
തെലുങ്ക് മാധ്യമപ്രവർത്തകന്റെ ഇംഗ്ലീഷ് ഉച്ചാരണം കേട്ട് വേദിയിൽ പൊട്ടിച്ചിരിച്ച് നടി അനശ്വര രാജൻ. പുതിയ ചിത്രമായ ‘ഇട്ലു അർജുന’യുടെ ടീസർ ലോഞ്ചിനിടെയാണ് സംഭവം. സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന ഈ ദൃശ്യങ്ങളിൽ മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യത്തിലെ ചില വാക്ക് വൈചിത്ര്യങ്ങളാണ് നടിയെ ചിരിപ്പിച്ചത്.
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിലാണ് തെലുങ്ക് മാധ്യമപ്രവർത്തകനായ ജുച്ചി അനശ്വരയോട് ഇംഗ്ലീഷിൽ ചോദ്യം ചോദിച്ചത്. നായകനായ അനീഷിനൊപ്പമുള്ള അഭിനയാനുഭവം എങ്ങനെയെന്ന് ചോദിക്കാനാണ് അദ്ദേഹം ശ്രമിച്ചതെങ്കിലും, ഉച്ചാരണത്തിലെ വ്യത്യാസവും ‘ഹിസ്ട്രിയോണിക്സ്’ പോലുള്ള വാക്കുകളും കാരണം ചോദ്യം വ്യക്തമായില്ല. എന്താണ് ചോദ്യമെന്ന് നടി തിരിച്ചു ചോദിച്ചെങ്കിലും, മാധ്യമപ്രവർത്തകൻ വീണ്ടും ഇതേ രീതിയിൽ ആവർത്തിച്ചതോടെ അനശ്വരയ്ക്ക് ചിരി അടക്കാനായില്ല. നടിയുടെ ചിരിക്ക് പിന്നാലെ വേദിയിലുണ്ടായിരുന്നവരും സദസ്സും ചിരിയിൽ പങ്കുചേർന്നു.
എന്നാൽ, നിമിഷങ്ങൾക്കകം ചിരി അടക്കി ഗൗരവം വീണ്ടെടുത്ത അനശ്വര, നായകനായ അനീഷിനൊപ്പം പ്രവർത്തിച്ച അനുഭവങ്ങൾ മാധ്യമപ്രവർത്തകർക്ക് വിശദീകരിച്ചു നൽകി. മഹേഷ് ഉപ്പള സംവിധാനം ചെയ്യുന്ന ‘ഇട്ലു അർജുന’യിൽ നവാഗതനായ അനീഷ് ആണ് നായകൻ. സംസാര വൈകല്യമുള്ള കഥാപാത്രത്തെയാണ് അനീഷ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വെങ്കി കുടുമല നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് തമൻ ആണ്. ഒക്ടോബർ 30ന് ചിത്രം തിയറ്ററുകളിലെത്തും.