“തോക്കിൻമുനയിലാണ് ചിത്രങ്ങളെടുത്തത്, താരം അപകടത്തിൽ”: മഞ്ജുവിന്റെ മാനേജർ ക്രിമിനലെന്ന് സനൽ കുമാർ

','

' ); } ?>

നടി മഞ്ജു വാര്യർക്കും മാനേജർ ബിനീഷ് ചന്ദ്രനുമെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. മഞ്ജു വാര്യരുടെ പുതിയ ഓണാഘോഷ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിലൂടെ സംവിധായകൻ പുതിയ വിവാദ പരാമർശങ്ങളുമായി രംഗത്തെത്തിയത്. താരം ഇപ്പോഴും അപകടത്തിലാണെന്നും തോക്കിൻ മുനയിലാണ് പുതിയ ചിത്രങ്ങൾ പകർത്തിയിരിക്കുന്നതെന്നുമാണ് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ സനൽ കുമാറിന്റെ അവകാശവാദം.

മഞ്ജു വാര്യരുടെ മാനേജർ ബിനീഷ് ചന്ദ്രൻ ക്രിമിനലാണെന്ന് ആരോപിച്ച സനൽ കുമാർ, നടി മാഫിയയുടെ പിടിയിലാണെന്ന തന്റെ പഴയ വാദങ്ങൾ വീണ്ടും ആവർത്തിച്ചു. വിഷയത്തിൽ പോലീസ് അന്വേഷണം വേണമെന്നാണ് ഇയാളുടെ ആവശ്യം. മഞ്ജുവിന്റെ മൗനം ഇതിനൊരു സൂചനയാണെന്നും എന്നാൽ സമൂഹം തന്റെ മുന്നറിയിപ്പുകളെ ഭ്രാന്തൻ വാദങ്ങളായി തള്ളിക്കളയുകയാണെന്നും പോസ്റ്റിൽ പറയുന്നു.

‘കയറ്റം’ എന്ന സിനിമയുടെ ചിത്രീകരണ വേളയിലാണ് മഞ്ജുവും സനൽ കുമാറും തമ്മിൽ പരിചയപ്പെടുന്നത്. തുടർന്ന് നടിയോട് തനിക്ക് പ്രണയമായിരുന്നുവെന്നും അവരുടെ വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ തന്നോട് തുറന്നുപറഞ്ഞിട്ടുണ്ടെന്നും സനൽ മുൻപും അവകാശപ്പെട്ടിരുന്നു. എന്നാൽ സനലിന്റെ ഇത്തരം പ്രചാരണങ്ങൾക്കെതിരെ മഞ്ജു വാര്യർ മുൻപ് പോലീസിൽ പരാതി നൽകിയിരുന്നു.

അമ്മയ്ക്കും സഹോദരന്റെ കുടുംബത്തിനുമൊപ്പം വളരെ സന്തോഷത്തോടെയാണ് മഞ്ജു വാര്യർ ഇത്തവണയും ഓണം ആഘോഷിച്ചത്. ലളിതമായ മഞ്ഞ സാരിയിൽ അതീവ സുന്ദരിയായ എത്തിയ നടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെയാണ് സനൽ കുമാർ വീണ്ടും ആരോപണങ്ങളുമായി എത്തിയത്. എന്നാൽ, അടിസ്ഥാനരഹിതമായ കാര്യങ്ങൾ പറഞ്ഞ് സ്വന്തം പ്രതിച്ഛായ നശിപ്പിക്കരുതെന്നും നടിക്ക് സ്വന്തമായി കാര്യങ്ങൾ തീരുമാനിക്കാൻ കഴിവുണ്ടെന്നും ഓർമ്മിപ്പിച്ച് നിരവധി പേരാണ് സനൽ കുമാറിന്റെ പോസ്റ്റിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്. സൈബർ ഇടങ്ങളിൽ പ്രതിഷേധം ശക്തമായതോടെ സംവിധായകൻ പിന്നീട് ഈ ഫെയ്സ്ബുക്ക് പോസ്റ്റ് റീ-എഡിറ്റ് ചെയ്യുകയും ചെയ്തു.