
ഉർവശിയുടെയും മനോജ് കെ ജയന്റെയും മകൾ തേജലക്ഷ്മി (കുഞ്ഞാറ്റ) നായികയാകുന്ന പുതിയ ചിത്രം ‘പ്രിയതമന്റെ’ ചിത്രീകരണം ആരംഭിച്ചു. സിനിമയിലേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് മാതാപിതാക്കളുടെ പ്രതികരണവും തന്റെ മുൻകാല പഠനങ്ങളെക്കുറിച്ചും തേജലക്ഷ്മി മാധ്യമങ്ങളോട് മനസ്സ് തുറന്നു. താൻ സിനിമയിലേക്ക് കടന്നുവരുമെന്ന് അച്ഛനും അമ്മയ്ക്കും നേരത്തെ തന്നെ അറിയാമായിരുന്നുവെന്നും ഇരുവർക്കും പൂർണ്ണ പിന്തുണയായിരുന്നുവെന്നും തേജലക്ഷ്മി പറഞ്ഞു. പഠനം പൂർത്തിയാക്കി കോർപ്പറേറ്റ് മേഖലയിൽ ജോലി ചെയ്ത ശേഷമാണ് താൻ സിനിമയിലെത്തുന്നത്. ചെറുപ്പം മുതൽ സിനിമയോട് വലിയ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും, തന്റെ മനസ്സിലുള്ളത് മാതാപിതാക്കൾക്ക് അറിയാമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, പ്രശസ്തരായ മാതാപിതാക്കളുടെ മകളായതുകൊണ്ട് പ്രേക്ഷകർക്കിടയിൽ ഉണ്ടാകുന്ന താരതമ്യപ്പെടുത്തലുകളാണ് തനിക്ക് ഏറ്റവും വലിയ ടെൻഷനെന്നും താരം വ്യക്തമാക്കി. എന്നാൽ താൻ എന്റേതായ ശൈലിയിലായിരിക്കും അഭിനയിക്കുകയെന്നും പ്രേക്ഷകരുടെ വിമർശനങ്ങളെ ക്രിയാത്മകമായി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മികച്ചൊരു ക്രൂവിനൊപ്പം പ്രവർത്തിക്കാൻ സാധിച്ചതിലുള്ള സന്തോഷവും ആദ്യ സിനിമയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്ന പ്രതീക്ഷയും താരം പങ്കുവെച്ചു. മാതാപിതാക്കൾക്കും അധ്യാപകർക്കും കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും തേജലക്ഷ്മി നന്ദി അറിയിക്കുകയും ചെയ്തു.
തേജാ ലക്ഷ്മിയുടെ വാക്കുകൾ;
“ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ. എന്റെ മാതാപിതാക്കൾക്ക് നൽകിയ സപ്പോർട്ട് എനിക്കും തരണം. ആദ്യത്തെ പടം ആയതുകൊണ്ട് തന്നെ എനിക്കൊരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടാകും. ഇനിയങ്ങോട്ട് ഒരുപാട് സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.
ഇത്രയും നല്ല ക്രൂവിന്റെ കൂടെയും ഒരുപാട് നല്ല ആർട്ടിസ്റ്റുകൾക്കൊപ്പം അഭിനയിക്കാൻ പറ്റുന്നതിലും സന്തോഷമുണ്ട്. ഇനിയും ഒരുപാട് പടങ്ങൾ ചെയ്യാൻ പറ്റട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മയും പോസിറ്റീവ് റിയാക്ഷൻ ആയിരുന്നു.
എവിടെയോ ഇത് അവർക്കറിയാമായിരുന്നു എന്ന് തന്നെയാണ് എന്റെ ഒരു വിശ്വാസം. ഞാൻ പഠിച്ചതിന് ശേഷം കോർപറേറ്റിലും വർക്ക് ചെയ്തതിന് ശേഷമാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. ചെറുപ്പം മുതൽ ഞാൻ സിനിമയിൽ വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും എനിക്ക് തോന്നുന്നു അവർക്കത് അറിയാമായിരുന്നുവെന്ന്. രണ്ട് പേരും നല്ല പോസിറ്റീവ് റെസ്പോൺസ് ആയിരുന്നു.
ഇത്രയും നല്ല പിന്തുണ നൽകുന്ന മാതാപിതാക്കൾ ഉള്ളതു തന്നെ സന്തോഷം. അതുപോലെ തന്നെ സുഹൃത്തുക്കളാണെങ്കിലും എന്റെ കുടുംബത്തിലുള്ളവരാണെങ്കിലും എന്റെ അധ്യാപകരാണെങ്കിലും, എല്ലാവർക്കും ഒരുപാട് നന്ദി. അച്ഛന്റെയും അമ്മയുടെയും മകളാണ് എന്ന രീതിയിൽ ആളുകൾ വയ്ക്കുന്ന പ്രതീക്ഷയാണ് എനിക്ക് ഏറ്റവും വലിയ ടെൻഷൻ.
എന്റെ ഏറ്റവും വലിയ പേടി അതാണ്. സിനിമയിലേക്ക് വരണോ എന്നൊരു സംശയം തന്നെ വന്നത് ഈ ഒരു താരതമ്യപ്പെടുത്തലുകൾ ഉള്ളതുകൊണ്ടാണ്. അത്തരം താരതമ്യപ്പെടുത്തലുകൾ ഉണ്ടാകാതിരിക്കട്ടെ. കാരണം ഞാൻ എന്റേതായ ശൈലിയിൽ ആയിരിക്കും അഭിനയിക്കുക. പ്രേക്ഷകർ പറയുന്ന വിമർശനങ്ങളെ സ്വീകരിക്കുന്ന ഒരാൾ കൂടിയാണ് ഞാൻ”.-