
മലയാള സിനിമയില്‍ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെ വിസ്മയം തീര്‍ക്കുകയാണ് നടന് വിജയരാഘവന്. ഒരേസമയം തിയേറ്ററുകളിലെത്തിയ ‘ആശ’, ‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ എന്നീ ചിത്രങ്ങളിലെ വ്യത്യസ്ത പ്രകടനങ്ങളിലൂടെ വീണ്ടും കയ്യടി നേടുകയാണ് അദ്ദേഹം. നാടകവേദിയില്‍ നിന്ന് സിനിമയിലെത്തിയ വിജയരാഘവന്, പ്രശസ്ത നാടക ആചാര്യന് എന്‍.എന്‍. പിള്ളയുടെ മകനാണ്. എന്നാല്‍ ഇന്നത്തെ ഈ വിജയത്തിലേക്കെത്താൻ തന്റെ കുടുംബം വലിയതോതിലുള്ള സാമൂഹിക അവഗണനകളും കളിയാക്കലുകളും നേരിട്ടിരുന്നുവെന്ന് താരം തുറന്നുപറയുന്നു. റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.
അക്കാലത്ത് നാടകത്തില്‍ അഭിനയിക്കുന്നതിനെ സമൂഹം വളരെ മോശമായാണ് കണ്ടിരുന്നതെന്ന് വിജയരാഘവന് ഓര്‍ക്കുന്നു. അച്ഛനും അമ്മയും മക്കളും അച്ഛന്റെ പെങ്ങളും അടങ്ങുന്ന കുടുംബം മുഴുവന്‍ നാടകത്തില്‍ സജീവമായിരുന്ന കാലത്ത് ബന്ധുക്കള്‍ പോലും വീട്ടിലേക്ക് വരുമായിരുന്നില്ല. “നാടകക്കാരന് എന്ന് വിളിച്ച് അച്ഛനെ കളിയാക്കുമായിരുന്നു. നാടകം ചെയ്ത് നടക്കുന്നത് പോരാഞ്ഞിട്ട് ഭാര്യയേയും മക്കളേയും കൂടി അതിലേക്ക് വലിച്ചിഴയ്ക്കുന്നു എന്ന് പറഞ്ഞ് പലരും അധിക്ഷേപിച്ചു. ‘എന്‍.എന്‍. പിള്ളയും കുടുംബവും’ എന്ന് പറഞ്ഞ് എല്ലാവര്ക്കും ഞങ്ങളോട് പുച്ഛമായിരുന്നു. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്,” അദ്ദേഹം പറഞ്ഞു.
അതേസമയം, പ്രശസ്തനായ നാടകകൃത്തായ അച്ഛനുമായി വലിയ സൗഹൃദബന്ധമായിരുന്നു തനിക്ക്ണ്ടായിരുന്നതെന്ന് വിജയരാഘവന് വ്യക്തമാക്കുന്നു. തന്നെ തല്ലുകയും വഴക്ക് പറയുകയും ചെയ്തിട്ടുണ്ടെങ്കിലും കുട്ടിക്കാലം മുതല്‍ ഒരു സുഹൃത്തിനെപ്പോലെയാണ് അച്ഛന് പെരുമാറിയിരുന്നതെന്നും തനിക്ക് ആദ്യമായി മദ്യം ഒഴിച്ചു തന്നത് പോലും അദ്ദേഹമാണെന്നും താരം കൂട്ടിച്ചേര്‍ത്തു. അച്ഛനുമായുണ്ടായിരുന്ന അതേ സൗഹൃദബന്ധം തന്നെയാണ് ഇന്ന് തന്റെ മക്കളുമായും കൊച്ചുമക്കളുമായും ഉള്ളതെന്നും, കൊച്ചുമകള്‍ക്കൊപ്പമിരിക്കുമ്പോള്‍ തനിക്ക് അവള്‍ക്കൊപ്പമുള്ള പ്രായമാണ് തോന്നാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വിജയ രാഘവന്റെ വാക്കുകൾ;
”അന്ന് നാടകത്തില്‍ അഭിനയിക്കുന്നതിനെ വളരെ മോശപ്പെട്ട കാര്യമായാണ് സമൂഹം കണ്ടിരുന്നത്. അച്ഛനും അമ്മയും മക്കളും അച്ഛന്റെ പെങ്ങളും അടക്കം ഞങ്ങളുടെ കുടുംബം മുഴുവന്‍ നാടകത്തില്‍ അഭിനയിക്കുന്ന സമയമായിരുന്നു. ഞങ്ങളുടെ ബന്ധുക്കള്‍ പലരും വീട്ടിലേക്ക് പോലും വരില്ലായിരുന്നു. നാടകക്കാരന് എന്ന് വിളിച്ച് അച്ഛനെ കളിയാക്കുമായിരുന്നു. അയാള്‍ നാടകം ചെയ്ത് നടക്കുന്നത് പോരാഞ്ഞിട്ട് എന്തിനാണ് ഭാര്യയേയും മക്കളേയും കൂടി അതിലേക്ക് വലിച്ചിഴയ്ക്കുന്നത് എന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത്. എല്ലാവര്ക്കും ഞങ്ങളോട് പുച്ഛമായിരുന്നു. അതൊക്കെ കണ്ടാണ് ഞാന്‍ വളര്‍ന്നത്.
കുട്ടിക്കാലം മുതല്‍ അച്ഛന് എന്നോട് സുഹൃത്തിനെപ്പോലെയാണ് പെരുമാറിയിട്ടുള്ളത്. തല്ലുകയും വഴക്ക് പറയുകയും ചെയ്തിട്ടുമുണ്ട്. അതില്ല എന്നല്ല. അച്ഛനോട് എനിക്ക് വലിയ ബഹുമാനമാണ്. പക്ഷെ സുഹൃദ്ബന്ധവും ഞങ്ങള്‍ തമ്മിലുണ്ടായിരുന്നു. എനിക്ക് ആദ്യമായി മദ്യം ഒഴിച്ചു തരുന്നത് പോലും അച്ഛനാണ്. ഞങ്ങള്‍ തമ്മില്‍ വലിയ അകല്‍ച്ചയൊന്നും ഉണ്ടായിട്ടില്ല. ഇന്ന് എന്റെ മക്കളുമായും കൊച്ചുമക്കളുമായും എനിക്കുള്ളതും അതുപോലൊരു ബന്ധമാണ്. കൊച്ചുമകള്‍ക്കൊപ്പമിരിക്കുമ്പോള്‍ എ നിക്കും അവള്‍ക്കും ഒരേ പ്രായമാണ്.