
മലയാള സിനിമയിലെ പ്രമുഖ താരം സിദ്ദിഖ് മുഴുനീള ആക്ഷൻ ഹീറോയായി എത്തുന്ന പുതിയ സൈക്കോ പാക്ക് ത്രില്ലർ ചിത്രം ‘രാക്ഷസ വേട്ട’യുടെ ചിത്രീകരണം കൊച്ചിയിൽ തുടക്കമായി. പ്രശസ്ത ചായഗ്രാഹകനും ‘സ്വാമി അയ്യപ്പൻ’ എന്ന ചിത്രത്തിലൂടെ സംവിധായകനുമായ വിഷ്ണു വെഞ്ഞാറമൂടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
ഡിസ്ക്വയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജി അരുണാണ് ചിത്രം നിർമ്മിക്കുന്നത്. കൊച്ചിയിലെ ആശിർവാദ് ട്രാവൻകൂർ ഹോട്ടലിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രമുഖ നടിയും നർത്തകിയുമായ മല്ലികാ സുകുമാരൻ ഭദ്രദീപം തെളിയിച്ച് തുടക്കം കുറിച്ചു. സാജു നവോദയ, സോഹൻ സീനുലാൽ, കോട്ടയം രമേഷ് തുടങ്ങിയ അണിയറപ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ദിഖ് ഒരു ചിത്രത്തിൽ നായകനായി എത്തുന്നത്. നാട്ടിൽ നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം, പ്രേക്ഷകരെ തുടക്കം മുതൽ ഒടുക്കം വരെ ഉദ്വേഗത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഒന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. വിസ്മയിപ്പിക്കുന്ന ദുരൂഹതകളും മികച്ച ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങൾ.
സിദ്ദിഖിന് പുറമെ സാജു നവോദയ, കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാ സുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ, ഹരി ഊതുമൂന്ന്, സുജിത് കോന്നി, സജു പാർത്ഥസാരഥി, ശ്രീജു സോണി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
തിരക്കഥ . ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് – രാജേഷ്. കോസ്റ്റ്യും xഡിസൈൻ – ബിജുകുമാരപുരം. വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയാകും. വാഴുർ ജോസ്