“മാതാപിതാക്കൾക്കായി സമയം കണ്ടെത്താൻ വൈകരുത്, പിന്നീട് നിരാശപ്പെടേണ്ടി വരും”; ധ്യാൻ ശ്രീനിവാസൻ

','

' ); } ?>

നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്റെ വേർപാടിന്റെ തീരാവേദനയിലാണ് ഇത്തവണ അദ്ദേഹത്തിന്റെ കുടുംബം. അച്ഛൻ വിട്ടുപിരിഞ്ഞിട്ട് മാസങ്ങൾ മാത്രം തികയുന്ന സാഹചര്യത്തിൽ കണ്ടനാട്ടന്റെ വീട്ടിൽ ഇത്തവണ ഓണാഘോഷങ്ങളൊന്നുമില്ലെന്ന് മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ വ്യക്തമാക്കി. ഇത്രയും കാലം തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഒരാൾ പെട്ടെന്ന് ഓർമയായെന്ന യാഥാർഥ്യം ഉൾക്കൊള്ളാൻ ഇപ്പോഴും മനസ്സ് പ്രാപ്തമായിട്ടില്ലെന്ന് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ തുറന്നുപറഞ്ഞു.

ഒരു ആയുസ്സുകൊണ്ട് മലയാള സിനിമയ്ക്ക് നൽകേണ്ട സംഭാവനകളെല്ലാം പൂർത്തിയാക്കിയാണ് അച്ഛൻ മടങ്ങിയതെന്ന് ധ്യാൻ ഓർമിച്ചു. ജീവിച്ചിരുന്നപ്പോഴും മരണശേഷവും മലയാളിമനസ്സുകളിൽ വലിയൊരു സ്ഥാനമാണ് അദ്ദേഹത്തിനുള്ളത്. സിനിമയ്ക്ക് ഒന്നും ബാക്കിവെക്കാതെയാണ് മടക്കമെങ്കിലും വ്യക്തിപരമായി തങ്ങൾക്ക് സംഭവിച്ചത് വലിയൊരു നഷ്ടമാണെന്നും ധ്യാൻ കൂട്ടിച്ചേർത്തു. ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് ശേഷം അച്ഛൻ കുറച്ചുകാലം കൂടി ഒപ്പമുണ്ടാകുമെന്നാണ് കരുതിയതെങ്കിലും രോഗബാധിതനായതോടെ അദ്ദേഹത്തിന്റെ ശാരീരിക നില വല്ലാതെ ക്ഷയിച്ചു. അത് കാണുന്നതിലെ മാനസിക ബുദ്ധിമുട്ട് കാരണമാണ് അവസാനകാലത്ത് ആശുപത്രിയിൽ പോയി അച്ഛനെ കാണാൻ മടിച്ചതെന്നും താരം വെളിപ്പെടുത്തി.

ജീവിതം ഒരുനിലയ്ക്ക് സുരക്ഷിതമായെന്നും ഇനി മാതാപിതാക്കൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാ മെന്നും കരുതിയ ഘട്ടത്തിലാണ് അച്ഛന്റെ അപ്രതീക്ഷിത വേർപാട് ഉണ്ടാകുന്നത്. അച്ഛന്റെ അവസാന കാലത്ത് അദ്ദേഹത്തോടൊപ്പം വേണ്ടത്ര സമയം ചെലവഴിക്കാൻ കഴിയാത്തതിൽ വലിയ നഷ്ടബോധമുണ്ട്. കൊച്ചുമക്കളോടൊത്ത് സമയം ചെലവഴിക്കാൻ അദ്ദേഹത്തിന് അധികം അവസരം ലഭിച്ചില്ല. തന്റെ മകൾക്ക് അച്ഛാച്ചന്റെ വലിയ വ്യക്തിത്വത്തെക്കുറിച്ചും മലയാള സിനിമയിൽ അദ്ദേഹത്തിനുള്ള സ്ഥാനത്തെക്കുറിച്ചും എപ്പോഴും പറഞ്ഞു കൊടുക്കാറുണ്ട്. താൻ പലപ്പോഴും അച്ഛന്റെ പേര് നശിപ്പിച്ചിട്ടുണ്ടെന്നും ഇനി മകളെങ്കിലും അത് കാത്തുസൂക്ഷിക്കണമെന്നും തമാശരൂപേണ ഓർമപ്പെടുത്താറുണ്ടെന്നും ധ്യാൻ പറയുന്നു.

മാതാപിതാക്കൾക്കൊപ്പം ചിലവഴിക്കാൻ പിന്നീട് മാറ്റിവെക്കാൻ പ്രത്യേകമായി ഒരു സമയം വരാനില്ലെന്ന വലിയ സന്ദേശവും ധ്യാൻ പങ്കുവെക്കുന്നുണ്ട്. തിരക്കുകൾക്കിടയിലും മാതാപിതാക്കൾക്ക് വേണ്ടി സമയം കണ്ടെത്താൻ വൈകിയാൽ പിന്നീട് വലിയ വിഷമമാകും ഫലമെന്നും, അവരുടെ ആരോഗ്യപ്രശ്നങ്ങളും അവശതകളും വരുന്നതിന് മുൻപ് തന്നെ അവരോടൊപ്പം സമയം ചെലവഴിക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും ധ്യാൻ ഓർമിപ്പിക്കുന്നു.