“ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട കാര്യം എനിക്കില്ല”; വിവാദങ്ങളിൽ മറുപടിയുമായി ഉർവശി

','

' ); } ?>

ആശ സിനിമയുടെ പ്രൊമോഷൻ വേദിയിൽ അവതാരകയോട് മലയാളത്തിൽ സംസാരിക്കാൻ ആവശ്യപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി നടി ഉർവശി രംഗത്ത്. വീഡിയോയുടെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതാണ് തനിക്കെതിരെയുള്ള വിവാദങ്ങൾക്ക് കാര്യമെന്നും, അന്ന് യഥാർത്ഥത്തിൽ നടന്നത് തികച്ചും സൗഹൃദപരമായ ഇടപെടലാണെന്നും താരം വ്യക്തമാക്കി. ഒറിജിനൽസിന് നൽകിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം വ്യക്തമാക്കിയത്.

വേദിയിൽ സംസാരിക്കുന്നതിനിടയിൽ സദസ്സിൽ നിന്നുണ്ടായ ഒരു കാഴ്ചയാണ് തമാശ രൂപേണ സംസാരിക്കാൻ കാരണമായതെന്ന് ഉർവശി പറയുന്നു. സ്റ്റേജിലിരുന്ന് നോക്കിയപ്പോൾ പ്രായമായ ഒരു അമ്മയും കുടുംബവും അവിടെ നിൽക്കുന്നത് കാണാൻ ഇടയായി. ഇംഗ്ലീഷിൽ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്ന അവതാരകയോട്, തങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ സംസാരിക്കാമോ എന്ന് ഈ അമ്മ ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു.

ഈ വിഷയം നേരിട്ട് പറഞ്ഞാൽ അത് അവതാരകയ്ക്ക് വിഷമമാകുമെന്നുകരുതിയാണ് തമാശയായി അവതരിപ്പിച്ചത്. ആദ്യമായി ആങ്കറിങ് ചെയ്യുകയായിരുന്ന ആ കുട്ടി വളരെ ഭംഗിയായാണ് തന്റെ ജോലി ചെയ്തതെന്നും ഉർവശി ഓർത്തു. താൻ തമാശയായി പറഞ്ഞപ്പോൾ അതേ രീതിയിൽ തന്നെ അനുകരിച്ചാണ് ആ അവതാരക തിരിച്ച് മറുപടി നൽകിയത്. എന്നാൽ നവമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോകളിൽ ഈ സന്ദർഭങ്ങളും മറുപടികളും ഒഴിവാക്കപ്പെട്ടത് വലിയ തോതിൽ തെറ്റിദ്ധാരണകൾക്ക് വഴിവെക്കുകയായിരുന്നുവെന്നും താരം വ്യക്തമാക്കി. ഈ വിഷയത്തിൽ നിർമാതാവ് സുപ്രിയ മേനോൻ ഉൾപ്പെടെയുള്ള പ്രമുഖർ പ്രതികരിച്ചിരുന്നു.

ഉർവശിയുടെ വാക്കുകൾ;

‘നമ്മൾ ഒരു കാര്യം വേദിയിൽ പറഞ്ഞതിന്റെ വീഡിയോയുടെ ഒരു ഭാഗം മാത്രം വെട്ടിമാറ്റി പ്രചരിപ്പിക്കുമ്പോൾ ആളുകൾ സത്യമറിയാതെ തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. ലോകത്തുള്ള എല്ലാവരുടെയും ചോദ്യങ്ങൾക്ക് മറുപടി പറയേണ്ട ജോലിയൊന്നുമല്ലല്ലോ എനിക്ക്. അന്ന് യഥാർത്ഥത്തിൽ സംഭവിച്ചതെന്തെന്നാൽ, ഞാൻ സ്റ്റേജിൽ ഇരുന്ന് ഒരു ഭാഗത്തേക്ക് നോക്കിയപ്പോൾ പ്രായമായ ഒരു അമ്മയും അവരുടെ കുടുംബവും നിൽക്കുന്നുണ്ടായിരുന്നു.

ആ സമയത്ത് അവതാരകയായ കുട്ടി ഇംഗ്ലീഷിൽ ഐശ്വര്യ ലക്ഷ്മിയോട് ചോദ്യങ്ങൾ ചോദിക്കുമ്പോൾ, ആ അമ്മ അവിടെ നിന്ന് മലയാളത്തിൽ സംസാരിക്കുമോ എന്ന് ആംഗ്യം കാണിച്ചു പറയുന്നുണ്ടായിരുന്നു. ആ സമയത്ത് അത് കണ്ട് അവതാരകയോട് നേരിട്ട് മലയാളത്തിൽ സംസാരിക്കാൻ പറഞ്ഞാൽ അതിന്റെ അർത്ഥം അവിടെ മാറും.

ആ കുട്ടി ആദ്യമായിട്ടാണ് ആങ്കറിങ് ചെയ്യുന്നത്, എന്നിട്ടും വേദിയിലുള്ളവരെ കൃത്യമായി മനസിലാക്കി വളരെ ഭംഗിയായിട്ടാണ് തന്റെ ജോലി ചെയ്തത്. നല്ല സെൻസ് ഓഫ് ഹ്യൂമറൊക്കെയുള്ള ആ കൊച്ചിനോട് ഞാൻ ഈ കാര്യം തമാശയായി പറഞ്ഞപ്പോൾ, ഐ ആം ദി സോറി ചേച്ചി എന്ന് തമാശ രൂപേണ എന്നെപ്പോലെ തന്നെ അനുകരിച്ച് സംസാരിച്ചു. അതൊക്കെ കേട്ടപ്പോൾ നമുക്കും ഒരു എനർജിയായി, അതിനാൽ തിരിച്ചും ഇവളോട് ഒരു തമാശ പറയണമല്ലോ എന്ന് കരുതി ഞാനും അന്ന് തിരിച്ചു തമാശയൊക്കെ പറഞ്ഞു. പക്ഷേ പ്രചരിച്ച വീഡിയോകളിൽ ആ ഭാഗങ്ങളൊന്നും വരുകയോ ഉൾപ്പെടുകയോ ചെയ്തിട്ടില്ല.’