
നടൻ മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന 40,000 യൂണിറ്റ് മെഗാ രക്തദാന ക്യാമ്പെയിന് പിന്തുണയുമായി എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്. ‘ജീവാമൃതം’ എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ സംരംഭത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സെപ്റ്റംബർ 8-ന് തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായുള്ള എംജിഎമ്മിന്റെ മുപ്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻ.എസ്.എസ് (NSS) യൂണിറ്റുകളുടെ നേതൃത്വത്തിലാണ് രക്തദാന ക്യാമ്പുകൾ ഏകോപിപ്പിക്കുന്നത്. വിദ്യാർത്ഥികൾ, അധ്യാപകർ, പി.ടി.എ പ്രതിനിധികൾ, പ്രദേശവാസികൾ എന്നിവരെ പങ്കാളികളാക്കിക്കൊണ്ട് നടത്തുന്ന ക്യാമ്പെയിന് ഗവൺമെന്റ് മെഡിക്കൽ കോളേജുകളുടെയും അംഗീകൃത രക്തബാങ്കുകളുടെയും പൂർണ്ണ പിന്തുണയുണ്ട്. ആവശ്യമായ വിദഗ്ധ മെഡിക്കൽ സംഘത്തിന്റെ മേൽനോട്ടത്തിലാണ് ഓരോ സ്ഥാപനത്തിലും രക്തശേഖരണം നടക്കുക.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 17 രാജ്യങ്ങളിൽ ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന വലിയൊരു ജീവകാരുണ്യ പദ്ധതിക്കാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ രൂപം നൽകിയിരിക്കുന്നത്. ആരാധകർക്ക് പുറമെ വിവിധ മലയാളി കൂട്ടായ്മകൾ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ, വ്യാപാരി വ്യവസായികൾ, ജനപ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഇതിനോടകം പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.
യുവജനങ്ങളിലും വിദ്യാർത്ഥികളിലും സാമൂഹിക പ്രതിബദ്ധത വളർത്താനും രക്തദാനമെന്ന ജീവൻരക്ഷാ ദൗത്യത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കാനുമാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് എംജിഎം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ വ്യക്തമാക്കി. ലോകത്തിന് തന്നെ മാതൃകയാകുന്ന ഇത്തരം സംരംഭങ്ങളിൽ പൂർണ്ണ പങ്കാളിത്തം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാമ്പെയിനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 7902997111 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.