മമ്മൂട്ടിയുടെ കൂര്‍ക്കംവലി കേട്ട് പറ്റിക്കുകയാണെന്ന് കരുതി, പക്ഷെ അദ്ദേഹം ശരിക്കും ഉറങ്ങി പോയിരുന്നു; ‘നിറക്കൂട്ട്’ ഷൂട്ടിംഗ് അനുഭവം പങ്കുവെച്ച് ഉര്‍വശി

','

' ); } ?>

മമ്മൂട്ടിക്കൊപ്പം അഭിനയിച്ച കാലത്തെ രസകരമായ ഒരു അനുഭവം തുറന്നുപറഞ്ഞ് നടി ഉര്‍വശി. ജോഷി സംവിധാനം ചെയ്ത ക്ലാസിക് ചിത്രം ‘നിറക്കൂട്ടി’ന്റെ ഷൂട്ടിംഗിനിടെയാണ് സംഭവം. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഈ ഓര്‍മ്മ പങ്കുവെച്ചത്.

തന്റെ മലയാളത്തിലെ ആദ്യ റിലീസ് ചിത്രമായിരുന്നു ‘നിറക്കൂട്ട്’. ആ സമയത്ത് ഒരേസമയം അഞ്ച് സിനിമകളുടെ തിരക്കിലായിരുന്ന മമ്മൂട്ടി കടുത്ത ഉറക്കച്ചടവിലായിരുന്നുവെന്ന് ഉര്‍വശി ഓര്‍ക്കുന്നു. ചിത്രത്തിലെ ഒരു പ്രധാന രംഗത്തില്‍ ഉര്‍വശി ദേഷ്യത്തില്‍ നില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ ‘ടേക്ക്’ പറഞ്ഞപ്പോള്‍ മമ്മൂട്ടി കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ് കേട്ടത്. തന്നെ പറ്റിക്കാന്‍ കള്ളത്തരം കാണിക്കുകയാണെന്നാണ് താരം ആദ്യം കരുതിയതെങ്കിലും, കടുത്ത ക്ഷീണം കാരണം മമ്മൂട്ടി ശരിക്കും ഉറങ്ങിപ്പോയതാണെന്ന് പിന്നീട് മനസ്സിലായി. ഇത് കണ്ട് ദേഷ്യപ്പെടുമെന്ന് കരുതിയ സംവിധായകൻ ജോഷി, കുറച്ചുനേരം നോക്കിനിന്ന ശേഷം ‘പാക്കപ്പ്’ പറയുകയായിരുന്നു.

ഉർവശിയുടെ വാക്കുകൾ;

”ഞാന്‍ മലയാളത്തില്‍ അഭിനയിച്ച് റിലീസാകുന്ന ആദ്യത്തെ സിനിമയാണ് നിറക്കൂട്ട്. ജോഷിയേട്ടന്റെ പടം. മമ്മൂക്ക നായകന്‍. ജോഷിയേട്ടനും മമ്മൂക്കയും ഭയങ്കര ഹിറ്റുകള്‍ കൊടുത്തിട്ടുള്ളവരാണ്. ഞാനും ലിസിയും കൂടെ അദ്ദേഹത്തെ കെട്ടിയിട്ടിരിക്കുകയാണ്. അഞ്ച് സിനിമയുടെ ഷൂട്ടിങ് ഉണ്ട് മമ്മൂക്കയ്ക്ക്. നായകനായിട്ട്. പിന്നീട് അഞ്ച് സിനിമകള്‍ ഒരേസമയം ചെയ്യേണ്ടി വന്നപ്പോള്‍ ആ ബുദ്ധിമുട്ട് ഞാനും മനസിലാക്കി. ഉറങ്ങിയിട്ടില്ല. നമുക്ക് അത് അറിയില്ല. അഭിനയിക്കുമ്പോള്‍ ആ ഇമോഷന്‍ കൃത്യമായി ചെയ്യുന്നുമുണ്ട്.

ഞാന്‍ ദേഷ്യത്തില്‍ നില്‍ക്കണം ആ രംഗത്തില്‍. ടേക്ക് എന്ന് പറഞ്ഞപ്പോള്‍ മമ്മൂക്ക കൂര്‍ക്കം വലിക്കുന്ന ശബ്ദമാണ് കേട്ടത്. ഞാന്‍ കരുതി എന്നെ പറ്റിക്കാന്‍ ചെയ്തതാണെന്ന്. കല ചേച്ചിയുടെ കൂടെ അഭിനയിക്കുമ്പോള്‍ എന്നെ ചെറുപ്പം മുതലേ കണ്ടിട്ടുണ്ട്. എന്നെ കളിപ്പിക്കാന്‍ എന്തോ ചെയ്യുകയാണെന്ന് കരുതി. മമ്മൂക്കാ, കള്ളത്തരം കാണിക്കല്ലേ എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ മമ്മൂക്ക ശരിക്കും ഉറങ്ങിപ്പോയിരുന്നു. ജോഷിയേട്ടന്‍ കുറച്ച് നേരം നോക്കിയ ശേഷം പാക്കപ്പ് എന്ന് പറഞ്ഞു.

”ഞാന്‍ കരുതി ദേഷ്യത്തിലായിരിക്കുമെന്നാണ്. പാവം തോന്നിയിട്ടായിരുന്നു. പിറ്റേന്ന് രണ്ടാളും തോളില്‍ കയ്യിട്ട് വരുന്നത് കണ്ടു. അയ്യോ ജോഷിയേട്ടന് ദേഷ്യം വന്നുവെന്ന് ഞാന്‍ ലിസിയോട് പറഞ്ഞു. ആണെന്ന് തോന്നുന്നുവെന്ന് ലിസിയും പറഞ്ഞു. പിറ്റേന്ന് കാണുന്നത് ആ മമ്മൂട്ടി എന്നും പറഞ്ഞ് സംസാരിച്ച് വരുന്ന രണ്ടു പേരെയുമാണ്. അവര്‍ പിണങ്ങിയിട്ടില്ലെന്ന് ഞാന്‍ പോയി ലിസിയോട് പറഞ്ഞു.

ജോഷിയുടെ സംവിധാനത്തില്‍ 1985 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിറക്കൂട്ട്. ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ ചിത്രത്തില്‍ മമ്മൂട്ടി, സുമലത, ഉര്‍വശി, ലിസി, ബാബു നമ്പൂതിരി, ജോസ് പ്രകാശ് തുടങ്ങിയ താരനിരയുമുണ്ടായിരുന്നു. ശ്യാം ആയിരുന്നു സംഗീതം. ബോക്‌സ് ഓഫീസില്‍ വലിയ വിജയമായ ചിത്രം പിന്നീട് തമിഴിലേക്കും കന്നഡയിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു.