‘കൊച്ചേ, മലയാളികൾ വലിയ ആൾക്കാരാണെന്ന് പറഞ്ഞിട്ട്, ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറക്കുന്നത് ?’; അവതാരകയോട് ഉർവശി

','

' ); } ?>

കേരളത്തിലെ പൊതുവേദികളിൽ മലയാളികൾക്ക് മുന്നിൽ അനാവശ്യമായി ഇംഗ്ലീഷിൽ സംസാരിക്കുന്ന അവതാരകരുടെ രീതിയെ രൂക്ഷമായി വിമർശിച്ച് നടി ഉർവശി. മലയാളി പ്രേക്ഷകർ മാത്രമുള്ള സദസ്സിൽ മാതൃഭാഷയിൽ സംസാരിക്കുന്നതാണ് ഏറ്റവും സ്വാഭാവികമെന്നും എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ആശയവിനിമയം നടത്തുകയാണ് വേണ്ടതെന്നും നടി വ്യക്തമാക്കി. കൊച്ചിയിൽ നടന്ന തന്റെ പുതിയ ചിത്രമായ ‘ആശ’യുടെ വാർത്താസമ്മേളനത്തിനിടെയായിരുന്നു ഉർവശിയുടെ ഈ പ്രതികരണം. വേദിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അവതാരക ഇംഗ്ലീഷിൽ സംസാരിച്ചതാണ് ഉർവശിയെ മാതൃഭാഷാ സ്നേഹത്തോടെയുള്ള പ്രതികരണത്തിലേക്ക് നയിച്ചത്.

“കേരളത്തിൽ നിന്നുകൊണ്ട് മലയാളികൾ അത്രയും വലിയ ആളുകളാണെന്ന് പറഞ്ഞിട്ട് ഇംഗ്ലീഷിൽ എന്തോന്നാ ഈ കടുക് വറക്കുന്നത്? ഇവിടെ നിൽക്കുന്നവരെല്ലാം മലയാളികളല്ലേ” എന്ന് നടി ചോദിച്ചു. ചെന്നൈയിൽ നിന്ന് തിരക്കിട്ടെത്തിയ ഐശ്വര്യ ലക്ഷ്മിയോട് സംസാരിക്കാനാണ് ഇംഗ്ലീഷ് ഉപയോഗിക്കുന്നതെന്ന് കരുതീയെങ്കിലും തന്നോടും ഇംഗ്ലീഷിൽ സംസാരിച്ച് അറ്റാക്ക് ചെയ്യുകയാണെന്ന് ഉർവശി തമാശരൂപേണ പറഞ്ഞു. സ്വന്തം നാട്ടിലും സദസ്സിലും സംസാരിക്കുമ്പോൾ ഏവർക്കും ഒരുപോലെ മനസ്സിലാകുന്ന മലയാളത്തിൽ സംസാരിച്ചാൽ പോരേയെന്നും, മലയാളം അറിയാവുന്നവരല്ലേ ഇവിടെ കാണുന്നതെന്നും ഉർവശി സദസ്സിനോടായി വികാരാധീനയായി ചോദിച്ചു.

പുതുമുഖ സംവിധായകനായ സനൽ സഫർ ഒരുക്കുന്ന ‘ആശ’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് വാർത്താസമ്മേളനം സംഘടിപ്പിച്ചത്. ഉർവശിക്കൊപ്പം ജോജു ജോർജ്, ഐശ്വര്യ ലക്ഷ്മി, വിജയരാഘവൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന് സംഗീതം പകരുന്നത് ഗോവിന്ദ് വസന്തയാണ്. ജോജു ജോർജ്, രമേശ് ഗിരിജ, സഫർ സനൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.