മാന്ത്രിക കളക്‌ഷന്‍ ആഘോഷമാക്കി ‘ബെത്‌ലഹേം കുടുംബം’; പോസ്റ്ററിലും പൊളിച്ചെഴുത്തുമായി ടീം…

','

' ); } ?>

മലയാള സിനിമാ ചരിത്രം തിരുത്തിക്കുറിച്ചു കൊണ്ട് ഗിരീഷ് എ.ഡി – ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ആഗോളതലത്തിൽ 300 കോടി ക്ലബ്ബിൽ ഇടംപിടിച്ചു. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ 300 കോടി നേടുന്ന ചിത്രമെന്ന അപൂർവ്വ റെക്കോർഡാണ് നിവിൻ പോളി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 28-ാം ദിവസവും കേരളത്തിലും പുറത്തുമായി 266 തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി പ്രദർശനം തുടരുകയാണ്.

ചിത്രത്തിന്റെ വിജയത്തേക്കാൾ ഇപ്പോൾ സിനിമാേലാകത്ത് ചർച്ചയാകുന്നത് നിർമാതാക്കളായ ഭാവന സ്റ്റുഡിയോസ് പുറത്തിറക്കിയ പുതിയ പോസ്റ്ററാണ്. വമ്പൻ ഹിറ്റുകളിൽ പതിവായി അഭിനേതാക്കളുടെ ചിത്രങ്ങൾ നൽകുന്ന രീതി മാറ്റിവെച്ച്, സിനിമയുടെ അണിയറപ്രവർത്തകരെ മുൻനിരയിൽ നിർത്തിയാണ് നിർമാതാക്കൾ വിജയം ആഘോഷിച്ചിരിക്കുന്നത്.

സംവിധായകൻ ഗിരീഷ് എ.ഡി, തിരക്കഥാകൃത്ത് കിരൺ ജോസി, ക്യാമറാമാൻ അജ്മൽ സാബു, എഡിറ്റർ ആകാശ് ജോസഫ് വർഗ്ഗീസ് എന്നിവർ നിർമാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർക്കൊപ്പം നിൽക്കുന്ന പോസ്റ്റർ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ പ്രശംസ നേടിയിട്ടുണ്ട്. തങ്ങളുടെ സിനിമകളുടെ പ്രമോഷനിലെ വ്യത്യസ്തത വീണ്ടും തെളിയിച്ചിരിക്കുകയാണ് ഭാവന സ്റ്റുഡിയോസ്.

നിവിൻ പോളിയുടെ ഗംഭീര തിരിച്ചുവരവിന് സാക്ഷ്യം വഹിച്ച ചിത്രത്തിൽ മമിത ബൈജുവാണ് നായിക. സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, വിനയ് ഫോർട്ട്, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർ ഖാൻ, ശ്രിന്ദ, പാർവതി അയ്യപ്പദാസ്, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. വിഷ്ണു വിജയന്റെ സംഗീതവും അജ്‌മൽ സാബുവിന്റെ ക്യാമറയും ആകാശ് ജോസഫ് വർഗ്ഗീസിന്റെ എഡിറ്റിംഗും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്ര-തെലങ്കാന മേഖലകളിലും ജിസിസി രാജ്യങ്ങളിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രായഭേദമന്യേ പ്രേക്ഷകർ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നതിനാൽ ബോക്സ് ഓഫീസിൽ ചിത്രം കുതിപ്പ് തുടരുകയാണ്.