
നടന്‍ ബിബിന്‍ ജോര്‍ജിന്റെ ബിരിയാണിക്കടയുടെ ഉദ്ഘാടനച്ചടങ്ങിനിടെയുണ്ടായ വിവാദങ്ങളില്‍ യഥാര്‍ത്ഥ കാരണം വ്യക്തമാക്കി ധര്‍മജന്‍ ബോള്‍ഗാട്ടി. ഉദ്ഘാടന വേളയില്‍ മദ്യപിച്ചെത്തിയെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വാര്‍ത്തകള്‍ ധര്‍മജന്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്നുപറഞ്ഞത്.
ചടങ്ങിന് തിരക്കിട്ട് എത്തിയതിനെ തുടര്‍ന്നുള്ള അബദ്ധങ്ങളാണ് മദ്യപിച്ചെന്ന തരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടതെന്ന് ധര്‍മജന്‍ വ്യക്തമാക്കുന്നു. ബിബിന്‍ ജോര്‍ജ് ഉദ്ഘാടനച്ചടങ്ങിനായി വിളിച്ചതിനെ തുടര്‍ന്ന് തിടുക്കത്തിലാണ് താന്‍ എത്തിയത്. പകുതിവഴി എത്തിയപ്പോള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടില്ലെന്ന് പറഞ്ഞ് ബിബിന്‍ പിന്തിരിപ്പിച്ചെങ്കിലും, പിന്നീട് വീണ്ടും വിളിച്ച് ഉടന്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് ധൃതിയില്‍ ഷര്‍ട്ടുമിട്ട് പുറപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന ഡ്രൈവറും താനും ഈ പെട്ടത്തിലുള്ള യാത്രയ്ക്കിടയില്‍ ഷര്‍ട്ടിന്റെ ബട്ടന്‍സ് മാറിപ്പോയതടക്കമുള്ള കാര്യങ്ങള്‍ ശ്രദ്ധിച്ചിരുന്നില്ല. ചടങ്ങിനിടെ നിലവിളക്ക് കൊളുത്തുന്നതിനായി ഷൂസ് ഊരുന്നതിനിടയില്‍ ഭിത്തിയില്‍ പിടിച്ച് ബാലന്‍സ് ചെയ്തതിനെയാണ് ചിലര്‍ തെറ്റായ രീതിയില്‍ വളച്ചൊടിച്ച് പ്രചരിപ്പിച്ചത്. സുഹൃത്തായ ബിബിന്‍ ജോര്‍ജ് നേരത്തെ തന്നെ മാധ്യമങ്ങളിലൂടെ യഥാര്‍ത്ഥ സത്യം വ്യക്തമാക്കിയിട്ടുണ്ടെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.
ധര്‍മജന്റെ വാക്കുകൾ;
”ബിബിന്‍ ജോര്‍ജിന്റെ കടയില്‍ പോയപ്പോള്‍ നടന്നത് എന്തെന്ന് അവന്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. അവന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് പോയതാണ്. അവന്‍ വിളിച്ചപ്പോള്‍ തന്നെ ഞാന്‍ റെഡിയായി ചെന്നു. പകുതി വഴിയില്‍ അവന്‍ വിളിച്ച്, ചേട്ടാ ഇവിടെ ഒന്നും സെറ്റ് ആയിട്ടില്ല, ഞാന്‍ ഇപ്പോഴാണ് വന്നത്, വന്നാല്‍ പോസ്റ്റായിപ്പോകും എന്നു പറഞ്ഞു. ഞാന്‍ തിരിച്ച് വീട്ടിലേക്ക് പോയി.
കുറച്ചു നേരം കഴിഞ്ഞപ്പോള്‍ അവന്‍ വിളിച്ചിട്ട് ചേട്ടാ ഓക്കെയാണ് പെട്ടെന്ന് വന്നാല്‍ പെട്ടെന്ന് ചെയ്തിട്ട് പോകാമെന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് തന്നെ ഷര്‍ട്ടുമിട്ട് ഇറങ്ങി. എന്റെ കൂടെ വണ്ടിയോടിക്കാന്‍ വന്നവനും അത് ശ്രദ്ധിച്ചില്ല. അവിടെ ചെന്നപ്പോള്‍ നിലവിളക്ക് കത്തിക്കണം. ഞാന്‍ ഷൂസ് ഇട്ടിരുന്നു. നിലവിളക്ക് കത്തിക്കുമ്പോള്‍ ഷൂസ് ഊരണം. ഞാന്‍ ഭിത്തിയില്‍ പിടിച്ച് ഷൂസ് ഊരി. ഇത്തിരി ടൈറ്റ് ആയിരുന്നു. ഇതിനെയൊക്കെയാണ് ആള്‍ക്കാര്‍ വളച്ചൊടിച്ച് പറയുന്നത്.”