
പ്രശസ്ത സിനിമാ ഛായാഗ്രാഹകൻ പൂന്തോപ്പ് വാർഡ് തൈപ്പറമ്പിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസ്സായിരുന്നു. സംസ്കാരം ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ നടക്കും. ‘ഉമ്മ’, ‘ലേഡീസ് ഹോസ്റ്റൽ’ തുടങ്ങി എഴുപതിലധികം സിനിമകളുടെ ഛായാഗ്രഹണം നിർവ്വഹിച്ച അദ്ദേഹം മലയാള ചലച്ചിത്ര രംഗത്തെ മുതിർന്ന ക്യാമറാമാൻമാരിൽ ഒരാളാണ്.
1960-ൽ ഉദയായുടെ ബാനറിൽ കുഞ്ചാക്കോ സംവിധാനം ചെയ്ത ‘ഉമ്മ’ എന്ന ചിത്രത്തിലൂടെയാണ് ടി.എൻ. കൃഷ്ണൻകുട്ടി സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. സംവിധായകൻ ഹരിഹരന്റെ കന്നിചിത്രമായ ‘ലേഡീസ് ഹോസ്റ്റൽ’ ഉൾപ്പെടെ ഒട്ടേറെ ശ്രദ്ധേയ സിനിമകൾക്ക് അദ്ദേഹം ക്യാമറ ചലിപ്പിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ, പി.ജെ. ആന്റണി, ശശികുമാർ, എ.ബി. രാജ്, വേണു, എം.എം. നേശൻ, കെ.പി. പിള്ള, കെ. നാരായണൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. 1985-ൽ പുറത്തിറങ്ങിയ ജോർജ് വെട്ടത്തിന്റെ ‘മടക്കയാത്ര’യിലാണ് അവസാനമായി ഛായാഗ്രഹണം നിർവ്വഹിച്ചത്.
ഭാര്യ: ലളിതമ്മ. മക്കൾ: ഹരികൃഷ്ണൻ, ജയകൃഷ്ണൻ, ജ്യോതികൃഷ്ണ.