“സ്റ്റേജ് ഷോകൾ കാരണം സിനിമയിൽ നിന്ന് മാറ്റിനിർത്തി; ഡാൻസ് നിർത്തിയിരുന്നെങ്കിൽ ജയിലറിലെ പാട്ട് കിട്ടില്ലായിരുന്നു”: ഷംന കാസിം

','

' ); } ?>

സ്റ്റേജ് ഷോകൾ കാരണം സിനിമയിൽ നിന്നും താൻ നിരന്തരം മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് നടിയും നർത്തകിയുമായ ഷംന കാസിം. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കരിയർ ആരംഭിച്ച് തെന്നിന്ത്യൻ സിനിമകളിൽ സജീവമായ താരം, അടുത്തിടെ ‘ജയിലർ 2’ സിനിമയിലെ ഡാൻസ് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ നടത്തിയത്. കരിയറിന്റെ തുടക്കത്തിൽ സ്റ്റേജ് ഷോകളിൽ സജീവമായത് തനിക്ക് സിനിമയിൽ അവസരങ്ങൾ നഷ്ടപ്പെടുത്താൻ കാരണമായെന്നും, സിനിമയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ചില വലിയ സംവിധായകർ തന്നോട് മാസങ്ങളോളം സ്റ്റേജ് ഷോകൾ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഷംന വ്യക്തമാക്കി.

“അടുത്ത മൂന്ന്-നാല് മാസത്തേക്ക് സ്റ്റേജ് ഷോകൾ ചെയ്യാൻ പാടില്ലെന്ന് ഒരു വലിയ സംവിധായകൻ എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്. അന്ന് സിനിമയ്ക്ക് വേണ്ടി എന്റെ ഡാൻസ് മാറ്റി വച്ചിരുന്നെങ്കിൽ ജയിലറിലെ പാട്ട് എനിക്ക് ലഭിക്കില്ലായിരുന്നു,” ഷംന പറഞ്ഞു.

കരിയറിൽ ഇത്തരം മാറ്റിനിർത്തലുകൾ ഉണ്ടായപ്പോഴും തന്റെ തീരുമാനത്തിൽ തനിക്ക് ഒരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ലെന്നും താരം വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് താൻ നിരന്തരം സ്റ്റേജ് ഷോകൾ ചെയ്യുന്നത് എന്ന് തെറ്റായി പ്രചരിപ്പിച്ചവരുണ്ടെന്നും, വെറുതെ വീട്ടിലിരുന്നാൽ ആരും തനിക്ക് ഒന്നും സൗജന്യമായി തരില്ലെന്നും ജോലി ചെയ്യുന്നത് പണത്തിന് വേണ്ടിയാണെന്നത് യാഥാർത്ഥ്യമാണെന്നും ഷംന കൂട്ടിച്ചേർത്തു. എന്നാൽ പണത്തിനപ്പുറം തനിക്ക് അതീവ താല്പര്യമുള്ള മേഖലയാണ് ഡാൻസെന്നും, എത്ര ദിവസങ്ങൾ തുടർച്ചയായി ഷോകൾ ഉണ്ടെങ്കിലും തനിക്ക് ഒരിക്കലും മടുപ്പോ ക്ഷീണമോ തോന്നിയിട്ടില്ലെന്നും വ്യക്തമാക്കിയാണ് താരം നിലപാട് വ്യക്തമാക്കിയത്.

ഷംന കാസിമിന്റെ വാക്കുകൾ;

“സ്റ്റേജ് ഷോ ചെയ്യുന്നതു കൊണ്ട് എന്നെ മാറ്റി നിർത്തിയിട്ടുണ്ട്. കുറേ പേർ എന്നെ അങ്ങനെ മാറ്റിയിട്ടുണ്ട്. ഇത് എന്നോട് പറഞ്ഞ ഒരുപാട് സംവിധായകരുണ്ട്. പക്ഷേ എന്റെ അടുത്ത് ഒരു വലിയ സംവിധായകൻ പറഞ്ഞിട്ടുണ്ട്, അടുത്ത മൂന്ന് നാല് മാസത്തേക്ക് സ്റ്റേജ് ഷോകളെ ചെയ്യാൻ പാടില്ലെന്ന്. ഡാൻസ് ഞാൻ അന്ന് നിർത്തിയിരുന്നെങ്കിൽ ഇന്ന് ജയിലറിലെ ഈ പാട്ട് എനിക്ക് വരുമോ ?.

അന്ന് സിനിമയ്ക്ക് വേണ്ടി എന്റെ ഡാൻസ് മാറ്റി വയ്ക്കാം എന്ന് വച്ചിരുന്നെങ്കിൽ, എനിക്ക് തോന്നുന്നില്ല എനിക്ക് ഈ അവസരം കിട്ടുമെന്ന്. എന്റെ മാനേജർമാരും ‘കുറച്ചുകാലത്തേക്ക് നീ സ്റ്റേജ് ഷോകൾ ഒഴിവാക്ക്, നിനക്ക് നല്ല സിനിമകൾ കിട്ടും, അവർ തരാൻ‌ റെഡിയാണ്. എന്ത് ഇവന്റ് ഉണ്ടെങ്കിലും ഷംനയുടെ ഡാൻസ് ഉണ്ടാകും’ എന്നൊക്കെ പറഞ്ഞിരുന്നു.

അപ്പോൾ ‍ഞാൻ ചോദിച്ചു, ‘അതും ഇതും തമ്മിൽ എന്ത് ബന്ധമാണ്’ എന്ന്. ഒരിക്കലും എന്റെ തീരുമാനം മണ്ടത്തരമായിരുന്നെന്ന് എനിക്ക് തോന്നിയിട്ടില്ല. സാമ്പത്തിക ബുദ്ധിമുട്ട് കാരണമാണ് ഷംന എപ്പോഴും സ്റ്റേജ് ഷോകൾ ചെയ്യുന്നത് എന്ന് പറഞ്ഞവരുണ്ട് എന്നോട്. ഉണ്ട്, കാരണം വെറുതേ ഞാൻ വീട്ടിൽ ഇരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല.

എല്ലാവരും ജോലി ചെയ്യുന്നത് പൈസ് ആവശ്യമുള്ളതു കൊണ്ടാണ്. നമ്മളാരും ഫ്രീയായിട്ട് ഒന്നും ചെയ്യില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. 30 ദിവസം തുടർച്ചയായി ഷോ ഉണ്ടായാലും ഡാൻസ് ചെയ്യുന്നതിൽ എനിക്ക് മടുപ്പോ ക്ഷീണമോ തോന്നാറില്ല. എത്ര ഡാൻസ് വേണമെങ്കിലും എനിക്ക് ചെയ്യാൻ പറ്റും.”

Leave a Reply

Your email address will not be published. Required fields are marked *