
തന്റെ ജന്മദിനത്തിൽ കുട്ടികൾക്ക് സ്നേഹസമ്മാനമായി സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ച് മെഗാസ്റ്റാർ മമ്മൂട്ടി. മമ്മൂട്ടിയുടെ ‘കെയർ ആൻഡ് ഷെയർ’ ചാരിറ്റബിൾ ട്രസ്റ്റും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി പ്രഖ്യാപിച്ച ഈ വലിയ ജീവകാരുണ്യ പദ്ധതിയുടെ വിവരങ്ങൾ, ചെന്നൈയിലെ ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്ത ശേഷം നടനും എം.എൽ.എയുമായ രമേഷ് പിഷാരടിയാണ് മാധ്യമങ്ങളോട് പങ്കുവെച്ചത്.
പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി ആറു മുതൽ പത്തു ലക്ഷം രൂപ വരെ ചെലവ് വരുന്ന 50 സൗജന്യ ഹൃദയ ശസ്ത്രക്രിയകളാണ് ഈ പദ്ധതിയിലൂടെ നടത്തുന്നത്. നാളത്തെ തലമുറയ്ക്കുള്ള വലിയൊരു തണലായി മാറും ഈ പദ്ധതിയെന്നും, മമ്മൂട്ടിക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കാനും ഈ സന്തോഷനിമിഷത്തിന് സാക്ഷിയാകാനുമാണ് താൻ പാലക്കാട്ടുനിന്ന് രാത്രിയിലെ വിമാനത്തിൽ ചെന്നൈയിൽ എത്തിയതെന്നും രമേഷ് പിഷാരടി പറഞ്ഞു.
ചെറുപ്പം മുതൽ തന്റെ ഓർമകളിൽ ഒപ്പം ജ്വലിച്ചു നിൽക്കുന്ന സൂര്യനാണ് മമ്മൂട്ടിയെന്ന് ആശംസകൾ നേർന്നുകൊണ്ട് പിഷാരടി കുറിച്ചു. യാത്രാവേളകളിൽ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഒപ്പം വരുന്ന സൂര്യനെപ്പോലെ, അടുത്തു കാണാൻ ഭാഗ്യമുണ്ടായപ്പോൾ സ്നേഹത്തിന്റെ ചൂടും അറിവിന്റെ വെളിച്ചവും നൽകിയ വലിയൊരു നക്ഷത്രമാണ് അദ്ദേഹമെന്നും പിഷാരടി സ്മരിച്ചു. ചെന്നൈയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ പങ്കെടുത്ത ലളിതമായ ജന്മദിനാഘോഷമാണ് നടന്നത്. പിറന്നാൾ രാത്രിയിൽ കൊച്ചിയിലെ വീടിനുമുന്നിൽ തടിച്ചുകൂടിയ ആയിരക്കണക്കിന് ആരാധകരെ നിരാശരാക്കാതെ, ചെന്നൈയിൽ നിന്ന് വിഡിയോ കോൾ വഴി അഭിസംബോധന ചെയ്യാനും മമ്മൂട്ടി സമയം കണ്ടെത്തിയിരുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സിനിമാ താരങ്ങളെ കൊണ്ടുവരാതിരുന്നതിനെക്കുറിച്ചും തന്റെ സിനിമ-രാഷ്ട്രീയ ജീവിതത്തെക്കുറിച്ചും പിഷാരടി പ്രതികരിച്ചു. വ്യക്തിബന്ധങ്ങൾ ദുരുപയോഗം ചെയ്ത് പ്രിയപ്പെട്ടവരെ സൈബർ ബുള്ളിയിങ്ങിന് വിട്ടുകൊടുക്കാൻ ആഗ്രഹിക്കാത്തതിനാലാണ് പ്രചാരണത്തിൽ നിന്ന് സിനിമാ സുഹൃത്തുക്കളെ ഒഴിവാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം, രാഷ്ട്രീയത്തിൽ നൂറു ശതമാനം ആത്മാർത്ഥതയോടെ ജനസേവനം നടത്താനാണ് മമ്മൂക്ക തനിക്ക് നൽകിയ ഉപദേശം. അതിനാൽ നിലവിൽ എം.എൽ.എ എന്ന ഉത്തരവാദിത്തത്തിൽ പൂർണമായി ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും, അഭിനയവും സംവിധാനവും താത്കാലികമായി നിർത്തിവെച്ചിരിക്കുകയാണെന്നും രമേഷ് പിഷാരടി കൂട്ടിച്ചേർത്തു.
