൊരു അനുഭവമായിരുന്നു. എന്റെ അനിയൻ ശിവകാർത്തികേയന്റെ അടുത്തിരിക്കുമ്പോൾ തോന്നുന്ന സന്തോഷവും കാര്യങ്ങളുമൊക്കെ പിന്നെ എനിക്ക് തോന്നിയിട്ടുള്ളത് നിവിനോടാണ്. സൂപ്പർ മനുഷ്യനാണ് നിവിൻ. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. അദ്ദേ​ഹത്തിന്റെ സിനിമകളൊക്കെ ഞാൻ കണ്ടിട്ടുണ്ട്. ഭയങ്കര ജോളിയായിട്ടുള്ള ആളാണ് അദ്ദേഹം.

എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന ഒരു മനുഷ്യൻ. അത്രയും കോമഡികൾ പറയുന്ന ഒരു മനുഷ്യൻ. ഒരു ദിവസം എനിക്ക് ഇമോഷണൽ സീൻ ആയി‌രുന്നു ചെയ്യേണ്ടിയിരുന്നത്. അപ്പോൾ ഞാൻ ട്രെയിനിന്റെ ഒരു കംപാർട്ടുമെന്റിൽ കയറി ഹോം വർക്ക് ചെയ്യുകയായിരുന്നു. എനിക്ക് ഭയങ്കര നീണ്ട ഡയലോ​ഗ് ഒക്കെ പറയാനുണ്ട്. അപ്പോൾ അവിടെ വന്ന് നിവിൻ ഒച്ചയുണ്ടാക്കി, കോമഡി ഒക്കെ പറഞ്ഞ് എന്നെ ശല്യപ്പെടുത്തിയിട്ട് പോകും.

എന്നിട്ട് അവൻ തന്നെ എന്നോട് സോറി പറയും. അപ്പോൾ ഞാൻ പറയും, ‘ഞാൻ കുറച്ചൊന്ന് ഹോം വർക്ക് ചെയ്തോട്ടെ, എനിക്ക് കുറച്ച് സമാധാനം തരുമോ’ എന്ന്. അപ്പോൾ നിവിൻ ‘അയ്യോ സോറി സോറി’ എന്ന് പറയും. എന്നിട്ട് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ നോക്കി. എന്നിട്ട് ട്രെയിനിന്റെ ഒരു കംപാർട്ട്മെന്റിൽ പോയി തനിച്ചിരുന്നു. എന്നിട്ട് അസിസ്റ്റന്റിനോട് പറഞ്ഞു. അദ്ദേഹത്തെ ആരെങ്കിലും ശല്യപ്പെടുത്തുവാണെങ്കിൽ പറയ് എന്ന്.

ഞാൻ എന്നിട്ട് ഹോം വർക്ക് ചെയ്തു കൊണ്ടിരിക്കുവാ. നോക്കുമ്പോൾ അദ്ദേഹം അവിടെ ഇരിക്കുന്നു. അപ്പോൾ ‘എന്നോട് സോറി സോറി എന്ന് പറഞ്ഞു. എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. നിങ്ങൾ ഹോം വർക്ക് ചെയ്യുമ്പോൾ എന്നോട് പറയണം. എനിക്കത് കാണണ’മെന്ന്. അപ്പോൾ ഞാൻ പറഞ്ഞു, ‘നീ അത് കാണണ്ട, കാമറയുടെ മുന്നിൽ കണ്ടാൽ മതി എന്ന്. ദയവ് ചെയ്ത് എന്നെ വിട്ടാൽ മതി’ എന്ന് ഞാൻ പറഞ്ഞു.

എന്റെ ഉള്ളിൽ നിന്ന് പറയുകയാണ്, അത്രയും സ്വീറ്റായുള്ള ഒരു മനുഷ്യനാണ് നിവിൻ. അങ്ങനെയൊരു മനുഷ്യനാണ്. റാം സാറിനെ കാണുമ്പോഴേ അവൻ പറയും, ‘അയ്യോ എൻ സാമി വന്നേ, എന്റെ സാർ വന്നേ’ എന്നൊക്കെ. ഡബ്ബിങ് ഒക്കെ കഴിഞ്ഞ് എന്നെ ഫോൺ വിളിച്ചിരുന്നു. എന്നിട്ട് എന്നോട് ചോദിച്ചു, ‘ഡബ്ബിങ് ഒക്കെ എങ്ങനെ ഉണ്ടായിരുന്നു’വെന്ന്.

‘മൂന്ന് ദിവസം എനിക്ക് സംസാരിക്കാൻ പോലും വയ്യായിരുന്നു’വെന്ന് നിവിൻ പറഞ്ഞു. അവൻ അങ്ങനെയാണ്, അതിശയിപ്പിക്കുന്ന ഒരു മനുഷ്യൻ. നിവിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതും ഒരു നല്ല അനുഭവമായിരുന്നു. അതുപോലെ നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം”.

Leave a Reply

Your email address will not be published. Required fields are marked *