പ്രമുഖ ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു

','

' ); } ?>

ദേശീയ, സംസ്ഥാന പുരസ്‌കാര ജേതാവായ പ്രമുഖ മലയാള ചലച്ചിത്ര സംവിധായകൻ ആർ. ശരത് അന്തരിച്ചു. 63 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഴ് സംസ്ഥാന പുരസ്‌കാരങ്ങൾ വാരിക്കൂട്ടിയ ‘സായാഹ്നം’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അദ്ദേഹം, ‘സ്ഥിതി’, ‘ശീലാബതി’, ‘ബുദ്ധൻ ചിരിക്കുന്നു’ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.

മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ പുരസ്‌കാരം, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര അവാർഡ് എന്നിവയടക്കം നിരവധി അംഗീകാരങ്ങൾ നേടിയിട്ടുള്ള ചലച്ചിത്രപ്രതിഭയാണ് ആർ. ശരത്. മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം, മികച്ച ഹ്രസ്വചിത്രം, മികച്ച കഥ എന്നിവയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

ഡോക്യുമെന്ററി സംവിധായകനായിട്ടാണ് ശരത് തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. ‘ദി പെയിന്റഡ് എപ്പിക്‌സ്’ എന്ന ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിനിടെ രാജാ രവിവർമ്മയുടെ ചില അപൂർവ ചുവർചിത്രങ്ങൾ കണ്ടെത്തിയത് ചരിത്രപരമായും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരായ ദമ്പതികളുടെ ജീവിത കഥ പറഞ്ഞ ‘സ്ഥിതി’ എന്ന ചിത്രം ഏറെ നിരൂപകപ്രശംസ നേടിയിരുന്നു. പ്രശസ്ത പിന്നണി ഗായകൻ ഉണ്ണി മേനോൻ നായകനായി അരങ്ങേറിയ ഈ ചിത്രത്തിന്റെ സംഗീതസംവിധാനവും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്.