രമേശ് പിഷാരടിയുടെ വാക്കുകൾ
‘‘ഞാൻ ഇന്നലെ പാലക്കാടായിരുന്നു. രാത്രിയിലെ വിമാനത്തില്‍ ചെന്നൈയില്‍ എത്തിയതാണ്. ഇപ്പോള്‍ തിരിച്ച് പാലക്കാട്ടേക്ക് പോകുന്നു. പിറന്നാള്‍ കേക്ക് മുറിക്കാന്‍ വന്നതാണ്. മാത്രവുമല്ല അദ്ദേഹം പാലക്കാടിന് ഒരു വലിയ സ്നേഹ സമ്മാനം ഇന്നത്തെ ദിവസം തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ‘കെയർ ആൻഡ് ഷെയർ’ ചാരിറ്റബിൾ ട്രസ്റ്റും ആലുവ രാജഗിരി ആശുപത്രിയും സംയുക്തമായി ചേർന്ന് പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ആറു മുതൽ പത്തു ലക്ഷം രൂപ വരെ ചെലവ് വരുന്ന ഏകദേശം 50 ശസ്ത്രക്രിയകളാണ് ചെയ്യുക. വലിയൊരു കാര്യമാണ്, വലിയ സന്തോഷം തരുന്ന കാര്യമാണ്.
കഴിഞ്ഞ കുറെ പിറന്നാളുകൾക്ക് ഒപ്പമുണ്ടാവാന്‍ സാധിക്കുന്നതിലും സന്തോഷമുണ്ടെന്ന് അദ്ദേഹം പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരാൻ ശ്രമിക്കും എന്ന് പറഞ്ഞിരുന്നു ആ ശ്രമം എവിടെ വരെയായി എന്ന ചോദ്യത്തിന് അതിനകത്ത് വലിയ പ്രശ്നങ്ങളൊന്നുമില്ല ചെയ്യാവുന്ന കാര്യമേയുള്ളൂ എന്നായിരുന്നു രമേഷ് പിഷാരടിയുടെ പ്രതികരണം. ‘അന്ന് സിനിമാ താരങ്ങളെ ആരെയും പ്രചരണത്തിന് കൊണ്ടുവരേണ്ടാ എന്ന് തന്നെയായിരുന്നു എന്റെ തീരുമാനം. കാരണം നമ്മള് അവരെ വെറുതേ സൈബര്‍ ബുള്ളിയിങിന് ഇട്ടുകൊടുത്ത് നമ്മളായിട്ട് നമ്മുടെ സൗഹൃദം അങ്ങനെ ദുരുപയോഗം ചെയ്യരുതെന്നും ആ അഡ്രസ് ഉപയോഗിക്കാതെ ജയിക്കണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നതുകൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. അപ്പോള്‍ ഇക്കാര്യം ചോദിച്ചവരോട് ശ്രമിക്കാം എന്ന് വാക്കുനല്‍കുകയായിരുന്നു.
‘‘എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ഒരു പരോക്ഷമായ സാന്നിധ്യം, അതായത് നാളത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് ഇത്രയും വലിയൊരു കാര്യം, ആറ് ലക്ഷം മുതൽ പത്ത് ലക്ഷം രൂപ വരെ ചെലവ് വരുന്ന അൻപത് ശസ്ത്രക്രിയകളാണ് സൗജന്യമായിട്ട് ചെയ്തുതരാം എന്ന് പറഞ്ഞത്. വലിയ കാര്യമല്ലേ?’– അദ്ദേഹം പറയുന്നു.പിറന്നാൾ രാത്രിയിൽ കൊച്ചിയിലെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകരെ നിരാശരാക്കാതെ മമ്മൂട്ടി വിഡിയോ കോൾ വഴി സംസാരിച്ചതിനെക്കുറിച്ചും രമേഷ് പിഷാരടി സംസാരിച്ചു. ദൂരദേശങ്ങളിൽ നിന്നും സ്നേഹത്തോടെ എത്തിയ ആരാധകരെ വിഡിയോ കോളിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു മമ്മൂട്ടി. ‘അതും സ്നേഹം തന്നെയാണല്ലോ. ആ സ്നേഹത്തെ നമ്മൾ അഡ്രസ് ചെയ്യാതിരിക്കുക എന്ന് പറയുന്നത് അദ്ദേഹത്തിന് സാധിക്കുന്ന ഒരു കാര്യമല്ല അതുകൊണ്ട് ചെയ്തതാണ്. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പ്രിയപ്പെട്ടവരും ചെന്നൈയിലെ ലളിതമായ ജന്മദിനാഘോഷങ്ങളിൽ പങ്കുചേർന്നിരുന്നു.’