ലോകയിലെ ആ കഥാപാത്രം എനിക്ക് വന്നതായിരുന്നു, പക്ഷെ ചെയ്യാന്‍ പറ്റിയില്ല; കാരണം പങ്കുവച്ച് ശ്യാം മോഹന്‍

','

' ); } ?>

‘പ്രേമലു’വിന് ശേഷം മലയാള സിനിമയിൽ നിന്ന് ചെറിയൊരു ഇടവേളയെടുത്തതിന്റെ കാരണം വ്യക്തമാക്കി നടൻ ശ്യാം മോഹൻ. രണ്ട് തെലുങ്ക് ചിത്രങ്ങളുടെ തിരക്കിലായതിനാലാണ് മലയാളത്തിൽ നിന്ന് മാറിനിൽക്കേണ്ടി വന്നതെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ തികച്ചും വ്യത്യസ്തമായ പ്രകടനത്തിലൂടെ മലയാളത്തിൽ വീണ്ടും ശ്രദ്ധ നേടുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.

മലയാളത്തിൽ സജീവമായി നിൽക്കുന്ന സമയത്ത് മറ്റ് ഭാഷകളിലേക്ക് പോയാൽ ആളുകൾ മറന്നുപോകുമെന്നും അവസരങ്ങൾ കുറയുമെന്നും പലരും മുന്നറിയിപ്പ് നൽകിയിരുന്നതായി ശ്യാം വെളിപ്പെടുത്തി. എന്നാൽ തെലുങ്ക് സിനിമയിലെ കഥാപാത്രങ്ങളുടെ മികവു കൊണ്ടാണ് ആ പ്രോജക്റ്റുകൾ സ്വീകരിച്ചത്. ഒരു നടനെന്ന നിലയിൽ പൂർണമായും പിഴിഞ്ഞെടുത്ത കഥാപാത്രങ്ങളാണ് തെലുങ്കിൽ ലഭിച്ചതെന്നും, അവിടുത്തെ സെൻസിബിളായ യുവ സംവിധായകരുടെ ചിത്രങ്ങളിൽ വലിയ പ്രതീക്ഷയുണ്ടെന്നും ശ്യാം വ്യക്തമാക്കി. വിജയ് ദേവരകൊണ്ടയുടെ സഹോദരൻ ആനന്ദ് ദേവരകൊണ്ടയും ‘ലാപതാ ലേഡീസ്’ താരം നിതാൻഷി ഗോയലും ഒന്നിക്കുന്ന ‘തക്ഷകൊട്’ ആണ് ശ്യാമിന്റെ പുറത്തിറങ്ങാനുള്ള തെലുങ്ക് ചിത്രം.

ഇടവേളയിൽ ചില നല്ല മലയാള ചിത്രങ്ങൾക്ക് ഡേറ്റ് പ്രശ്നങ്ങൾ കാരണം നോ പറയേണ്ടി വന്നതിൽ വിഷമമുണ്ടെന്നും താരം പറഞ്ഞു. പ്രത്യേകിച്ചും ‘ലോകൈ’ എന്ന ചിത്രത്തിലെ ചന്തു ചെയ്ത കഥാപാത്രം ചെയ്യാനാകാതെ പോയത് വലിയൊരു നഷ്ടമായി തോന്നിയിരുന്നു. എങ്കിലും ആ കഥാപാത്രം ചന്തു മനോഹരമായി തന്നെ ചെയ്തുവെന്നും ശ്യാം കൂട്ടിച്ചേർത്തു.

‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ പുറത്തുവന്നതോടെ മലയാളത്തിൽ വീണ്ടും പ്രേക്ഷകശ്രദ്ധ നേടാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് താരം. നിലവിൽ മലയാളത്തിൽ നിന്ന് പുതിയ കഥകൾ കേൾക്കുന്നുണ്ടെന്നും ഉടൻ തന്നെ പുതിയ പ്രോജക്റ്റുകൾ ഉണ്ടാകുമെന്നും ശ്യാം മോഹൻ വ്യക്തമാക്കി.

