
നടി കിരൺ റാത്തോഡിന്റെ ‘പ്രൈവറ്റ് വേൾഡ്’ ആപ്പിൽ ആരാധകർക്കായി ഒരു ലക്ഷത്തോളം രൂപയുടെ വി.വി.ഐ.പി മെമ്പർഷിപ്പ് അവതരിപ്പിച്ചതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ കടുത്ത അമർഷവും ചർച്ചകളും ശക്തമാകുന്നു. 99,999 രൂപ ഈടാക്കിക്കൊണ്ടുള്ള പുതിയ സബ്‌സ്‌ക്രിപ്‌ഷൻ വാഗ്ദാനത്തിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്.
ഈ അംഗത്വം നേടുന്നവർക്ക് നടിയുമായി പരിധിയില്ലാത്ത ചാറ്റുകൾ, പ്രൈവറ്റ് വിഡിയോ കോളുകൾ, എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ, പ്രത്യേക ഗ്രൂപ്പുകളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലഭിക്കുമെന്നാണ് വാഗ്ദാനം. സാധാരണ സബ്‌സ്‌ക്രിപ്‌ഷനുകൾ നിലവിലുള്ളപ്പോഴാണ് ഒരു ലക്ഷം രൂപ വരെ ഈടാക്കുന്ന തരത്തിലുള്ള ചൂഷണങ്ങൾ നടക്കുന്നതെന്നും, സാമ്പത്തിക പ്രതിസന്ധികൾക്കിടയിൽ സാധാരണക്കാർക്ക് ഇത്തരം തുക താങ്ങാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ വിമർശന കുറിപ്പുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം പണം തട്ടുന്ന മെമ്പർഷിപ്പുകൾക്കെതിരെ സർക്കാർ കർശന നടപടിയെടുക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
“നടി കിരൺ രാത്തോഡിന്റെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം സ്റ്റോറി വളരെ ആശങ്കാജനകവും അസ്വസ്ഥതയുണ്ടാക്കുന്നതുമാണ്. നമ്മുടെ സമൂഹം എങ്ങോട്ടാണ് പോകുന്നതെന്ന് ഒരു നിശ്ചയവുമില്ല. 99,999 രൂപ അടയ്ക്കുന്നവർക്ക് അവരുടെ ‘പ്രൈവറ്റ് വേൾഡ്’ വി.വി.ഐ.പി അംഗത്വം ലഭിക്കുമെന്നാണ് അവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിലൂടെ അവരുമായി പരിധിയില്ലാത്ത ചാറ്റുകൾ, വിഡിയോ കോളുകൾ, എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങൾ, പ്രൈവറ്റ് ഗ്രൂപ്പിലേക്കുള്ള പ്രവേശനം, കൂടുതൽ വ്യക്തിപരമായ രീതിയിൽ ബന്ധപ്പെടാനുള്ള അവസരം എന്നിവ ലഭിക്കും.
ഇവിടെ എന്താണ് സംഭവിക്കുന്നത്? നമുക്കെല്ലാവർക്കും അറിയാവുന്നത് പോലെ, 299 രൂപ, 399 രൂപ തുടങ്ങിയ തുകകൾ ഈടാക്കി ഇൻസ്റ്റാഗ്രാം സബ്‌സ്‌ക്രിപ്‌ഷനിലൂടെ നിലവിൽ തന്നെ നിരവധി സ്ത്രീകൾ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒരു പടി കൂടി മുന്നോട്ട് പോയിരിക്കുന്നു. സത്യത്തിൽ പല പടികൾ മുന്നോട്ട്!
ഇത്തരം പണം ചൂഷണം ചെയ്യുന്ന മെമ്പർഷിപ്പുകൾക്കും സബ്‌സ്‌ക്രിപ്‌ഷനുകൾക്കുമെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണം. എല്ലാവരും ഇതുപോലെ തുടങ്ങിയാൽ എന്താകും സ്ഥിതി? നിലവിലെ സാമ്പത്തിക സാഹചര്യത്തിൽ, ഒരു സാധാരണ ഇടത്തരം വ്യക്തിക്ക് ഒരു മെമ്പർഷിപ്പിനായി 1 ലക്ഷം രൂപ എങ്ങനെ താങ്ങാൻ സാധിക്കും.?”
എന്നാൽ, നടിയുടെ നീക്കത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. ഗ്ലാമർ ചിത്രങ്ങൾ പങ്കുവെക്കുന്നതിലൂടെ പണം സമ്പാദിക്കുന്നതിൽ തെറ്റില്ലെന്നും, വിമർശകർക്ക് എതിർപ്പ് ഉള്ളടക്കത്തോടല്ല മറിച്ച് അതിന് ഈടാക്കുന്ന ഉയർന്ന തുകയോടാണെന്നുമാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഗ്ലാമർ ചിത്രങ്ങളിലൂടെ പണം സമ്പാദിക്കുന്നതിനെക്കുറിച്ച് അടുത്തിടെ ഷക്കീലയ്ക്ക് നൽകിയ അഭിമുഖത്തിലും കിരൺ നിലപാട് വ്യക്തമാക്കിയിരുന്നു.
2022-ൽ ആരംഭിച്ച ‘കിരൺ റാത്തോഡ് ആപ്പ്’ എന്ന സബ്സ്ക്രിപ്ഷൻ സർവീസിന് എതിരെയും നേരത്തെ വിമർശനങ്ങൾ ഉയർന്നിരുന്നു. വിക്രം നായകനായ ‘ജെമിനി’, കമൽഹാസനൊപ്പമുള്ള ‘അൻപെ ശിവം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് കിരൺ റാത്തോഡ്.