“പെണ്ണായത് കൊണ്ടാണോ ഈ വിവേചനം”; നായകനും സംവിധായകനും BMW സമ്മാനം, നായികയെ തഴഞ്ഞതിൽ വിമർശനം

','

' ); } ?>

ലോകേഷ് കനകരാജ് നായകനായും അരുൺ മാതേശ്വരൻ സംവിധാനം ചെയ്തും ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിൽ ഇടംനേടിയ ‘ഡി.സി’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടയിൽ വലിയ രീതിയിലുള്ള സൈബർ വിമർശനങ്ങൾ. ചിത്രത്തിന്റെ വിജയം ആഘോഷിക്കാൻ നിർമാതാവ് കലാനിധി മാരൻ നായകനും സംവിധായകനും സംഗീത സംവിധായകനും ബി.എം.ഡബ്ല്യുവിന്റെ ആഡംബര കാറുകൾ സമ്മാനിച്ചപ്പോൾ, ചിത്രത്തിലെ നായിക വാമിഖ ഗബ്ബിയെ തഴഞ്ഞുവെന്നാണ് ആരാധകരുടെ പ്രധാന ആക്ഷേപം.

ബി.എം.ഡബ്ല്യുവിന്റെ ഇലക്ട്രിക് എസ്യുവി പതിപ്പായ iX1 കാറുകളാണ് ലോകേഷ് കനകരാജ്, അരുൺ മാതേശ്വരൻ, സംഗീത സംവിധായകൻ എന്നിവർക്ക് സമ്മാനമായി നൽകിയത്. ഇത് സംബന്ധിച്ച വീഡിയോ സൺ പിക്ചേഴ്സ് പുറത്തുവിട്ടതിന് പിന്നാലെയാണ് കടുത്ത പ്രതിഷേധവുമായി സിനിമാപ്രേമികൾ രംഗത്തെത്തിയത്. ചിത്രത്തിന്റെ വിജയത്തിന് നിർണായക പങ്കുവഹിച്ച നായിക വാമിഖയെ അവഗണിച്ചത് ലിംഗപരമായ വിവേചനമാണെന്നും ചിത്രത്തിന്റെ ജീവൻ തന്നെ വാമിഖ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രമാണെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തിൽ നടി സാനിയ അയ്യപ്പൻ ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി കമന്റ് ചെയ്തിട്ടുണ്ട്.

ശരത് ചന്ദ്ര ചഠോപാധ്യായയുടെ വിഖ്യാതമായ ‘ദേവദാസ്’ നോവലിന്റെ ആധുനിക പശ്ചാത്തലത്തിലുള്ള ദൃശ്യാവിഷ്കാരമാണ് ‘ഡി.സി’. ലോകേഷിനും വാമിഖയ്ക്കും പുറമേ സഞ്ജന എ.കെയും പ്രധാന വേഷത്തിലെത്തിയ ചിത്രം കഴിഞ്ഞ സെപ്റ്റംബർ നാലിനാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ സൺ എൻഎക്സ്ടിയിൽ സ്ട്രീമിങ് ആരംഭിച്ചത്. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ഈ ചിത്രത്തെക്കുറിച്ചുള്ള സമ്മാന വിവാദം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്.