
ബിഗ് ബോസ് മലയാളം സീസൺ 8ലേക്ക് മത്സരരാർത്ഥിയായി എത്തിയ റിനി ആൻ ജോർജ് മുൻപ് ഈ ഷോയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. മറ്റുള്ളവരുടെ വീടുകളിലേക്ക് ഒളിഞ്ഞുനോക്കുന്നതുപോലെയുള്ള പരിപാടിയാണ് ബിഗ് ബോസെന്നും തനിക്ക് അതിനോട് താൽപ്പര്യമില്ലെന്നും വ്യക്തമാക്കിയിട്ടുള്ള അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. റിനി സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്.
“ബിഗ് ബോസ് എനിക്ക് തീരെ ഇഷ്ടമുള്ള ഒന്നല്ല. സത്യത്തിൽ ആരുടെയെങ്കിലും വീട്ടിലേക്ക് ഒളിഞ്ഞുനോക്കുന്ന പരിപാടിയാണല്ലോ അത്. എനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ല. മറ്റുള്ളവരെക്കുറിച്ച് പരദൂഷണം പറയാനും ഇഷ്ടമല്ല, ഞാൻ ആരെക്കുറിച്ചും അങ്ങനെ പറയാറുമില്ല”, എന്നായിരുന്നു റിനിയുടെ പ്രതികരണം. ഇങ്ങനെയൊക്കെ പറയുന്ന താങ്കളെ ഭാവിയിൽ മോഹൻലാലിനൊപ്പം ബിഗ് ബോസ് വേദിയിൽ കാണാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് “അറിയില്ല, അവർ വിളിച്ചാൽ ഞാൻ പോവുമോ എന്ന് തീർത്തു പറയാനാകില്ല. ചിലപ്പോൾ മറ്റു പല കാരണങ്ങൾ കൊണ്ടു പോയേക്കാം”, എന്നായിരുന്നു റിനിയുടെ മറുപടി.
കോൺഗ്രസ് എംഎൽഎ ആയിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സമീപകാലത്ത് രാഷ്ട്രീയ കേരളത്തിൽ ശ്രദ്ധേയയായ വ്യക്തിയാണ് മാധ്യമപ്രവർത്തക കൂടിയായ റിനി. രാഹുലിന്റെ രാജിയിലേക്ക് വരെ നയിച്ച ആ വെളിപ്പെടുത്തലുകൾക്ക് ശേഷം റിനി ബിഗ് ബോസ് വേദിയിലേക്കെത്തുമ്പോൾ പ്രേക്ഷകർക്കിടയിൽ വലിയ ആകാംക്ഷയാണുള്ളത്.
മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള റിനി, ‘ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസി’ൽ ഇന്റേണായാണ് മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്നത്. തുടർന്ന് വിവിധ ഓൺലൈൻ സ്ഥാപനങ്ങളിലും പ്രമുഖ വാർത്താ ചാനലുകളിലും മാധ്യമപ്രവർത്തകയായും അവതാരകയായും അവർ പ്രവർത്തിച്ചിട്ടുണ്ട്.