
മലയാള സിനിമയിൽ മാത്രം സജീവമായി നിൽക്കുന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് നടൻ ആസിഫ് അലി. മടിയല്ല, മറിച്ച് അന്യഭാഷകളിൽ അഭിനയിക്കാനുള്ള കടുത്ത ഭയമാണ് തന്നെ അതിൽ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് താരം തുറന്നുപറഞ്ഞു. കൈരളി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ആസിഫ് അലി ഇക്കാര്യം വെളിപ്പെടുത്തിയത്.
മറ്റു ഭാഷകളിൽ നിന്നും നിരവധി അവസരങ്ങളും കഥ കേൾക്കാനുള്ള റെഫറൻസുകളും വരാറുണ്ടെന്നും ചിലതൊക്കെ കാസ്റ്റിങ് വരെ എത്തിയിട്ടുണ്ടെന്നും താരം വ്യക്തമാക്കി. എന്നാൽ സ്വന്തം ഭാഷയിലുള്ള അഭിനയത്തിന്റെ സ്വാഭാവികത മറ്റ് ഭാഷകളിൽ സാധ്യമാകില്ലെന്ന തോന്നലാണ് തന്നെ പിന്നോട്ട് വലിക്കുന്നത്. അഭിനയിക്കുന്നതിനിടയിൽ ഡയലോഗുകൾ എങ്ങനെയെന്ന് ആലോചിച്ച് ഓർത്തെടുക്കേണ്ടി വരുന്നത് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമാണെന്നും, ഡയലോഗുകൾ തികച്ചും സ്വതസിദ്ധമായി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് മറ്റു ഭാഷകളിൽ അഭിനയിക്കാൻ പേടിയാണെന്ന കാര്യം നടൻ ഫഹദ് ഫാസിലിനോട് സംസാരിച്ചിട്ടുണ്ടെന്നും ആസിഫ് കൂട്ടിച്ചേർത്തു. താൻ ഇക്കാര്യം ചോദിക്കുമ്പോൾ, അങ്ങനെയൊരു പേടിയെക്കുറിച്ച് തങ്ങളാരും ചിന്തിച്ചിട്ടേയില്ലെന്നായിരുന്നു ഫഹദിന്റെ മറുപടി. മറ്റു ഭാഷകളിൽ അഭിനയിക്കാൻ ശ്രമിക്കാത്തത് തന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്ന് സമ്മതിക്കുന്നതോടൊപ്പം, ഭാഷാഭേദങ്ങൾ മറികടന്നുള്ള പ്രകടനങ്ങളിൽ തനിക്കുള്ള ആശങ്കകളും താരം പങ്കുവെച്ചു.
ആസിഫ് അലിയുടെ വാക്കുകൾ;
“ഒരുപാട് പേര് എന്നോട് മറ്റു സിനിമകളിൽ അഭിനയിക്കുന്നതിനേക്കുറിച്ച് പറഞ്ഞിട്ടുണ്ട്. പല സമയത്തും കഥ കേൾക്കാനുള്ള റെഫറൻസുകൾ വരാറുണ്ട്. ഏകദേശം കാസ്റ്റിങ് വരെയൊക്കെ എത്തിയിട്ടുണ്ട്. രണ്ട് മറുപടികളാണ് ഞാനിതിന് പറയാറുള്ളത്. ഒന്ന്, ഏറ്റവും നല്ല സിനിമകളുണ്ടാകുന്നത് നമ്മുടെ ഇൻഡസ്ട്രിയിലാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. അപ്പോൾ നമ്മൾ വേറൊരു ഇൻഡസ്ട്രിയിൽ പോയിട്ട് മറ്റൊരു സിനിമ ചെയ്യണ്ടല്ലോ.
മടിയല്ല, ശരിക്കും എനിക്ക് പേടിയാണ്. മറ്റു ഭാഷകൾ ഞാൻ ശ്രമിച്ചിട്ടില്ല എന്നത് എന്റെ തെറ്റാണ്. എനിക്കൊരു പേടിയുണ്ട്. എന്റെ ഭാഷയിൽ എനിക്ക് കിട്ടുന്നൊരു എളുപ്പമുണ്ടല്ലോ സംസാരിക്കുന്നതിൽ, അതായത് എനിക്ക് ഡയലോഗ് ഓർത്ത് വച്ച് സംസാരിക്കുന്നത് ആലോചിക്കാൻ പോലും പറ്റില്ല. ഡയലോഗ് നമ്മൾ അഭിനയിക്കുന്നതിന്റെ ഇടയിൽ ഫ്രീയായി കിട്ടണം.
എന്തായിരുന്നു ആ ഡയലോഗ് എന്നാലോചിക്കുന്ന ഒരു മുഖം എനിക്കു വേണ്ട. അതിന്റെ ഒരു പേടി എനിക്കുണ്ട്. ഒരുപാട് പേർ മറ്റു ഭാഷകളിൽ പോയി ഒരുപാട് സിനിമകൾ ചെയ്യുന്നുണ്ട്. ഫഹദ് ഒക്കെയാണെങ്കിലും ഇപ്പോഴും എന്നോട് പറയും, ഞാൻ ഏറ്റവും കൂടുതൽ ചോദിച്ചിട്ടുള്ളതും അദ്ദേഹത്തോടാണ്. എന്റെ പേടിയെ കുറിച്ച് ഞാൻ പറയും.
അപ്പോൾ ഫഹദ് ചോദിക്കും നീ എന്താ അങ്ങനെ ചോദിക്കുന്നേ ?. അപ്പോൾ ഞാൻ പറയും, അല്ലെടാ എനിക്ക് ഇങ്ങനെ ഒരു പേടിയുണ്ട് എന്ന്. അപ്പോൾ ഫഹദ് പറയും അങ്ങനെയൊരു പേടിയെപ്പറ്റി ഞങ്ങൾ ചിന്തിച്ചിട്ടേ ഇല്ലെന്ന്. ചിന്തിച്ചതു കൊണ്ടായിരിക്കും എനിക്കാ പേടി വന്നത്.”