
കടുത്ത പനിയും അലർജിയും കാരണം നടി മമിത ബൈജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസുഖബാധയെ തുടർന്ന് ഈ ആഴ്ച നിശ്ചയിച്ചിരുന്ന താരത്തിന്റെ ഓസ്ട്രേലിയൻ സന്ദർശനം റദ്ദാക്കി. ‘ക്ലൈഡ് മലയാളി’ സംഘടന സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനിരിക്കെയാണ് മമിതയ്ക്ക് അടിയന്തരമായി ചികിത്സ തേടേണ്ടി വന്നത്.
ഡോക്ടർമാർ പൂർണ്ണ വിശ്രമം നിർദ്ദേശിച്ചതിനാലാണ് പരിപാടിയിൽ നിന്ന് പിന്മാറേണ്ടി വന്നതെന്ന് മമിത അറിയിച്ചു. കടുത്ത ശരീരവേദനയ്ക്ക് പുറമെ അലർജിയും ആസ്ത്മയും അലട്ടുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ യാത്ര അസാധ്യമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കുകയായിരുന്നു. വിചാരിച്ച സമയത്ത് എത്താൻ സാധിക്കാത്തതിൽ വലിയ സങ്കടമുണ്ടെന്നും സംഘാടകരോടും പ്രേക്ഷകരോടും ക്ഷമ ചോദിക്കുന്നുവെന്നും താരം വ്യക്തമാക്കി. മറ്റൊരു അവസരത്തിൽ ഈ കൂട്ടായ്മയുടെ ഭാഗമാകാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും മമിത കൂട്ടിച്ചേർത്തു.
അതേസമയം, മമിത ബൈജു നായികയായെത്തിയ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ തിയറ്ററുകളിൽ വൻ വിജയമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ ‘ആഷ്ലി’ എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്. താരത്തിന്റെ പ്രകടനത്തിന് മികച്ച തിയറ്റർ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
മമിതയുടെ വാക്കുകൾ;
‘‘നിർഭാഗ്യവശാൽ, നമ്മൾ പറഞ്ഞുറപ്പിച്ച ദിവസം എനിക്കവിടെ എത്തിച്ചേരാനായി സാധിക്കില്ല. ഞാനിപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. എന്തെങ്കിലും വഴിയുണ്ടായിരുന്നെങ്കിൽ ഞാൻ വന്നേനെ, പക്ഷേ ഡോക്ടർമാര് പൂർണമായും വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
കൂടാതെ ശരീര വേദനയും അലർജിയും ആസ്മാറ്റിക്കും ആയതിനാൽ ഒരുകാരണവശാലും യാത്ര സാധ്യമല്ലെന്നാണ് അവർ പറയുന്നത്. എനിക്ക് വേറൊരു നിവൃത്തിയില്ലാതായിപ്പോയി, അല്ലായിരുന്നെങ്കിൽ എന്തായാലും വന്നേനെ. എനിക്കിത് വലിയ നഷ്ടം തന്നെയാണ്.
ഈ കുടുംബത്തിലേക്ക് വരാൻ ആഗ്രഹമുണ്ട്. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. ഇങ്ങനെയൊരു അവസ്ഥ ആയതിനാലാണ്. മറ്റൊരു അവസരത്തിൽ ഇത് നടക്കട്ടയെന്ന് പ്രതീക്ഷിക്കുന്നു.’’