“കോളേജിൽ പോയപ്പോൾ കൂടെക്കൊണ്ടുപോയത് ആ ഒരു ഡിവിഡി മാത്രം”; വാപ്പച്ചിയുടെ പ്രിയ കഥാപാത്രത്തെക്കുറിച്ച് ദുൽഖർ

','

' ); } ?>

മമ്മൂട്ടിയുടെ അവിസ്മരണീയ കഥാപാത്രങ്ങളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതേതെന്ന് തുറന്നുപറഞ്ഞ് മകനും നടനുമായ ദുൽഖർ സൽമാൻ. മണിരത്നത്തിന്റെ തമിഴ് ക്ലാസിക് ചിത്രം ‘ദളപതി’യാണ് തന്റെ എക്കാലത്തെയും ഫേവറിറ്റ് സിനിമയെന്നാണ് താരം വ്യക്തമാക്കിയത്. തന്റെ പുതിയ ചിത്രമായ ‘ഐ ആം ഗെയിമി’ന്റെ തെലുങ്ക് പ്രൊമോഷൻ ചടങ്ങിൽ അവതാരകയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ദുൽഖർ.

“പഠനത്തിനായി നാലുവർഷത്തേക്ക് കോളേജിലേക്ക് പോയപ്പോൾ കൂടെ കൊണ്ടുപോയത് ‘ദളപതി’യുടെ ഡിവിഡി മാത്രമാണ്,” എന്ന് ദുൽഖർ ഓർത്തെടുത്തു. സൂപ്പർസ്റ്റാർ രജനികാന്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ദേവരാജ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്. തെന്നിന്ത്യൻ സിനിമാലോകം ഒരുപോലെ ആഘോഷിച്ച കഥാപാത്രങ്ങളിൽ ഒന്നുകൂടിയാണിത്.

അതേസമയം, ദുൽഖറിനെ നായകനാക്കി ‘ആർഡിഎക്സ്’ എന്ന സൂപ്പർഹിറ്റിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ‘ഐ ആം ഗെയിം’ സെപ്റ്റംബർ മൂന്നിന് തിയേറ്ററുകളിലെത്തും. അഡ്വാൻസ് ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിലവിൽ ബുക്ക് മൈ ഷോ ട്രെൻഡിങ്ങിൽ മുൻപന്തിയിലുള്ള ചിത്രം ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസ് ആണ് നിർമിക്കുന്നത്.

തെന്നിന്ത്യയിലുടനീളമുള്ള നൂറിലധികം ലൊക്കേഷനുകളിലായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ആന്റണി വർഗീസ്, തമിഴ് സംവിധായകനും നടനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, സംയുക്ത വിശ്വനാഥൻ, വിനയ് ഫോർട്ട് തുടങ്ങി വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.