
സ്വന്തമായി ഡബ്ബിംഗ് ചെയ്യാത്തത് കാരണം ദേശീയ അവാർഡ് ഫൈനൽ സ്റ്റേജ് വരെ എത്തിയ ‘101 ചോദ്യങ്ങൾ’ എന്ന സിനിമയ്ക്ക് പുരസ്കാരം നഷ്ടമായെന്ന് നടി ലെന. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ. ജീവിതത്തിൽ പല കാര്യങ്ങളിലും ഖേദം തോന്നിയിട്ടുണ്ടെന്നും ലെന വ്യക്തമാക്കി.
ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാനുള്ള ക്ഷമ തനിക്കില്ലെന്നും സ്വന്തം സിനിമകൾ പോലും അങ്ങനെ കാണാറില്ലെന്നും നടി പറഞ്ഞു. യൂട്യൂബ് വീഡിയോകളോടും താൽപ്പര്യമില്ല. കാഴ്ച്ചയേക്കാൾ കേൾക്കാനാണ് ഇഷ്ടം. അഭിനയത്തിന്റെ പ്രോസസ് ആസ്വദിക്കാറുണ്ട്. പുസ്തക വായനയും പോഡ്കാസ്റ്റുകളും പാട്ടുകളുമാണ് പ്രിയപ്പെട്ടവ. ഭർത്താവ് മികച്ച സിനിമ ആസ്വാദകനായതിനാൽ വിവാഹശേഷം താൻ ഒട്ടേറെ സിനിമകൾ കണ്ടിട്ടുണ്ടെന്നും ലെന കൂട്ടിച്ചേർത്തു.
സിദ്ധാർഥ് ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘101 ചോദ്യങ്ങൾ’ 2013ലാണ് പുറത്തിറങ്ങിയത്. ഇന്ദ്രജിത്തും ലെനയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിൽ സതി എന്ന കഥാപാത്രമായാണ് ലെന എത്തിയത്. അധ്യാപകന്റെ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്ന കുട്ടിയുടെ യാത്രയിലൂടെ സാമൂഹിക വിഷയങ്ങൾ സംസാരിച്ച ചിത്രം ഏറെ നിരൂപക പ്രശംസ നേടിയിരുന്നു.
ലെനയുടെ വാക്കുകൾ;
“101 ചോദ്യങ്ങൾ’ എന്ന സിനിമ ദേശീയ അവാർഡിന്റെ അവസാന സ്റ്റേജ് വരെ പോയിരുന്നു. എന്നാൽ ആ സിനിമയ്ക്ക് അവാർഡ് കിട്ടാതെ പോയത് ഞാൻ ഡബ്ബ് ചെയ്യാതിരുന്ന കാരണമാണ്. അതിൽ എനിക്ക് ഖേദമുണ്ട്. അങ്ങനെ ഒരുപാട് കാര്യങ്ങളിൽ ഖേദം തോന്നിയിട്ടുണ്ട്. സിനിമകൾ കാണാൻ അത്ര ഇഷ്ടമുള്ള ആളല്ല ഞാൻ. “ഒരു സിനിമ മുഴുവൻ ഇരുന്ന് കാണാനുള്ള ക്ഷമ എനിക്കില്ല. എന്റെ മാത്രമല്ല, ഞാൻ ഒരു സിനിമകളും അങ്ങനെ കാണാറില്ല. യൂട്യൂബ് വിഡിയോ പോലും കാണാൻ എനിക്കത്ര താല്പര്യമില്ല. എനിക്ക് കേൾക്കാനാണ് കൂടുതൽ ഇഷ്ടം. പക്ഷേ അഭിനയിക്കുന്നതിന്റെ പ്രോസസ് എനിക്കിഷ്ടമാണ്. സിനിമകൾ കാണും അത്രയേ ഉള്ളൂ. എനിക്ക് അതിനേക്കാൾ ഇഷ്ടം വായിക്കാനാണ്. ബുക്കുകൾ വായിക്കാനും പോഡ്കാസ്റ്റ് കേൾക്കാനും പാട്ടു കേൾക്കാനുമൊക്കെയാണ് എനിക്ക് ഇഷ്ടം. എന്റെ ഭർത്താവ് പക്ഷേ നന്നായി സിനിമ കാണുന്ന ഒരാളാണ്. കല്യാണത്തിന് ശേഷം ഞാനൊരുപാട് സിനിമകൾ കണ്ടിട്ടുണ്ട്”.