
മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന പുതിയ ബോളിവുഡ് ചിത്രം ‘ദായ്റ’യുടെ പ്രൊമോഷൻ ചടങ്ങിനിടെ തന്റെ അഭിനയജീവിതത്തെക്കുറിച്ച് മനസ്സുതുറന്ന് നടൻ പൃഥ്വിരാജ് സുകുമാരൻ. തനിക്കൊപ്പം സ്ക്രീൻ പങ്കുവെച്ച പ്രഗത്ഭരായ അഭിനേതാക്കളിൽനിന്ന് ഒട്ടേറെ കാര്യങ്ങൾ പഠിക്കാൻ സാധിച്ചിട്ടുണ്ടെന്നും, അത്തരം അനുഭവങ്ങളാണ് ഒരു കലാകാരനെന്ന നിലയിൽ ഇന്നത്തെ എന്നെ രൂപപ്പെടുത്തിയതെന്നും പൃഥ്വിരാജ് പറഞ്ഞു.
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പ്രതിഭകളായ മമ്മൂട്ടി, മോഹൻലാൽ, തിലകൻ, നെടുമുടി വേണു, ജഗതി ശ്രീകുമാർ തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണ് കാണുന്നത്. വിദേശ പ്രേക്ഷകർക്കോ മറ്റ് ഭാഷക്കാർക്കോ ഒരുപക്ഷേ ഇവരെയെല്ലാം അറിയാൻ സാധ്യതയില്ല. എന്നാൽ അഭിനയരംഗത്തെ അത്തരം കുലപതികൾക്കൊപ്പം ക്യാമറയ്ക്ക് മുന്നിലെത്താൻ കഴിഞ്ഞതാണ് തന്നിലെ അഭിനേതാവിനെ വാർത്തെടുത്തതെന്നും താരം വ്യക്തമാക്കി.
ഇന്ത്യൻ സിനിമയിലെ മുൻനിര നടിമാർക്കൊപ്പം അഭിനയിക്കാനായതിന്റെ സന്തോഷവും പൃഥ്വിരാജ് പങ്കുവെച്ചു. മണിരത്നം ചിത്രത്തിൽ ഐശ്വര്യ റായിക്കൊപ്പം അഭിനയിച്ച ഓർമകളും, റാണി മുഖർജി, കജോൾ, കരീന കപൂർ എന്നിവരോടൊപ്പമുള്ള അനുഭവങ്ങളും അദ്ദേഹം ഓർത്തെടുത്തു. മകളുടെ സ്കൂളിൽവെച്ച് ഇപ്പോഴും ഐശ്വര്യയെ കാണാറുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
കൂടെ അഭിനയിക്കുന്നവരിൽനിന്ന് അറിഞ്ഞോ അറിയാതെയോ നിരവധി പാഠങ്ങൾ പഠിക്കാൻ കഴിയുമെന്നാണ് തന്റെ അനുഭവം. ‘ദായ്റ’യിൽ ഒപ്പം അഭിനയിച്ച കരീന കപൂറിൽനിന്നും ചില കാര്യങ്ങൾ സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കൃത്യമായി എടുത്തുപറയാൻ സാധിച്ചില്ലെങ്കിലും, ഭാവിയിൽ പുതിയൊരു തിരക്കഥ വായിക്കുമ്പോൾ അന്ന് കരീന ചെയ്ത രീതിയാവും മനസ്സിലേക്ക് വരികയെന്നും പൃഥ്വിരാജ് അഭിപ്രായപ്പെട്ടു. കരീന കപൂറാണ് ദായ്റയിലെ നായിക.