
നടന്‍ പൃഥ്വിരാജിന്റെ മുംബൈ ലാല്‍ബാഗ് രാജ ഗണേശ മണ്ഡല്‍ ക്ഷേത്ര സന്ദര്‍ശനത്തിനെതിരെ ബിജെപി നേതാവ് യുവരാജ് ഗോകുല്‍ രംഗത്ത്. പൃഥ്വിയുടെ മുൻകാല നിലപാടുകളും ഇപ്പോഴത്തെ ആചാരനുഷ്ഠാനങ്ങളില്‍ പങ്കാളിയാകുന്നതും തമ്മിലുള്ള വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചാണ് വിമര്‍ശനം. ബോളിവുഡ് ചിത്രം ‘ദായ്‌റ’യുടെ റിലീസിന് പിന്നാലെ ഭാര്യ സുപ്രിയയ്ക്കൊപ്പമാണ് താരം ക്ഷേത്രത്തിലെത്തിയത്.
‘കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. സംസര്‍ഗ്ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു’ എന്നായിരുന്നു യുവരാജ് ഗോകുലിന്റെ ആദ്യ പ്രതികരണം. പിന്നീട് മറ്റൊരു സമൂഹമാധ്യമ കുറിപ്പിലൂടെയും അദ്ദേഹം വിമര്‍ശനം കടുപ്പിച്ചു. പൃഥ്വിരാജ് മുമ്പ് ഏതെങ്കിലും ഒരു മതത്തിലോ മൂര്‍ത്തിയിലോ അല്ല വിശ്വാസമെന്ന് പറഞ്ഞിട്ടുണ്ടെന്നും, എന്നാല്‍ ഇന്ന് ഗണേശ വിഗ്രഹത്തെ തൊഴുതുമടങ്ങിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. അതേസമയം, വാത്മീകിയുടെ പരിവര്‍ത്തനം പോലെ ഒരാളുടെ നിലപാടുകളിലോ വിശ്വാസങ്ങളിലോ മാറ്റം വരുന്നത് സ്വാഭാവികമാണെന്ന തരത്തിലുള്ള വാദങ്ങളും പോസ്റ്റില്‍ പരാമര്‍ശിക്കുന്നുണ്ട്.
യുവരാജ് ഗോകുലിന്റെ വാക്കുകൾ;
കാര്യമായി എന്തോ പറ്റിയിട്ടുണ്ട്. സംസര്‍ഗ്ഗം കുറച്ച് നല്ല മനുഷ്യരുമായി വന്നപ്പോള്‍ ഉണ്ടാകുന്ന മാറ്റമാണെന്ന് തോന്നുന്നു. പൃഥ്വിരാജ് പണ്ട് പറഞ്ഞിട്ടുണ്ട് ഏതെങ്കിലും ഒരു മതത്തിലോ മൂര്‍ത്തിയിലോ അല്ല വിശ്വാസം എന്ന്. ഇന്ന് അയാള്‍ മുംബൈയില്‍ ഗണേശ വിഗ്രഹത്തെ തൊഴുതു.
അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല. യുക്തിവാദ സംഘടനയുടെ ജില്ലാ പ്രസിഡന്റായിരുന്ന ആളെ ഞാന്‍ ഇസ്‌കോണ്‍ ക്ഷേത്രത്തില്‍ വച്ച് കണ്ടിട്ടുണ്ട്.. ഒരുമിച്ചിരുന്ന് ഭജന പാടിയിട്ടുമുണ്ട്. Do i look like pooja path types എന്ന് ചോദിച്ച വിരാട് കോഹ്ലി ഇന്ന് എന്താണ് അവസ്ഥ? നമ്മള്‍ തന്നെ വാത്മീകിയുടെ ജീവിതം പറയുകയും നമ്മള്‍ തന്നെ മറ്റുള്ളവരെ ട്രോളുന്നതും ശരിയല്ല. നമുക്ക് തന്നെ വാത്മീകിയുടെ പരിവര്‍ത്തനത്തില്‍ വിശ്വാസമില്ലാത്തത് പോലെയാണ്.
പൃഥ്വിരാജിന്റെ ക്ഷേത്ര സന്ദര്‍ശനവും തുടര്‍ന്നുണ്ടായ രാഷ്ട്രീയ-സാമൂഹിക പ്രതികരണങ്ങളും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. താരത്തിന്റെ പഴയ നിലപാടുകള്‍ ഓര്‍മ്മിപ്പിച്ച് ഒരു വിഭാഗം സൈബര്‍ ആക്രമണം നടത്തുമ്പോള്‍, വ്യക്തികളുടെ വിശ്വാസങ്ങളിലും കാഴ്ചപ്പാടുകളിലും മാറ്റം വരുന്നതില്‍ തെറ്റില്ലെന്ന് വാദിക്കുന്നവരും സജീവമാണ്.
മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്ത ‘ദായ്‌റ’യാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം. കരീന കപൂര്‍ പ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിന് ശേഷം താരത്തിന്റെ ക്ഷേത്ര സന്ദര്‍ശനം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. മലയാളത്തില്‍ ഖലീഫയാണ് പൃഥ്വിയുടേതായി ഒടുവിലെത്തിയ ചിത്രം.