
മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളിലൊന്നായ ‘സ്ഫടിക’ത്തിലെ തുളസിയെക്കുറിച്ചും ചിത്രത്തിലെ ഹിറ്റ് ഗാനരംഗത്തെക്കുറിച്ചും രസകരമായ ഓർമ്മകൾ പങ്കുവെച്ച് നടി ഉർവശി. നടൻ കുഞ്ചാക്കോ ബോബൻ തന്നോട് ചോദിച്ച കൗതുകകരമായ ചോദ്യത്തെക്കുറിച്ചാണ് താരം വെളിപ്പെടുത്തിയത്. തൻ്റെ പുതിയ ചിത്രമായ ‘ആശ’യുടെ പ്രചാരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഉർവശി സ്ഫടികത്തിലെ തൻ്റെ പ്രകടനത്തെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചത്.
മലയാള സിനിമയിൽ നിന്ന് ഒരു ഇടവേളയെടുക്കുന്നതിന് മുൻപ് കുഞ്ചാക്കോ ബോബന്റെ നായികയായി അഭിനയിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നതായി ഉർവശി വ്യക്തമാക്കി. ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന സിനിമയിൽ ഒന്നിക്കാൻ തയ്യാറെടുക്കുന്ന സമയത്താണ് ചാക്കോച്ചൻ ഈ ചോദ്യം ചോദിച്ചത്. ‘സ്ഫടികത്തിലെ ആ മുന്തിരിക്കള്ള് ബാക്കിയിരിപ്പുണ്ടോ, എനിക്ക് തരുമോ’ എന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ കൗതുകത്തോടെയുള്ള ചോദ്യം.
ചാക്കോച്ചന്റെ ഈ ചോദ്യത്തിന് ശേഷമാണ് മലയാളത്തിൽ തനിക്ക് മുൻപോ ശേഷമോ മറ്റൊരു നായികയും അത്തരമൊരു സീക്വൻസ് ചെയ്തിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചതെന്നും, അങ്ങനെയൊരു കഥാപാത്രവും രംഗവും ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് തിരിച്ചറിഞ്ഞതെന്നും ഉർവശി കൂട്ടിച്ചേർത്തു. തമിഴിൽ ഒന്നുരണ്ട് നായികമാർ സമാനമായ പ്രകടനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ‘ഗുരു’ എന്ന സിനിമയിൽ നടി ശ്രീദേവി ചെയ്ത രംഗങ്ങളാണ് ഏറ്റവും ആകർഷകമായി തോന്നിയിട്ടുള്ളതെന്നും താരം പറഞ്ഞു.