
നടി ശോഭനയുടെ തമാശരൂപത്തിലുള്ള യഥാര്‍ത്ഥ സ്വഭാവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നടി ഉര്‍വശി. സ്‌ക്രീനിലും പൊതുവേദികളിലും കാണുന്ന ഗൗരവക്കാരിയായ ശോഭനയല്ല യഥാര്‍ത്ഥ ജീവിതത്തിലുള്ളതെന്നും, താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും മികച്ച സെന്‍സ് ഓഫ് ഹ്യുമര്‍ ഉള്ള വ്യക്തിയാണ് അവരെന്നും ഉര്‍വശി വ്യക്തമാക്കി. പോര്‍ട്ടെയ്ല്‍സ് ബൈ ഗദ്ദാഫിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉര്‍വശി ഇക്കാര്യം വെളിപ്പെടുത്തിയത്.
സിനിമയില്‍ വലിയ താരനിരയ്ക്കൊപ്പം ഷൂട്ടിങ് സെറ്റില്‍ വെച്ച് ശോഭന നിരന്തരം തമാശകള്‍ പറഞ്ഞ് ചിരിപ്പിക്കാറുണ്ടെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. ശശിയേട്ടന്റെ ചിത്രങ്ങളുടെ ലൊക്കേഷനില്‍ ഒപ്പമുള്ളപ്പോള്‍ ചിരിച്ച് മരണംവരെ എത്താറുണ്ടായിരുന്നുവെന്നും, അഭിമുഖങ്ങളിലെ ഗൗരവം കണ്ട് തെറ്റിദ്ധരിക്കരുതെന്നും ഉര്‍വശി പറയുന്നു.
ഉർവശിയുടെ വാക്കുകൾ;
”ഇത്രയും സെന്‍സ് ഓഫ് ഹ്യുമര്‍ ഉള്ളൊരാളെ ഞാന്‍ കണ്ടിട്ടില്ല. അവളും ഞാനും ഒരുമിച്ച് വര്‍ക്ക് ചെയ്യുമ്പോള്‍ ചിരിച്ച് ചിരിച്ച് ചാകും. ശശിയേട്ടന്റെ പടത്തിലൊക്കെ ആണെങ്കില്‍ കഴുതക്കുട്ടി, എന്തിനാ കഴുതിക്കുട്ടി ചിരിക്കുന്നതെന്ന് ചോദിക്കും. സ്‌കൂളില്‍ നിന്നും നേരെ വിളിച്ചു കൊണ്ട് അഭിനയിപ്പിച്ചാല്‍ ഇങ്ങനെയിരിക്കും എന്നൊക്കെ പറയും. 40 വലിയ വലിയ ആര്‍ട്ടിസ്റ്റുകളായിരിക്കും ഫ്രെയ്മില്‍. അതിന്റെ ഇടയിലാണ് ഇത് കാണിക്കുന്നത്. അവള്‍ എപ്പോഴും എന്തെങ്കിലും പറഞ്ഞു കൊണ്ടിരിക്കും.
‘അവള്‍ സംസാരിക്കാന്‍ തുടങ്ങിയാല്‍ ഞാന്‍ ചിരിക്കും. നിങ്ങള്‍ സിനിമയില്‍ കാണുന്ന ഗൗരവ്വമുള്ള ആളല്ല ശോഭന. അഭിമുഖങ്ങളിലൊക്കെ ഇരുന്ന് ഗൗരവ്വത്തില്‍ സംസാരിക്കും. ശോഭനയുടെ കൂടെയിരുന്ന് അത്ര ഡീപ്പ് ആയി സംസാരിച്ചിട്ടുള്ള എനിക്ക് അറിയാം. ഉഗ്രനായി ഹ്യുമര്‍ ചെയ്യാനാകും. പേഴ്‌സണലിയും ഒരുപാട് തമാശ പറയും. നിങ്ങള്‍ സ്‌ക്രീനില്‍ കാണുന്ന ആള്‍ക്കാരല്ല പലരും.