
തമിഴ് സിനിമയിൽ ഹാസ്യനടന്റെ കുപ്പായം അഴിച്ചുവെച്ച് ഗൗരവമുള്ള നായകവേഷങ്ങളിലൂടെ നിരൂപകപ്രശംസ നേടി മുന്നേറുന്ന സൂരിയുടെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിൽ വലിയൊരു അതിജീവനത്തിന്റെ കഥയുണ്ട്. സിനിമയിലെ തുടക്കകാലത്ത് താൻ നേരിടേണ്ടി വന്ന ക്രൂരമായ അവഗണനയും അപമാനവും വെളിപ്പെടുത്തി വൈകാരികമായി സംസാരിച്ചിരിക്കുകയാണ് താരം. പുതിയ ചിത്രമായ ‘മണ്ടാടി’യുടെ പ്രമോഷൻ ചടങ്ങിലാണ് കരിയറിന്റെ തുടക്കത്തിൽ ഷൂട്ടിങ് സെറ്റിൽ വെച്ച് സ്വന്തം വസ്ത്രം പോലും നഷ്ടപ്പെട്ട് അപമാനിതനാകേണ്ടി വന്ന അനുഭവം സൂരി ഓർത്തെടുത്തത്.
തമിഴകത്തെ ഒരു മുൻനിര സൂപ്പർതാരവും പ്രമുഖ ഹാസ്യനടനും ഒപ്പമുള്ള രംഗത്തിലാണ് തുടക്കക്കാരനായ സൂരിക്ക് അന്ന് അവസരം ലഭിച്ചത്. കരിയറിലെ വൻ വഴിത്തിരിവാകുമെന്ന് കരുതിയ ആ രംഗത്തിന്റെ ചിത്രീകരണത്തിന് ശേഷം കാര്യങ്ങൾ അപ്രതീക്ഷിതമായി മാറിമറിഞ്ഞു. മോണിറ്ററിൽ ഷോട്ട് കണ്ട നായകനും സംവിധായകനും തമ്മിൽ സംസാരിച്ചതിന് പിന്നാലെ സൂരിയെ ആ രംഗത്തിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. താൻ ധരിച്ചിരുന്ന സ്വന്തം ഷർട്ട് അഴിച്ചു നൽകാൻ അവർ ആവശ്യപ്പെടുകയും, അത് കോസ്റ്റ്യൂം വണ്ടിയിലേക്ക് വലിച്ചെറിയുകയും ചെയ്തു. അരയിലൊരു ടവൽ മാത്രം ചുറ്റി വസ്ത്രങ്ങൾക്കായി സെറ്റിൽ അലയേണ്ടി വന്നപ്പോൾ, അപ്പോഴേക്കും മറ്റൊരാളെ വെച്ച് അവർ ആ രംഗം പൂർത്തിയാക്കിയിരുന്നു എന്ന് സൂരി പറയുന്നു.
എന്നാൽ, അന്നത്തെ ആ കഠിനമായ അനുഭവത്തെ തന്റെ വളർച്ചയ്ക്കുള്ള ഇന്ധനമാക്കുകയാണ് സൂരി ചെയ്തത്. ആരുടെയെങ്കിലും സഹായമോ ബന്ധങ്ങളോ ആശ്രയിച്ചല്ല, സ്വന്തം പ്രതിഭയുടെ ബലത്തിൽ മാത്രം ഇൻഡസ്ട്രിയിൽ ഇടംപിടിക്കണമെന്ന ഉറച്ച തീരുമാനം ആ തിരിച്ചടിയിൽ നിന്നാണ് ഉണ്ടായത്. തുടക്കത്തിലേറ്റ ആ അപമാനം തന്നെയാണ് പിന്നീട് വലിയൊരു പ്രചോദനമായി മാറി തന്നെ മുന്നോട്ട് നയിച്ചതെന്നും താരം വ്യക്തമാക്കി.
വെട്രിമാരൻ ചിത്രമായ ‘വിടുതലൈ’യിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച സൂരി, പിന്നീട് ‘ഗരുഡൻ’, ‘കൊട്ടുകാളി’ എന്നീ സിനിമകളിലെ മികച്ച പ്രകടനങ്ങളിലൂടെ തമിഴകത്തെ മുൻനിര നടന്മാരുടെ നിരയിലേക്ക് ഉയരുകയായിരുന്നു. ഒരിക്കൽ സ്വന്തം ഷർട്ട് പോലും അഴിച്ചുവാങ്ങി സെറ്റിൽ നിന്ന് പുറത്താക്കപ്പെട്ട ഒരു കലാകാരൻ, ഇന്ന് ‘മണ്ടാടി’ പോലൊരു ബിഗ് ബജറ്റ് ആക്ഷൻ ചിത്രത്തിന്റെ നായകനായി നിൽക്കുന്നതിനെ വലിയ ആദരവോടെയാണ് സിനിമാലോകവും പ്രേക്ഷകരും നോക്കിക്കാണുന്നത്.