
സിനിമയിലെ കാസ്റ്റിങ് കൗച്ച് അനുഭവങ്ങളും പ്രമുഖ സംവിധായകനിൽ നിന്നുണ്ടായ മോശം പെരുമാറ്റവും തുറന്നുപറഞ്ഞ് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ പ്രതിഭ. തമിഴ് ഉച്ചാരണത്തെ പ്രശംസിച്ച് ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ ശേഷം സംവിധായകൻ ലൈംഗികചുവയോടെ സംസാരിച്ചെന്നും, ഇതിനെതിരെ താൻ ശക്തമായ രീതിയിലാണ് പ്രതികരിച്ചതെന്നും താരം ഇൻസ്റ്റാഗ്രാം കുറിപ്പിലൂടെ വ്യക്തമാക്കി. മഹാനദി എന്ന തമിഴ് പരമ്പരയിലൂടെ ശ്രദ്ധേയയായ താരം, ആന്റണി വർഗീസ് നായകനായ ‘കൊണ്ടൽ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.
രണ്ടു വർഷം മുമ്പാണ് ഒരു പ്രമുഖ സംവിധായകൻ തന്നോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതെന്ന് പ്രതിഭ പറയുന്നു. തമിഴ് ഉച്ചാരണത്തെ അഭിനന്ദിച്ചതുകൊണ്ട് മാത്രം സമയം ചെലവഴിച്ചാണ് താൻ അദ്ദേഹത്തെ കാണാൻ ചെന്നത്. എന്നാൽ അവിടെവെച്ച് വിലകുറഞ്ഞ സംസാരമാണ് ഉണ്ടായതെന്നും, തന്റെ അടുത്ത് ഇത്തരം അടവുകൾ നടക്കില്ലെന്ന് കണ്ടപ്പോൾ അദ്ദേഹം ചില പുസ്തകങ്ങൾ സമ്മാനമായി തന്നുവെന്നും താരം കുറിച്ചു.
അദ്ദേഹം നൽകിയ സമ്മാനങ്ങൾ സ്വീകരിച്ച് അവിടെനിന്നിറങ്ങിയ താൻ, വീട്ടിലേക്ക് കയറുന്നതിന് മുമ്പ് അണ്ണാ നഗറിലെ ഒരു ചപ്പുചവറുകൂനയിലാണ് ആ പുസ്തകങ്ങൾ ഉപേക്ഷിച്ചതെന്ന് പ്രതിഭ വ്യക്തമാക്കി. ആ ദേഷ്യം ന്യായമാണെങ്കിലും, അതൊരു ‘വേസ്റ്റ്’ വ്യക്തിയുടെ പുസ്തകങ്ങൾ ആണെങ്കിൽ പോലും അവ പുസ്തകങ്ങൾ തന്നെയല്ലേ എന്നോർത്ത് പിന്നീട് ചെറിയൊരു കുറ്റബോധം തോന്നിയിരുന്നതായും അവർ കൂട്ടിച്ചേർത്തു. തൊഴിലിടങ്ങളിൽ അഭിനേതാക്കൾ നേരിടുന്ന അനാവശ്യ പെരുമാറ്റങ്ങൾക്കും ചൂഷണങ്ങൾക്കുമെതിരെ കൃത്യമായ അതിരുകൾ നിശ്ചയിച്ചുകൊണ്ടുള്ള നടിയുടെ ഈ തുറന്നുപറച്ചിൽ ഇപ്പോൾ സിനിമാമേഖലയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പ്രതിഭയുടെ വാക്കുകൾ;
‘‘രണ്ടു വർഷം മുമ്പ് ഒരു സംവിധായകൻ എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു, എന്റെ തമിഴ് ഉച്ചാരണത്തെ അഭിനന്ദിക്കുകയും ചെയ്തു. അതിനെ മാനിച്ചുകൊണ്ട്, എന്റെ സമയവും അധ്വാനവും ചെലവാക്കി ഞാൻ അദ്ദേഹത്തെ കാണാൻ പോയി. അവിടെയിരുന്ന് അദ്ദേഹത്തിന്റെ വിലകുറഞ്ഞ സൊറപറച്ചിലുകൾ കേട്ട് ഞാൻ വെറുതെ പുഞ്ചിരിക്കുക മാത്രം ചെയ്തു. അദ്ദേഹത്തിന്റെ ഈ അടവുകളൊന്നും എന്റെ അടുത്ത് നടപ്പിലാകില്ലെന്ന് വൈകാതെ മനസ്സിലായപ്പോൾ, അദ്ദേഹം തന്റെ പുസ്തകങ്ങൾ എനിക്ക് സമ്മാനമായി തന്നു.
ഞാനവയും വാങ്ങി അവിടെനിന്നിറങ്ങി. എന്നിട്ട് ആ പുസ്തകങ്ങൾക്ക് എന്തു സംഭവിച്ചു എന്നല്ലേ? വീട്ടിലേക്ക് കയറുന്നതിന് മുമ്പ്, അണ്ണാ നഗറിലെ ഒരു ചപ്പുചവറുകൂനയിലാണ് ഞാൻ അവ അവസാനമായി കണ്ടത്. ആ ദേഷ്യം എനിക്ക് മനസ്സിലാകും, എങ്കിലും മനസ്സിൽ ചെറിയൊരു കുറ്റബോധം ബാക്കിയായി. അതൊരു “വേസ്റ്റ്” ആളിന്റെ പുസ്തകങ്ങൾ ആയിരുന്നെങ്കിൽ പോലും. അവ പുസ്തകങ്ങൾ തന്നെയല്ലേ. ക്ഷമിക്കണം!’’