
മകന് എഡിഎച്ച്ഡി (ADHD) സ്ഥിരീകരിച്ചതോടെ തന്റെ ജീവിതത്തിലെ മുൻഗണനകൾ പൂർണ്ണമായും മാറിയെന്ന് നടൻ വിനയ് ഫോർട്ട്. ഒമ്പത് വയസുകാരനായ മകൻ സ്പെക്ട്രത്തിൽ ഉൾപ്പെടുന്ന കുട്ടിയാണെന്ന് അടുത്തിടെയാണ് തിരിച്ചറിഞ്ഞതെന്നും, അവന്റെ സന്തോഷവും സ്വതന്ത്രമായ ഭാവിയുമാണ് ഇനി തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യമെന്നും താരം പറഞ്ഞു. ഒരു ദൃശ്യമാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനയ് ഫോർട്ട് തന്റെ അനുഭവങ്ങളും പുതിയ തിരിച്ചറിവുകളും പങ്കുവെച്ചത്.
ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും എഡിഎച്ച്ഡി, ഓട്ടിസം തുടങ്ങിയ അവസ്ഥകളെക്കുറിച്ച് മുൻപ് തനിക്ക് കാര്യമായ ധാരണയില്ലായിരുന്നുവെന്ന് നടൻ തുറന്നുപറഞ്ഞു. ബിരുദാനന്തര ബിരുദമുണ്ടായിട്ടും ഇത്തരം വിഷയങ്ങളിൽ അറിവില്ലായിരുന്നുവെന്ന് മനസ്സിലാക്കിയതോടെ, ഒരു രക്ഷിതാവെന്ന നിലയിൽ സ്വയം പഠിക്കാനും മകനെ മികച്ച രീതിയിൽ പിന്തുണയ്ക്കാനുമാണ് ഇപ്പോൾ ശ്രമിക്കുന്നത്. ന്യൂറോ ടിപ്പിക്കൽ ആയവർക്ക് വേണ്ടി മാത്രം ഡിസൈൻ ചെയ്തിട്ടുള്ള നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിലും സമൂഹത്തിലും മകൻ എങ്ങനെ മുന്നോട്ടുപോകും എന്നതിനാണ് താൻ പ്രഥമ പരിഗണന നൽകുന്നതെന്നും വിനയ് ഫോർട്ട് വ്യക്തമാക്കി.
ന്യൂറോ ഡൈവേർജന്റ് ആയ ആളുകൾ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാണെങ്കിലും അവർ ഒരിക്കലും കുറവുള്ളവരല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ സ്കൂളുകളിൽ ഇത്തരത്തിലുള്ള കുട്ടികളെ ‘മടിയന്മാർ’ എന്ന് ലേബൽ ചെയ്യുകയും അധ്യാപകർ ക്രൂരമായി ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ ഓരോരുത്തരുടെയും തലച്ചോറിന്റെ പ്രവർത്തനം വ്യത്യസ്ത രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്തരം അവസ്ഥകളെക്കുറിച്ച് നമ്മുടെ സമൂഹത്തിന് ഇപ്പോഴും വ്യക്തമായ ധാരണയില്ലെന്നും സ്പെക്ട്രത്തിലുള്ള കുട്ടികൾക്ക് സാധാരണ കുട്ടികളേക്കാൾ കൂടുതൽ ശ്രദ്ധയും പിന്തുണയും ആവശ്യമാണെന്നും താരം ഓർമ്മിപ്പിച്ചു.
വിനയ് ഫോർട്ടിന്റെ വാക്കുകൾ;
‘എന്റെ മകന് ഒമ്പത് വയസായി. അടുത്തിടെ അവന് എഡിഎച്ച്ഡി ആണെന്ന് കണ്ടെത്തി. അവന്‍ സ്‌പെക്ട്രത്തില്‍ പെട്ട കുട്ടിയാണ്. അതിനാല്‍ സാധാരണകുട്ടികളേക്കാള്‍ ശ്രദ്ധ അവന് കൊടുക്കേണ്ടതുണ്ട്. ഈ ഡയഗ്നോസിന്റെ മുമ്പ് എനിക്ക് ഇതേക്കുറിച്ചൊന്നും അറിവുണ്ടായിരുന്നില്ല. വളര്‍ന്ന രീതി അങ്ങനെയായിരുന്നു. എനിക്ക് കുറച്ചുകൂടി പ്രിവിലേജുണ്ട്. എന്നെ സംബന്ധിച്ച്, ഇപ്പോള്‍ എന്റെ പ്രയോരിറ്റിയും ജീവിതത്തിന്റെ ലക്ഷ്യവും എന്റെ മകന്റെ ഭാവിയാണ്.
സ്‌പെക്ട്രത്തിലുള്ളവരെക്കുറിച്ചൊന്നും നമ്മള്‍ പഠിച്ചിട്ടില്ല. എനിക്ക് ബിരുദാന്തര ബിരുദമുണ്ട്. പക്ഷെ എഡിഎച്ച്ഡി, ഓട്ടിസം എന്നൊക്കെ പറയുന്നതിനെക്കുറിച്ച് യാതൊരു അറിവും എനിക്കുണ്ടായിരുന്നില്ല.
എന്റെ ജീവിതത്തില്‍ ഞാന്‍ ലക്ഷ്യമിടുന്ന ഒരേയൊരു കാര്യം മകന് മെച്ചപ്പെട്ടൊരു ജീവിതമുണ്ടാവുക, അവന്‍ നേരിടുന്ന വെല്ലുവിളികള്‍ക്കായി രക്ഷിതാവെന്ന നിലയില്‍ ഏറ്റവും നല്ല രീതിയില്‍ എജ്യുക്കേറ്റ് ചെയ്യുക എന്നതാണ്. നാളെ സ്വതന്ത്രവും, സന്തോഷം നിറഞ്ഞതും, പ്രൊഡക്ടീവുമായ ജീവിതം അവനുണ്ടാവുക എന്നതാണ് എന്റെ മുന്‍ഗണന.
നമ്മുടെ സമൂഹത്തിന് ഒരു ധാരണയുമില്ലാത്തവരാണ് സ്‌പെക്ട്രത്തില്‍ പെട്ടവര്‍. ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഒരുപാട് കുട്ടികളുണ്ടായിരുന്നു. അവര്‍ക്ക് പല പേരുകളാണ് നമ്മള്‍ കൊടുത്തത്. മടിയനെന്ന് വിളിച്ചു. ടീച്ചേഴ്‌സ് അടിച്ച് തോല് പൊളിക്കുന്ന കുട്ടികളായിരുന്നു. ഓരോരുത്തരുടേയും തലച്ചോര്‍ ഓരോ തരത്തിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ന്യൂറോ ഡൈവേര്‍ജന്റ് ആളുകള്‍ നമ്മളില്‍ നിന്നും വ്യത്യസ്തരായിരിക്കും. പക്ഷെ അവര്‍ കുറവുള്ളവരല്ല.
നമ്മുടെ വിദ്യാഭ്യാസം സംവിധാനം ഡിസൈന്‍ ചെയ്തിരിക്കുന്നത് ന്യൂറോ ടിപ്പിക്കല്‍ ആയവര്‍ക്ക് വേണ്ടിയാണ്. അതുപോലൊരു സമൂഹത്തില്‍ നാളെ എന്റെ മകന്‍ എങ്ങനെ പ്രവര്‍ത്തിക്കും എന്നതാണ് എന്റെ പ്രയോരിറ്റി. അത് കഴിഞ്ഞിട്ടേയുള്ളൂ ബാക്കിയുള്ളതെല്ലാം.’