“ചായ കുടിക്കാൻ വായ്പ എടുക്കണോ?!”; തിയേറ്ററിലെ അമിത വിലയ്ക്കെതിരെ മേയർ

','

' ); } ?>

മൾട്ടിപ്ലെക്‌സുകളിലും സിനിമാ തിയേറ്ററുകളിലും ലഘുഭക്ഷണങ്ങൾക്കും പാനീയങ്ങൾക്കും ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്. തിയേറ്ററുകളിലെ ഭക്ഷണവസ്തുക്കളുടെ വില നിശ്ചയിക്കുന്നതിൽ അടിയന്തരമായി നിയന്ത്രണം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തിയേറ്ററുകളിൽ നിന്ന് ഒരു ചായ വാങ്ങിക്കണമെങ്കിൽ പോലും വായ്പയെടുക്കേണ്ട ഗതികേടാണെന്ന് മേയർ പരിഹസിച്ചു.

പുറത്ത് 25 മുതൽ 30 രൂപ വരെ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകൾക്കുള്ളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. തിയേറ്ററിനകത്തേക്ക് കയറിയാൽ ഏതെങ്കിലും അത്ഭുത ലോകത്ത് എത്തിയതുപോലെയുള്ള അവസ്ഥയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചുകുട്ടികളുമായി സിനിമ കാണാനെത്തുന്ന മാതാപിതാക്കൾക്ക് ലഘുഭക്ഷണം വാങ്ങാൻ മാത്രം കുറഞ്ഞത് ആയിരം രൂപയെങ്കിലും കരുതാതെ പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇത്തരം കൊള്ളവില ഈടാക്കുന്നത് ആരോഗ്യകരമായ പ്രവണതയല്ല. ഭക്ഷണസാധനങ്ങളുടെ തുക നിശ്ചയിക്കുന്നത് കോർപ്പറേഷന്റെ നേരിട്ടുള്ള പരിധിയിൽ വരുന്ന വിഷയമല്ലെങ്കിലും, ഇതിൽ അടിയന്തര നിയന്ത്രണം കൊണ്ടുവരുന്നതിനായി വിഷയം ബന്ധപ്പെട്ട ഉയർന്ന അധികാരികളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുമെന്നും വി.വി. രാജേഷ് വ്യക്തമാക്കി.