ശ്യാം മോഹന്റെ വാക്കുകൾ;

”പ്രേമലു കഴിഞ്ഞിട്ട് ഇവിടെ രണ്ട് പടം ചെയ്തിട്ട് തെലുങ്കില്‍ പോയതിനാല്‍ ഒരു ഗ്യാപ്പ് വന്നു. കുറേപ്പേര്‍ എന്നോട് പറഞ്ഞു, അങ്ങനെ ചെയ്യരുതെന്ന്. മലയാളത്തില്‍ ഇത്രയും ഇതായിട്ട് നിന്നിട്ട്, പെട്ടെന്ന് വാനിഷ് ആയാല്‍ മലയാളത്തില്‍ ആളുകള്‍ മറക്കും. വിളിക്കുമ്പോള്‍ നീ തെലുങ്ക് പടം ചെയ്യുകയാണെന്ന് പറഞ്ഞാല്‍ ഓ ഇവന്‍ വലിയ തെലുങ്ക് പടം ചെയ്യുന്നവന്‍ എന്ന് പറയാന്‍ തുടങ്ങും എന്ന് പറഞ്ഞു. പക്ഷെ ഞാന്‍ തെലുങ്ക് കണ്ട് ചാടിപ്പോയതല്ല. ആ കഥാപാത്രം കേട്ടപ്പോള്‍ ഭയങ്കര പരിപാടിയാണെന്ന് തോന്നിയിട്ടാണ് പോയത്.”

”ഇടയ്ക്ക് ഇവിടെ നല്ല സിനിമകള്‍ വന്നിരുന്നു. ചിലതെങ്കിലും വിഷമത്തോടു കൂടി നോ പറയേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അത്ര എക്‌സൈറ്റിങ് ആയിട്ടുള്ള പടങ്ങള്‍ വന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ അങ്ങനേയും വന്നിട്ടില്ല. ലോകയില്‍ ഒരു കഥാപാത്രം വന്നിരുന്നു. അത് വിഷമം തോന്നി. അത്രയും നല്ലൊരു സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ പോയത് നഷ്ടമായിപ്പോയി എന്ന് തോന്നിയിരുന്നു. ചന്തുവിന്റെ കഥാപാത്രമായിരുന്നു. ചന്തു അടിപൊളിയായി ചെയ്തിട്ടുണ്ട്.”

”നന്നായി ചെയ്യാത്തത് എന്ന് തോന്നിയ സിനിമകളും വന്നിട്ടുണ്ട്. അത് അങ്ങനെയാണ്. ടൈമിങ് ശരിയാകണം. കുഴപ്പമില്ല. ഇപ്പോള്‍ ഇത് വന്നതോടെ മലയാളത്തില്‍ വീണ്ടും ആളുകളുടെ ഓര്‍മയിലേക്ക് കയറി വന്നിട്ടുണ്ട്. തെലുങ്കില്‍ ചെയ്ത സിനിമയില്‍ എനിക്ക് അത്യാവശ്യം ആത്മവിശ്വാസമുണ്ട്. നടന്‍ എന്ന രീതിയില്‍ പിഴിഞ്ഞെടുത്ത പടമാണ്. രണ്ട് സിനിമകളും അങ്ങനെയാണ്. സ്ഥിരം തെലുങ്ക് പടങ്ങളല്ല. രണ്ടിന്റേയും സംവിധായര്‍ സെന്‍സിബിള്‍ ആയവരാണ്. അവിടുത്തെ യുവതലമുറക്കാരാണ്. ആ സിനിമകളില്‍ പ്രതീക്ഷയുണ്ട്.”

തക്ഷകൊട് ആണ് ശ്യാമിന്റെ പുറത്തിറങ്ങാനുള്ള തെലുങ്ക് ചിത്രം. നെറ്റ്ഫ്‌ളിക്‌സ് ചിത്രത്തിലെ നായകന്‍ വിജയ് ദേവരക്കൊണ്ടയുടെ സഹോദരന്‍ കൂടെയായ നടന്‍ ആനന്ദ് ദേവരക്കൊണ്ടയാണ്. ലാപതാ ലേഡീസ് നായിക നിതാന്‍ഷി ഗോയലാണ് ചിത്രത്തിലെ നായിക. മലയാളത്തിലും പുതിയ സിനിമകളുടെ കഥകള്‍ കേള്‍ക്കുന്നുണ്ടെന്നും ശ്യാം മോഹന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *