
‘പ്രഥമദൃഷ്ട്യാ കുറ്റക്കാര്‍’ എന്ന സിനിമയുടെ പ്രൊമോഷനിടെ റാപ്പര്‍ വേടന് കൈ കൊടുക്കാതെ ഒഴിവായെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വിവാദത്തില്‍ വിശദീകരണവുമായി നടി ഉണ്ണിമായ പ്രസാദ് രംഗത്ത്. വേടനെ താന്‍ ബോധപൂര്‍വം അവഗണിച്ചതല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ച യാദൃശ്ചികത മാത്രമാണെന്നും ഉണ്ണിമായ വ്യക്തമാക്കി. ഓൺലൈൻ മീഡിയകളോടായിരുന്നു നടിയുടെ പ്രതികരണം.
ചടങ്ങിനിടയില്‍ മാത്യു തോമസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കൈ കൊടുത്ത് മുന്നോട്ടുപോയ ഉണ്ണിമായ, എഴുന്നേറ്റുനിന്ന വേടനെ കണ്ടില്ലെന്നും നടി കൈ കൊടുക്കാതിരുന്നപ്പോള്‍ വേടന് ചിരിച്ചുകൊണ്ട് സീറ്റില്‍ ഇരിക്കുകയുമായിരുന്നുവെന്നുമാണ് വീഡിയോയിലുണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ നടി വേടനെ അപമാനിച്ചുവെന്ന തരത്തില്‍ രൂക്ഷ വിമര്‍ശനങ്ങളും കമന്റുകളും ഉയര്‍ന്നിരുന്നു.
എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതല്ലെന്ന് വ്യക്തമാക്കിയ ഉണ്ണിമായ, ഇക്കാര്യത്തെക്കുറിച്ച് വേടനെ നേരിട്ട് വിളിച്ചു സംസാരിച്ചതായും പറഞ്ഞു. “ഞാനറിയാത്ത കാര്യമാണ്, മിസ് ആയി പോയി. യാദൃശ്ചികമായി ഒരു തിരക്കിനിടയില്‍ സംഭവിച്ചു പോകുന്നതല്ലേ. ” ഉണ്ണിമായ പറഞ്ഞു.
തനിക്കെതിരെ വരുന്ന വ്യാജ പ്രചാരണങ്ങള്‍ വലിയ വിഷമമുണ്ടാക്കിയെന്നും ഇത്തരം കാര്യങ്ങളില്‍ ഇനി മുതല്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുമെന്നും നടി കൂട്ടിച്ചേര്‍ത്തു. വേടന് കൈ കൊടുക്കുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്നും ഫോണില്‍ വിളിച്ച് സംസാരിച്ച ശേഷം തങ്ങള്‍ ഇക്കാര്യോര്ത്ത് ഏറെനേരം ചിരിച്ചുവെന്നും ഉണ്ണിമായ വ്യക്തമാക്കി. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധിപേരാണ് തനിക്ക് സന്ദേശങ്ങളിലൂടെ വിമര്ശനമറിയിച്ചതെന്നും നടി പറഞ്ഞു.
ഉണ്ണിമായയുടെ വാക്കുകൾ;
“ഞാനറിയാത്ത കാര്യമാണ്. മിസ് ആയി പോയി. എന്ത് ചെയ്യാനാ. യാദൃശ്ചികമായി ഒരു തിരക്കിനിടയില്‍ സംഭവിച്ചു പോകില്ലേ. ഞാനിന്നലെ വേടനെ വിളിച്ചിട്ടുണ്ടായിരുന്നു. അവന് ഭയങ്കര ചിരിയായിരുന്നു. നിങ്ങള്‍ ഇത് അലമ്പാക്കാതിരുന്നാല്‍ മതി. ഞാനറിഞ്ഞു കൊണ്ട് ചെയ്തതല്ല. അത് ഭയങ്കര നെഗറ്റീവായി പോയി. എനിക്ക് വിഷമമായി. ഇനി കുറച്ചുകൂടി ശ്രദ്ധിക്കാം. വേടനെ ശരിക്കും കണ്ടില്ലായിരുന്നു. വേടന് കൈ കൊടുക്കുന്നതില്‍ എന്താ കുഴപ്പം. അവനെ ഫോണ്‍ വിളിച്ച് ഇത് പറഞ്ഞ് ഞങ്ങള്‍ കുറേനേരം ചിരിച്ചു. ഭയങ്കര നെഗറ്റീവായി പോയി. വിഡിയോ കണ്ട് ഒരുപാട് പേര് എനിക്ക് മെസേജ് അയച്ചിരുന്നു.” ഉണ്ണിമായ പറഞ്ഞു.